NEWS
ഇറ്റലിയിൽ വാഹനാപകടം: മലയാളി യുവാവിന് ദാരുണാന്ത്യം

റോം∙ ഇറ്റലിയിൽ വാഹനാപകടത്തിൽ പെട്ടു ചികിത്സയിലായിരുന്ന മലയാളി യുവാവ് മരണത്തിന് കീഴടങ്ങി. അങ്കമാലി കറുകുറ്റി സ്വദേശിയായ ബേബി മൂലൻ (45) ആണ് അന്തരിച്ചത്. ദീർഘകാലമായി കുടുംബത്തോടൊപ്പം റോമിലായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്.
കഴിഞ്ഞ നവംബർ ഒന്നിന് ഞായറാഴ്ച രാത്രി റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ വാഹനം ബേബിയെ ഇടിക്കുകയായിരുന്നു. തലയ്ക്ക് അതീവ ഗുരുതരമായ പരുക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ച് അടിയന്തര ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ രണ്ട് ദിവസമായി കോമ അവസ്ഥയിലായിരുന്ന ബേബിക്ക് മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. തുടർന്ന് വെന്റിലേറ്ററിൽ നിന്നും മാറ്റുകയായിരുന്നു.




