CINEMA

രാമനായി മാറാൻ മദ്യവും പുകവലിയും വെടിഞ്ഞ് രൺബീർ കപൂർ; പിന്തുടരുന്നത് സാത്വിക ജീവിതശൈലി


രാമനായി വെള്ളിത്തിരയിൽ റൺബീർ കപൂർ

മുംബൈ: നിതേഷ് തിവാരി സംവിധാനം ചെയ്ത ‘രാമായണം’ തിയേറ്ററുകളിൽ വലിയ തരംഗമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഇതിൽ ശ്രീരാമനായി വേഷമിട്ട റൺബീർ കപൂറിന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഈ കഥാപാത്രത്തെ പൂർണതയിലെത്തിക്കാൻ താരം നടത്തിയ കഠിനമായ തയ്യാറെടുപ്പുകളാണ് ഇപ്പോൾ സിനിമാ ലോകത്ത് ചർച്ചയാകുന്നത്. രാമന്റെ ഭാവങ്ങളും ശൈലിയും ഉൾക്കൊള്ളുന്നതിന്റെ ഭാഗമായി മദ്യപാനവും പുകവലിയും പൂർണ്ണമായും ഉപേക്ഷിക്കാൻ താരം തയ്യാറായി. ഇതിനു പുറമെ, വളരെ ചിട്ടയായ സാത്വിക ഭക്ഷണരീതിയിലേക്ക് അദ്ദേഹം മാറിയതായും റിപ്പോർട്ടുകളുണ്ട്.

താാൻ അഭിനയിക്കുന്ന ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ സ്വഭാവത്തിനനുസരിച്ച് ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും മാറ്റങ്ങൾ വരുത്താറുണ്ടെന്ന് റൺബീർ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മിക്ക സമയങ്ങളിലും വീട്ടിൽ പാകം ചെയ്ത ആരോഗ്യകരമായ ഭക്ഷണരീതിയാണ് താൻ പിന്തുടരാറുള്ളതെന്നും താരം വെളിപ്പെടുത്തിയിരുന്നു.

രാമായണത്തിൽ സീതാദേവിയായി എത്തിയത് ദക്ഷിണേന്ത്യൻ പ്രേക്ഷകരുടെ പ്രിയതാരം സായ് പല്ലവിയാണ്. അതീവ ശ്രദ്ധയോടെയും ഭക്തിയോടെയുമാണ് താൻ ഈ വേഷം കൈകാര്യം ചെയ്തതെന്ന് സായ് പല്ലവി നേരത്തെ ഒരഭിമുഖത്തിൽ പങ്കുവെച്ചിരുന്നു. കഥാപാത്രമായി മാറുമ്പോൾ മനസ്സിന്റെയും ചിന്തകളുടെയും പരിശുദ്ധി കാത്തുസൂക്ഷിക്കാൻ താൻ പരമാവധി ശ്രമിച്ചിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു.

ചിത്രത്തിൽ ലങ്കാധിപതി രാവണനായി വേഷമിട്ടത് യാഷ് ആണ്. ഹനുമാന്റെ വേഷത്തിൽ സണ്ണി ഡിയോളും ലക്ഷ്മണനായി രവി ദുബെയും വേഷമിടുന്നു. നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, ഡി.എൻ.ഇ.ജി, യാഷിന്റെ നിർമ്മാണ കമ്പനിയായ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവർ സംയുക്തമായാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സംഗീത സംവിധാനത്തിന്റെ മാന്ത്രികതയൊരുക്കിയത് ഓസ്കാർ ജേതാക്കളായ എ.ആർ. റഹ്മാനും ഹാൻസ് സിമ്മറും ചേർന്നാണ്. ആഗോളതലത്തിൽ സോണി പിക്ചേഴ്സ് ആണ് വിതരണാവകാശം ഏറ്റെടുത്തിരിക്കുന്നത്. രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം 2027-ലെ ദീപാവലി റിലീസായി എത്തുമെന്നാണ് അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരിക്കുന്നത്.

Business ⏭️

Back to top button