NEWS

ചേരാനല്ലൂർ വാഹനാപകടം: അഡിഷണൽ ജഡ്ജിക്ക് മുൻകൂർ ജാമ്യം അനുവദിച്ചു

അപകടം വിതച്ച കാർ, മരണപ്പെട്ട ജയബാലകൃഷ്‌ണൻ

കൊച്ചി: ചേരാനല്ലൂരിൽ ബെൻസ് കാർ ഇടിച്ച് തട്ടുകട നടത്തിപ്പുകാരനായ ജയബാലകൃഷ്ണൻ കൊല്ലപ്പെട്ട സംഭവത്തിൽ, വാഹനം ഓടിച്ച പതിനേഴുകാരന്റെ പിതാവായ അഡിഷണൽ ജില്ലാ ജഡ്ജിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. വാഹനത്തിന്റെ ഉടമയെന്ന നിലയിൽ ജഡ്ജിയെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്ന് വിലയിരുത്തിക്കൊണ്ടാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്.

ഈ കേസിൽ രണ്ടാം പ്രതിയാണ് അഡിഷണൽ ജില്ലാ ജഡ്ജി. അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ ഒരിടത്തും വ്യക്തമാക്കിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതിനകം തന്നെ ആറു മണിക്കൂർ നേരത്തോളം ഇദ്ദേഹത്തെ ചോദ്യം ചെയ്യുകയും, വീട് റെയ്ഡ് ചെയ്ത് ആവശ്യമായ രേഖകൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. പിടിച്ചെടുത്ത രേഖകളുടെ പരിശോധന പൂർത്തിയാകേണ്ടതുണ്ട്. ഇത്തരം സാഹചര്യത്തിൽ എന്തിനാണ് അറസ്റ്റ് എന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ആരാഞ്ഞു.

അപകടത്തിൽ ജീവൻ നഷ്ടമായ ജയബാലകൃഷ്ണന്റെ കുടുംബം ജാമ്യാപേക്ഷയെ ശക്തമായി എതിർത്തുകൊണ്ട് രംഗത്തെത്തിയിരുന്നു. ജഡ്ജിക്ക് ജാമ്യം ലഭിച്ചാൽ ഉന്നത സ്ഥാനവും സ്വാധീനവും ഉപയോഗിച്ച് അന്വേഷണത്തെ വഴിതിരിച്ചുവിടുമെന്നും അട്ടിമറിക്കുമെന്നും കുടുംബം വാദിച്ചു. എങ്കിലും, അഡിഷണൽ ജഡ്ജി അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുന്നുണ്ടെന്ന് നിരീക്ഷിച്ച കോടതി മുൻകൂർ ജാമ്യം നൽകുകയായിരുന്നു. കൂടാതെ, തുടർന്നുള്ള അന്വേഷണ ഘട്ടങ്ങളിലും പൂർണ്ണമായ സഹകരണം ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു.

കഴിഞ്ഞ ഒക്ടോബർ 25-നായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ സംഭവം അരങ്ങേറിയത്. പതിനേഴുകാരൻ ഓടിച്ച ബെൻസ് കാർ നിയന്ത്രണം വിട്ട് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഈ അപകടത്തിലാണ് തട്ടുകടയുടമ ജയബാലകൃഷ്ണന് ദാരുണാന്ത്യം സംഭവിച്ചത്.

Sports ⏭️

Read News ⏭️

Back to top button