തൊഴിലുറപ്പ് ജോലിസ്ഥലത്ത് ഭീമൻ പെരുമ്പാമ്പ്; പരിഭ്രാന്തരായി തൊഴിലാളികൾ

വാമനപുരത്ത് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കാടുതെളിക്കുന്നതിനിടയിൽ തൊഴിലാളികളായ സ്ത്രീകൾ അപ്രതീക്ഷിതമായി ഒരു ഭീമൻ പാമ്പിനെ കണ്ടു. പെട്ടെന്നുള്ള കാഴ്ചയിൽത്തന്നെ പരിഭ്രാന്തരായ അവർ ഭയന്നോടി. മനുഷ്യന്റെ ശരീരത്തെക്കാൾ വണ്ണവും നീളവുമുള്ള ഒരു പെരുമ്പാമ്പായിരുന്നു അത്. ഉടൻതന്നെ പരിസരത്തുണ്ടായിരുന്നവർ ചിതറിയോടി, പാമ്പ് സമീപത്തെ കുറ്റിക്കാട്ടിലേക്ക് ഇഴഞ്ഞുനീങ്ങി മറഞ്ഞു. വിവരമറിഞ്ഞെത്തിയ പഞ്ചായത്ത് പ്രസിഡന്റ് ഉടൻതന്നെ പാമ്പ് പിടുത്ത വിദഗ്ധനായ വാവാ സുരേഷിനെ വിവരം അറിയിക്കുകയായിരുന്നു.
നാട്ടുകാരുടെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വാവാ സുരേഷ് തിരച്ചിൽ ആരംഭിച്ചു. കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന പെരുമ്പാമ്പ് സുരേഷിന്റെ വരവോടെ സ്ഥലം മാറി. പാമ്പിന്റെ ഭീകരരൂപം കണ്ട് നോക്കിനിന്നവരെല്ലാം ഞെട്ടിപ്പോയി. തന്നെ പിടികൂടാൻ ശ്രമിച്ച വാവയ്ക്ക് നേരെ പലതവണ പാമ്പ് കൊത്താൻ ആഞ്ഞടുത്തു. ഏകദേശം 25 കിലോ ഭാരമുള്ള ഈ പാമ്പിന് പത്തടിയിലേറെ നീളമുണ്ട്. എന്തോ ഒരു ജീവിയെ വിഴുങ്ങിയതിന്റെ ലക്ഷണങ്ങളും അതിൽ പ്രകടമായിരുന്നു. സാധാരണഗതിയിൽ മനുഷ്യരെ ആക്രമിക്കാത്ത പ്രകൃതക്കാരാണെങ്കിലും പെരുമ്പാമ്പുകളുടെ കൂർത്ത പല്ലുകൾ വലിയ മുറിവുകൾ ഉണ്ടാക്കാൻ കെല്പുള്ളവയാണ്. കാടുവെട്ടുന്നതിനിടയിൽ കണ്ടെത്തിയ ഈ ഭീമൻ പെരുമ്പാമ്പിനെ വാവാ സുരേഷ് സാഹസികമായി പിടികൂടുന്ന ദൃശ്യങ്ങൾ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡിലൂടെ കാണാം.
വാവാ സുരേഷ് പാമ്പിനെ പിടികൂടുന്നത് കണ്ടുനിൽക്കുന്നവർ, പെരുമ്പാമ്പ്




