ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഈർച്ചവാൾ കൊണ്ട് മൃതദേഹം കഷണങ്ങളാക്കി: കോടതിയിൽ കുറ്റസമ്മതവുമായി ഇന്ത്യൻ വംശജൻ

തന്റെ ഭാര്യയെ കൊലപ്പെടുത്തിയെന്ന് വിശ്വസിക്കപ്പെടുന്ന കേസിൽ, മൃതദേഹം മഴുവും ഈർച്ചവാളും ഉപയോഗിച്ച് വെട്ടിനുറുക്കി ഉപേക്ഷിച്ചതായി ഇന്ത്യൻ വംശജനായ ഭർത്താവ് നരേഷ് ഭട്ട് കോടതിയിൽ കുറ്റസമ്മതം നടത്തി. യുഎസിലെ വിർജീനിയയിൽ നടന്ന വിചാരണയ്ക്കിടെയാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. എന്നാൽ, ഭാര്യ മംമ്ത കഫ്ലെ ഭട്ടിനെ (28) താൻ കൊലപ്പെടുത്തിയതല്ലെന്നും, വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു എന്നുമാണ് നരേഷ് ഭട്ടിന്റെ വാദം.
2024 ജൂലൈ 29-നാണ് മംമ്ത കഫ്ലെയെ അവസാനമായി പുറംലോകം കാണുന്നത്. അന്ന് വിഡിയോ കോളിലൂടെ സംസാരിച്ചതിന് ശേഷം അവരെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. മംമ്ത ജോലി ചെയ്തിരുന്ന ആശുപത്രിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഓഗസ്റ്റ് അഞ്ചിന് അവർ കാണാതായ വിവരം പുറത്തറിയുന്നത്.
മംമ്തയ്ക്ക് കൃത്രിമ ശ്വാസം നൽകി ജീവൻ തിരിച്ചുപിടിക്കാൻ ഏകദേശം ഒരു മണിക്കൂറോളം താൻ ശ്രമിച്ചുവെന്നും എന്നാൽ അപ്പോഴേക്കും അവർ മരണപ്പെട്ടിരുന്നുവെന്നുമാണ് ഇയാൾ അവകാശപ്പെടുന്നത്. തുടർന്ന് പരിഭ്രാന്തനായ താൻ മൃതദേഹം ബാത്ത്റൂമിലേക്ക് മാറ്റുകയായിരുന്നു. എന്തുകൊണ്ട് അടിയന്തര സഹായത്തിനായി 911-ൽ വിളിച്ച് പൊലീസിനെയോ ആംബുലൻസിനെയോ വിവരം അറിയിച്ചില്ല എന്ന കോടതിയുടെ ചോദ്യത്തിന്, താൻ ആകെ ഭയന്നുപോയെന്നും പെട്ടെന്നുണ്ടായ പരിഭ്രാന്തിയിൽ എന്തുചെയ്യണമെന്ന് യാതൊരു ധാരണയുമില്ലാത്ത അവസ്ഥയിലായിരുന്നു താനെന്നുമായിരുന്നു നരേഷിന്റെ മറുപടി.




