BUSINESS
കാറുകൾക്ക് വീണ്ടും വില കൂടും, അല്ലാതെ മറ്റു വഴിയില്ലെന്ന് ടാറ്റ, മറ്റ് കമ്പനികളും പിന്തുടർന്നേക്കും

രാജ്യത്തെ യാത്രാ വാഹനങ്ങളുടെ വില വീണ്ടും വർധിക്കാൻ വഴിയൊരുങ്ങി. ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ നിർമാണ വസ്തുക്കളുടെ ചെലവ് കൂട്ടിയതിനാൽ അടുത്തു തന്നെ വില വർധിപ്പിക്കേണ്ടി വരുമെന്ന് ടാറ്റ മോട്ടോർസ്. നിലവിലെ പ്രതിസന്ധി കമ്പനിയുടെ ലാഭശതമാനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എത്ര കാലം തുടരുമെന്നത് മറ്റൊരു ആശങ്കയാണെന്നും ടാറ്റ മോട്ടോർസ് പാസഞ്ചർ വെഹിക്കിൾ മാനേജിങ് ഡയറക്ടർ ശൈലേഷ് ചന്ദ്ര പറഞ്ഞു. എന്നാൽ എപ്പോഴായിരിക്കും വില വർധനയുണ്ടാവുകയെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ടാറ്റ മോട്ടോർസിന്റെ പാത മറ്റ് വാഹന കമ്പനികളും പിൻതുടരാനാണ് സാധ്യത. ഇറാൻ യുദ്ധത്തോടെ നിർമാണ വസ്തുക്കളുടെ വിലയും ചരക്കു കൂലിയും വർധിച്ചു. തുടർന്നാണ് വാഹനങ്ങൾക്ക് വില വർധിപ്പിക്കാൻ തീരുമാനിച്ചതെന്ന് ചന്ദ്ര പറയുന്നു. ഏറ്റവും വലിയ ആശങ്ക നിലവിലെ പ്രശ്നങ്ങൾ എന്നു തീരുമെന്നതിലാണ്. ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമോ ഇനിയും തുടരുമോ എന്ന് ഇതുവരെ പറയാനായിട്ടില്ല. നിർമാണ വസ്തുക്കളുടെ വില വർധിച്ചത് മുഴുവനായി ഉപയോക്താക്കളുടെ മേൽ അടിച്ചേൽപ്പിക്കാനും കഴിയില്ല. ഇത് കമ്പനിയുടെ ലാഭശതമാനത്തെ സാരമായി ബാധിക്കുകയാണ്. സെപ്റ്റംബറിൽ അവസാനിക്കുന്ന മൂന്നാം പാദത്തിൽ കമ്പനിയുടെ വരുമാനത്തിൽ മൂന്നു ശതമാനം കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ പാദത്തിൽ 4 ശതമാനമായിരുന്നു വരുമാന നഷ്ടമെന്നും അദ്ദേഹം പറഞ്ഞു. ഉയർന്ന നിർമാണ ചെലവ് ചൂണ്ടിക്കാട്ടി സെപ്റ്റംബർ മുതൽ ടാറ്റ അടക്കമുള്ള കമ്പനികൾ കാറുകളുടെ വില വർധിപ്പിച്ചിരുന്നു. ടാറ്റ മോട്ടോർസ് 25,000 രൂപ വരെയാണ് വില കൂട്ടിയത്. മാരുതി സുസുക്കി, ഹ്യൂണ്ടായ് തുടങ്ങിയ കമ്പനികളും സമാന വില വർധന നടപ്പിലാക്കിയിരുന്നു. ജൂലൈയിലും 1.5 ശതമാനം ടാറ്റ വില കൂട്ടിയിരുന്നു.
Travel ⏭️




