‘ആ സീനെല്ലാം ആരെങ്കിലും കുത്തിപ്പൊക്കിയാൽ തീർന്നു’; തന്റെ അധികമാർക്കുമറിയാത്ത കഥാപാത്രത്തെക്കുറിച്ച് സംഗീത് പ്രതാപ്

സംഗീത് പ്രതാപ്
എഡിറ്ററായി മലയാള സിനിമയിലെത്തി ഇപ്പോൾ നായകവേഷത്തിൽ എത്തിനിൽക്കുകയാണ് സംഗീത് പ്രതാപ്. താരം പ്രധാന കഥാപാത്രങ്ങളിലൊന്ന് അഭിനയിച്ച നിവിൻ പോളി-മമിത ബൈജു ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ തിയേറ്ററുകളിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. ഇപ്പോഴിതാ തന്റെ അധികമാരും ശ്രദ്ധിക്കാത്ത ഒരു കഥാപാത്രത്തെക്കുറിച്ച് സംഗീത് ഒരഭിമുഖത്തിൽ വെളിപ്പെടുത്തിയത് ശ്രദ്ധനേടുകയാണ്.
‘ഹെലൻ എന്ന പടത്തിൽ ഞാൻ അഭിനയിച്ചത് അധികമാർക്കുമറിയില്ല. അതാരെങ്കിലും കണ്ടാൽ പ്രശ്നമാണ്. ട്രോളൊക്കെ കിട്ടാൻ സാദ്ധ്യതയുണ്ട്. ആ സീനെല്ലാം ആരെങ്കിലും കുത്തിപ്പൊക്കിയാൽ തീർന്നു. ചിത്രത്തിലെ നായികയായ അന്ന ബെന്നിനെ കമന്റടിച്ചതിന് പിറ്റേദിവസം നോബിൾ ചേട്ടൻ അടി തരുന്നതാണ് സീൻ. സ്‌കൂളിൽ പോകുന്ന പയ്യനായ മോഡേൺ പൂവാലന്റെ റോൾ ആയിരുന്നു.
എന്നെ വളരെ അടുത്തറിയുന്നവർക്ക് മാത്രമേ ആ റോൾ ചെയ്തത് ഞാനാണെന്ന് മനസിലായിട്ടുള്ളൂ. അടി കിട്ടുന്ന ഷോട്ടിന് രണ്ടഭിപ്രായങ്ങൾ വന്നു. ജഗതി ചേട്ടന്റെ മാനറിസം പോലെ തോന്നിയെന്നതാണ് അതിലൊന്ന്. ഷോട്ടിൽ ഞാൻ ചിരിച്ചുവെന്ന് മറ്റുചിലർ അഭിപ്രായപ്പെട്ടു’- എന്നായിരുന്നു സംഗീത് പ്രതാപ് പറഞ്ഞത്.
സംഗീത് നായകനായെത്തുന്ന ‘ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ’ എന്ന ചിത്രമാണ് ഇനി പ്രദർശനത്തിനെത്താനുള്ളത്. സംഗീത് പ്രതാപ്, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. അഖില ഭാർഗവനാണ് ചിത്രത്തിലെ നായിക.
English Summary
Malayalam actor Sangeeth Prathap revealed that he had a small, little-known role in the film Helen. He played a schoolboy who gets beaten for teasing Anna Ben’s character. He said only people close to him recognized him in the scene. Sangeeth’s upcoming film It’s a Medical Miracle features Sharafudheen and Akhila Bhargavan.
RELATED TOPICS: SANGEETH PRATHAP, സംഗീത് പ്രതാപ് ഹെലൻ, HELEN MOVIE SANGEETH PRATHAP, SANGEETH PRATHAP INTERVIEW, സംഗീത് പ്രതാപ് സിനിമ
Business ⏭️


