SPORTS
മൂന്നിലൊന്ന്; ഇന്ത്യ– ഇംഗ്ലണ്ട് മൂന്നാം ട്വന്റി20 ഇന്ന്; വൈഭവ് തുടരുമോ?

നോട്ടിങ്ങാം∙ അയർലൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ സമ്പൂർണ തോൽവി ഏൽപിച്ച ആഘാതം മറക്കാനാണ് ടീം ഇന്ത്യ ഇംഗ്ലണ്ടിൽ എത്തിയത്. എന്നാൽ മഴയെടുത്ത ആദ്യ മത്സരത്തിനു പിന്നാലെ 4 വിക്കറ്റിന്റെ തോൽവിയാണ് രണ്ടാം മത്സരത്തിൽ ശ്രേയസ് അയ്യർക്കും സംഘത്തിനും നേരിടേണ്ടിവന്നത്. ഇതോടെ, മൂന്നാം മത്സരത്തിനായി ഇന്നിറങ്ങുമ്പോൾ മറ്റൊരു പരമ്പര നഷ്ടത്തിന്റെ ഭീതി ഇന്ത്യൻ ക്യാംപിലുണ്ട്. മറുവശത്ത് 5 മത്സര പരമ്പരയിൽ 1–0ന് മുന്നിലുള്ള ഇംഗ്ലണ്ടിന് ഇന്നു ജയിച്ചാൽ, പരമ്പര കൈവിട്ടുപോകില്ലെന്ന് ഉറപ്പാക്കാം. നോട്ടിങ്ങാമിലെ ട്രെന്റ് ബ്രിജ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 10 മുതലാണ് മത്സരം. സോണി ടെൻ ചാനലുകളിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം.കഴിഞ്ഞ മത്സരത്തിലൂടെ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശി ഇന്നും ഓപ്പണറായി എത്തും. രണ്ടാം ട്വന്റി20യിൽ 10 പന്തിൽ 2 സിക്സ് സഹിതം 14 റൺസ് നേടിയ വൈഭവിന് മികച്ച തുടക്കം ലഭിച്ചെങ്കിലും മുന്നോട്ടുപോകാൻ സാധിച്ചിരുന്നില്ല. സഹഓപ്പണറായി അഭിഷേക് ശർമ തുടരും. ഇതോടെ സഞ്ജു സാംസണിന് ഇന്നും ബെഞ്ചിലാകും സ്ഥാനം. ഇനി സഞ്ജുവിനെ കളിപ്പിക്കാൻ തീരുമാനിച്ചാൽ തിലക് വർമയ്ക്ക് പുറത്തേക്കുള്ള വഴിതുറക്കും.ബിഷ്ണോയ് മാറുംരണ്ടാം ട്വന്റി20യിൽ 4 ഓവറിൽ 60 റൺസ് വഴങ്ങി, മത്സരത്തിന്റെ ‘ഗതി തിരിച്ച’ സ്പിന്നർ രവി ബിഷ്ണോയിയെ മൂന്നാം ട്വന്റി20യിൽനിന്ന് ഒഴിവാക്കാനാണ് സാധ്യത. അക്ഷർ പട്ടേലും വരുൺ ചക്രവർത്തിയും ടീമിലുള്ള സാഹചര്യത്തിൽ ബിഷ്ണോയിയെ വഴിവാക്കി ഒരു പേസറെ കൂടി ടീമിൽ ഉൾപ്പെടുത്താനാകും ടീം മാനേജ്മെന്റിന്റെ തീരുമാനം. അതോടെ പ്രിൻസ് യാദവ് ടീമിലെത്തിയേക്കും. ഇനി പകരം ഓൾറൗണ്ടർ മതിയെന്നു തീരുമാനിച്ചാൽ സൂര്യാംശ് ശെഡ്ഗെയ്ക്ക് അവസരം ലഭിക്കും.
Source link


