മിസ് യൂണിവേഴ്സ് വേദിയിൽ കാസിയ അണിഞ്ഞ സാരിയും അതിന്റെ വിലയും ചർച്ചയാകുന്നു

കാസിയ ലിസ് മേജോ
2026-ലെ മിസ് യൂണിവേഴ്സ് ഇന്ത്യ പട്ടം സ്വന്തമാക്കിയ മലയാളി താരം കാസിയ ലിസ് മേജോ ഇപ്പോൾ ഫാഷൻ ലോകത്തെ ചർച്ചാവിഷയമാണ്. നിയമപഠനത്തിൽ ഏർപ്പെട്ടിരിക്കുന്ന കാസിയ, വരാനിരിക്കുന്ന 75-ാമത് മിസ് യൂണിവേഴ്സ് വേദിയിൽ ഇന്ത്യയുടെ അഭിമാനമായി മത്സരിക്കാൻ ഒരുങ്ങുകയാണ്. ഈ അന്താരാഷ്ട്ര സൗന്ദര്യമത്സരത്തിൽ പങ്കെടുക്കാനായി പ്യൂർട്ടോ റിക്കോയിലേക്ക് യാത്ര തിരിച്ചപ്പോൾ കാസിയ അണിഞ്ഞ മെറൂൺ നിറത്തിലുള്ള സാരിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. പ്രശസ്ത ഇന്ത്യൻ ലക്ഷ്വറി ഡിസൈനറായ സമന്ത് ചൗഹാനാണ് കാസിയയുടെ ഈ മനോഹരമായ വസ്ത്രം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഈ മാസം 24-ന് അരങ്ങേറുന്ന മിസ് യൂണിവേഴ്സ് ഫൈനലിന് മുന്നോടിയായുള്ള വിവിധ പരിപാടികളിൽ ഭാഗമാകാനാണ് കാസിയ കഴിഞ്ഞ ദിവസം പ്യൂർട്ടോ റിക്കോയിലേക്ക് പറന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളും ഇതിനകം തന്നെ മത്സരവേദിയിൽ എത്തിച്ചേർന്നിട്ടുണ്ട്. ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഇന്ത്യൻ പതാകയുമേന്തി നിൽക്കുന്ന തന്റെ ചിത്രം പത്തൊൻപതുകാരിയായ കാസിയ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
റോ സിൽക്കും ഓർഗൻസയും സംയോജിപ്പിച്ചാണ് ഈ ആകർഷകമായ സാരി തുന്നിച്ചേർത്തിരിക്കുന്നത്. തിളക്കമാർന്ന മെറൂൺ നിറത്തിലുള്ള സാരിയിൽ നൽകിയിരിക്കുന്ന സവിശേഷമായ വർക്കുകൾ ഇതിന്റെ ഭംഗി വർദ്ധിപ്പിക്കുന്നു. സാരിയുടെ ബോർഡർ ഡിസൈനും അതിമനോഹരമായ എംബ്രോയിഡറി വർക്കുകൾ നിറഞ്ഞ പല്ലുവും ഇതിനെ കൂടുതൽ ആകർഷകമാക്കുന്നുണ്ട്. വിവാഹവേദികളിലും ആഘോഷങ്ങളിലും ധരിക്കാൻ അനുയോജ്യമായ രീതിയിലാണ് ഈ ഡിസൈൻ ഒരുക്കിയിരിക്കുന്നത്.
സാരിക്കൊപ്പം കല്ലുകൾ പതിപ്പിച്ച നെക്ലേസും അനുയോജ്യമായ കമ്മലുകളും അണിഞ്ഞാണ് കാസിയ എത്തിയത്. മുടി അഴിച്ചിട്ട ലുക്കിൽ, മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടവും ധരിച്ചാണ് കാസിയ പ്രത്യക്ഷപ്പെട്ടത്. സമന്ത് ചൗഹാന്റെ ഔദ്യോഗിക വെബ്സൈറ്റിലെ കണക്കുകൾ പ്രകാരം 1.42 ലക്ഷം രൂപയാണ് ഈ വസ്ത്രത്തിന്റെ വിലയെന്ന് പറയപ്പെടുന്നു.




