BUSINESS
തൃശൂരിലെ സ്വർണപ്പണയ കമ്പനിയെ ഏറ്റെടുത്ത് ടാറ്റ ഗ്രൂപ്പിന്റെ ‘സർപ്രൈസ് നീക്കം’, അന്തിക്കാട്ടെ സ്ഥാപനം ഇനി ടാറ്റ ഫാമിലിയിൽ

തൃശൂർ ആസ്ഥാനമായ സ്വർണപ്പണയ കമ്പനിയെ ഏറ്റെടുത്ത് ടാറ്റ ഗ്രൂപ്പിന്റെ അപ്രതീക്ഷിത നീക്കം. തൃശൂർ ആസ്ഥാനമായ യോഗക്ഷേമം ലോൺസ് ലിമിറ്റഡിനെയാണ് ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ഫിനാൻഷ്യൽ സർവീസ് കമ്പനിയായ ടാറ്റ ക്യാപിറ്റൽ ലിമിറ്റഡ് ഏറ്റെടുത്തത്. ഇതോടെ ടാറ്റ ക്യാപിറ്റൽ ആദ്യമായി സ്വർണപ്പണയ രംഗത്തേക്കും കടക്കുകയാണ്. യോഗക്ഷേമം ലോൺസ് ലിമിറ്റഡിലെ (യോഗ്ലോൺസ്) 88.6% ഓഹരികൾ ഏറ്റെടുക്കാനാണ് ടാറ്റ ഗ്രൂപ്പ് ഡയറക്ടർ ബോർഡ് തീരുമാനം. നിലവിലെ ഓഹരി ഉടമകളിൽ നിന്ന് ഓഹരികൾ വാങ്ങുന്നതിനു പുറമെ കമ്പനിയുടെ ഭാവി വികസനത്തിനായി 93 കോടി രൂപയുടെ പുതിയ നിക്ഷേപവും ടാറ്റ നടത്തും. യോഗക്ഷേമം ലോൺസിന് 318 കോടി രൂപയുടെ നിക്ഷേപത്തിനു മുൻപുള്ള മൂല്യം (പ്രീ മണി ഇക്വിറ്റി വാല്യൂവേഷൻ) കണക്കാക്കി പൂർണമായും ക്യാഷ് ഇടപാടിലൂടെയാണ് (ഓൾ ക്യാഷ് ട്രാൻസാക്ഷൻ) ഏറ്റെടുക്കൽ. ഇതിനുശേഷവും യോഗക്ഷേമം ലോൺസിനെ നയിക്കാൻ നിലവിലെ സിഇഒ ആൻഡ് മാനേജിങ് ഡയറക്ടർ ഐ.ഉണ്ണികൃഷ്ണൻ തന്നെ തുടരുമെന്നും ടാറ്റ ക്യാപിറ്റൽ ഓഹരി വിപണിയിൽ സമർപ്പിച്ച ഫയലിങിൽ വ്യക്തമാക്കി കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലായി 162 ശാഖകളുള്ളതും ആർബിഐ അംഗീകൃത ബാങ്കിതര ധനകാര്യ സ്ഥാപന (എൻബിഎഫ്സി) ലൈസൻസ് ഉള്ളതുമായ സ്ഥാപനമാണ് യോഗക്ഷേമം ലോൺസ്. 2026 മാർച്ച് 31 വരെയുള്ള കണക്ക് പ്രകാരം 708 കോടി രൂപയുടെ കൈകാര്യം ചെയ്യുന്ന ആസ്തികൾ (എയുഎം) കമ്പനിക്കുണ്ട്. ആവശ്യമായ അനുമതികൾ ലഭിച്ചാൽ എട്ടു മാസത്തിനുള്ളിൽ കമ്പനിയുടെ ഏറ്റെടുക്കൽ പൂർത്തിയാകുമെന്നാണ് കരുതുന്നത്. ഇതോടെ യോഗക്ഷേമം ലോൺസ് ടാറ്റ ഗ്രൂപ്പിന്റെ മറ്റൊരു സബ്സിഡിയറി കമ്പനിയാകും. തൃശൂരിലെ അന്തിക്കാട് യോഗക്ഷേമം കുറീസ് ആൻഡ് ലോൺസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ 1991ലാണ് കമ്പനിയുടെ തുടക്കം. 2000-01 സാമ്പത്തിക വർഷത്തിൽ റിസർവ് ബാങ്കിന്റെ എൻബിഎഫ്സി ലൈസൻസ് ലഭിച്ചു.
Travel ⏭️


