‘പണ്ടൊരു കോൺഗ്രസ് നേതാവിനിട്ട് ശ്വേത പണികൊടുത്തത് ആരും മറക്കില്ല, അവരെ പ്രസിഡന്റാക്കിയത് പവർ ഗ്രൂപ്പ്’

ശ്വേത മേനോൻ (photo: facebook/ShwethaMenonOfficial)
താരസംഘടനയായ അമ്മയിൽ ദിനംപ്രതി പ്രതിസന്ധികൾ ഉടലെടുക്കുകയാണ്. ചെറിയ രീതിയിൽ തുടങ്ങിയ ആഭ്യന്തര കലഹം ഇപ്പോൾ പൊലീസ് കേസും കോടതിയും വരെ എത്തിയിരിക്കുകയാണ്. വിഷയത്തിൽ രാഷ്‌ട്രീയം കൂടി കലർന്നതോടെ താരസംഘടന വലിയ നാണക്കേടായി. രാഷ്‌ട്രീയ രംഗത്തെയും സിനിമാ പ്രമുഖർ പോലും അമ്മ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. ചിലർ സംഘടനയിൽ നിന്ന് രാജിവയ്‌ക്കുകയും ചെയ്‌തു. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്‌റഫ്. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
‘അമ്മയിലെ കലഹം കാണുമ്പോൾ അതിന്റെ ഭാരവാഹികളാണോ അതോ എല്ലാം കണ്ടുനിൽക്കുന്ന നമ്മളാണോ വിഡ്ഢികളെന്ന് തോന്നിപ്പോകും. അമ്മ പ്രസിഡന്റ് സ്ഥാനവും പ്രാഥമിക അംഗത്വവും രാജിവച്ചുവെന്ന് ശ്വേതാ മേനോൻ പരസ്യമായി പറഞ്ഞു. അവരുടെ ഭരണസമിതിയിലെ 17 അംഗങ്ങളും രാജിവച്ചതായും ശ്വേത പറഞ്ഞിരുന്നു. യാതൊരു ഉത്തരവാദിത്തവുമില്ലാതെ സംഘടനയെ പാതിവഴിയിൽ ശ്വേത ഉപേക്ഷിച്ചുപോയി. തുടർന്ന് മറ്റ് അംഗങ്ങൾ ചേർന്ന് ആലോചിച്ചാണ് അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചത്. ഇതിന് ബലിയാടാകേണ്ടി വന്നത് രമേഷ് പിഷാരടിക്കാണ്.
ഇതോടെ ഔദ്യോഗികമായി രാജിവച്ചില്ലെന്ന് കാട്ടി ശ്വേത വീണ്ടുമെത്തി. പലപ്പോഴും പറഞ്ഞത് മാറ്റിപ്പറയുന്ന ശ്വേത, കോടതി വിധിയുമായാണ് ഇത്തവണ എത്തിയത്. അമ്മയിലെ പ്രധാനപ്രശ്‌നം പവർ ഗ്രൂപ്പാണെന്നാണ് ശ്വേത പറയുന്നത്. പവർ ഗ്രൂപ്പിനെ പൊതുമദ്ധ്യത്തിൽ തുറന്നുകാട്ടിയെന്നും അവർ അവകാശപ്പെടുന്നുണ്ട്. എന്നാൽ, ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ പവർ ഗ്രൂപ്പുണ്ടെന്ന് പറഞ്ഞപ്പോൾ അതിനെ എതിർത്തവരാണ് ശ്വേതയും കൂട്ടരും. ഇന്നിപ്പോൾ അമ്മയിലുള്ളത് ചവർ ഗ്രൂപ്പാണെന്നതാണ് സത്യം. ശ്വേത പ്രസിഡന്റായത് ഈ പവർ ഗ്രൂപ്പിന്റെ സഹായത്തോടെയാണെന്ന് മറക്കേണ്ട.
സ്ഥാനാർത്ഥികളെ നൽകാമെന്ന് പറഞ്ഞ് ശ്വേത ബിജെപിയിൽ നിന്ന് രണ്ട് കോടി രൂപ വാങ്ങിയകാര്യം ബാബുരാജ് ചോദിച്ചപ്പോൾ ഉത്തരം പോലും നൽകാതെ ശ്വേത ഇറങ്ങിപ്പോയി. പണ്ട് ഒരു കോൺഗ്രസ് നേതാവിനിട്ട് ശ്വേത പണികൊടുത്തത് ആരും മറക്കില്ല. ഇപ്പോൾ ഒതുക്കാൻ ശ്രമിക്കുന്നത് എംഎൽഎകൂടിയായ രമേഷ് പിഷാരടിയെയാണ്. അമ്മയിൽ നടക്കുന്ന കാര്യങ്ങൾ പുറത്തുപറയുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് പറഞ്ഞ ശ്വേതയാണ് പിഷാരടിക്കെതിരെ ശബ്‌ദസന്ദേശം പുറത്തുവിട്ടത്’ – ആലപ്പി അഷ്‌റഫ് പറഞ്ഞു.
RELATED TOPICS: ALLEPPEY ASHRAF, SWETHA MENON, RAMESH PISHARODY, AMMA, AMMA ISSUES
Source link


