BUSINESS
അതിവേഗം വളർന്ന് വിഴിഞ്ഞം, വല്ലാർപാടത്തെ ബിസിനസിൽ വല്ലാത്ത ഇടിവ്; ആഴം കൂട്ടാൻ വേണം 800 കോടി, കേരളത്തിന്റെ ‘എക്സിം’ കവാടമായി തുടരും

കൊച്ചി ∙ വിഴിഞ്ഞം രാജ്യാന്തര കണ്ടെയ്നർ ടെർമിനൽ പ്രവർത്തന സജ്ജമായി ഒരു വർഷം പിന്നിടുമ്പോൾ ട്രാൻസ്ഷിപ്മെന്റ് ബിസിനസിൽ തിരിച്ചടിയേറ്റ് വല്ലാർപാടം ടെർമിനൽ. കഴിഞ്ഞ സാമ്പത്തിക വർഷം ട്രാൻസ്ഷിപ്മെന്റിലുണ്ടായ ഇടിവ് ഏകദേശം 50%.2025 –26 ൽ ടെർമിനൽ കൈകാര്യം ചെയ്തത് 85,911 ടിഇയു ട്രാൻസ്ഷിപ്മെന്റ് കണ്ടെയ്നറുകളാണ്. അതിനു മുൻവർഷം 1,69,562 ടിഇയു ആയിരുന്നു. ട്രാൻസ്ഷിപ്‌മെന്റ് കുറഞ്ഞതോടെ വല്ലാർപാടം കൈകാര്യം ചെയ്ത മൊത്തം കണ്ടെയ്നറുകളുടെ എണ്ണവും കുറഞ്ഞു. 2024–25 ൽ 8,34,665 ടിഇയു ആയിരുന്നെങ്കിൽ കഴിഞ്ഞ സാമ്പത്തിക വർഷം 767,948 ടിഇയു ആയാണു കുറഞ്ഞത്. ചെറുകിട തുറമുഖങ്ങളിൽ നിന്നു ഫീഡർ കപ്പലുകളിൽ കൊണ്ടുവരുന്ന കണ്ടെയ്നറുകൾ വലിയ മദർ ഷിപ്പുകളിൽ മാറ്റിക്കയറ്റി വിദേശത്തേക്ക് അയയ്ക്കുകയാണു ട്രാൻസ്ഷിപ്മെന്റ് ടെർമനലുകളുടെ ദൗത്യം.പ്രതീക്ഷയായി എക്സിം കണ്ടെയ്നറുകൾട്രാൻസ്ഷിപ്മെന്റിൽ തിരിച്ചടിയേറ്റെങ്കിലും കയറ്റുമതി – ഇറക്കുമതി കണ്ടെയ്നർ (എക്സിം) കൈകാര്യത്തിൽ നേട്ടമുണ്ടാക്കാൻ കഴിഞ്ഞതാണു വല്ലാർപാടത്തിന്റെ വലിയ പ്രതീക്ഷ. കഴിഞ്ഞ സാമ്പത്തിക വർഷം എക്സിം കണ്ടെയ്നർ കൈകാര്യത്തിൽ 6% വർധനയാണു നേടിയത്. കേരളത്തിലേക്കുള്ള കയറ്റുമതി – ഇറക്കുമതിയുടെ പ്രധാന കവാടമായി (ഗേറ്റ്‌വേ ടെർമിനൽ) വല്ലാർപാടം തുടരും. നില മെച്ചപ്പെടുത്താനും അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനുമുള്ള ശ്രമത്തിലാണ് ഓപ്പറേറ്റർമാരായ ഡിപി വേൾഡ്.പരിമിതി കപ്പൽച്ചാലിന്റെ ആഴക്കുറവ്വല്ലാർപാടം ടെർമിനലിലേക്കുള്ള 12 കിലോമീറ്റർ കപ്പൽച്ചാലിന് (ഡ്രാഫ്റ്റ്) ആഴം കുറവായതിനാൽ വൻകിട മദർ ഷിപ്പുകൾക്ക് എത്തുന്നതിനു പരിമിതിയുണ്ട്. നിലവിലുള്ള 14.5 മീറ്റർ ആഴം നിലനിർത്തുന്നതിനു തന്നെ കോടികളാണു പോർട്ട് അതോറിറ്റിക്കു ചെലവിടേണ്ടിവരുന്നത്. അതുകൊണ്ടു തന്നെ ആഴം 16 മീറ്ററായെങ്കിലും വർധിപ്പിക്കാൻ വേണ്ടിവരുന്ന 700 – 800 കോടി രൂപ ചെലവിടാൻ പോർട്ട് അതോറിറ്റിക്കു കഴിയില്ല. കേന്ദ്ര സർക്കാരാകാട്ടെ, ഇത്രയും വലിയ തുക ചെലവിടാമെന്നു സമ്മതിച്ചിട്ടുമില്ല.
Source link


