ആഭ്യന്തര ക്രിക്കറ്റിലും ബാബർ അസമിന് തിരിച്ചടി; നിരാശയിൽ ബാറ്റ് നിലത്തടിച്ച് താരം

ലഹോർ: ഫോം കണ്ടെത്താനായി ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ബാബർ അസമിന് തിരിച്ചടി. ക്വെയ്ദ് ഇ അസം ട്രോഫിയിൽ ലഹോർ വൈറ്റ്സിനായി കളിച്ച ബാബറിന് കാര്യമായ സംഭാവന നൽകാൻ സാധിച്ചില്ല. ഫത്ത ടീമിനെതിരായ മത്സരത്തിന്റെ രണ്ട് ഇന്നിങ്സുകളിലായി 28, 42 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്കോറുകൾ.
രണ്ടാം ഇന്നിങ്സിൽ 77 പന്തുകളിൽ നിന്ന് 42 റൺസ് നേടി മികച്ച രീതിയിൽ ബാറ്റ് ചെയ്യവേ അനാവശ്യ ഷോട്ടിന് ശ്രമിച്ചാണ് താരം പുറത്തായത്. വിക്കറ്റ് നഷ്ടപ്പെട്ടതോടെ നിയന്ത്രണം വിട്ട ബാബർ, അതൃപ്തിയോടെ ബാറ്റ് പിച്ചിൽ അടിച്ചുവിട്ട ശേഷമാണ് മൈതാനം വിട്ടത്. ശ്രീലങ്കയ്ക്കെതിരായ ഫൈനൽ പോരാട്ടത്തിൽ അഞ്ച് പന്തുകൾ നേരിട്ടെങ്കിലും അക്കൗണ്ട് തുറക്കാൻ പോലുമായില്ലെന്നതും താരത്തിന് വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു.
ബാറ്റിങ്ങിലെ സാങ്കേതികമായ പിഴവുകൾ തിരുത്താൻ ബാബർ അസമിന് അടിയന്തരമായി വിദഗ്ധ പരിശീലനം നൽകേണ്ടതുണ്ടെന്ന് പാക്കിസ്ഥാൻ മുൻ ക്യാപ്റ്റൻ മുഹമ്മദ് യൂസഫ് അഭിപ്രായപ്പെട്ടിരുന്നു. ഇതിനായി ഓസ്ട്രേലിയയിലോ ദക്ഷിണാഫ്രിക്കയിലോ പോയി പരിശീലനം നടത്തുന്നതാണ് ഉചിതമെന്നും അദ്ദേഹം നിർദ്ദേശിച്ചു.




