NEWS

‘പാവപ്പെട്ടവർക്കെതിരെയുള്ള ക്രൂരത അവസാനിപ്പിക്കുക’, നേപ്പാളിൽ തെരുവിലിറങ്ങി ജെൻ–സീ; ബാലേന്ദ്ര ഷായ്ക്കെതിരെ ജനരോക്ഷം


കാഠ്മണ്ഡു ∙ ട്രാഫിക് നിയമലംഘനം ആരോപിച്ച് കാഠ്മണ്ഡു പൊലീസ് ബൈക്കിന്റെ വീൽ ലോക്ക് ചെയ്തതിൽ പ്രതിഷേധിച്ച് 25 വയസ്സുകാരനായ റൈഡ് ഷെയറിങ് ഡ്രൈവർ സ്വയം തീക്കൊളുത്തി മരിച്ച സംഭവം നേപ്പാളിൽ വലിയ ജനരോഷത്തിനു കാരണമാകുന്നു. ഒരു വർഷം മുമ്പ് മാത്രം വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ പ്രധാനമന്ത്രി ബാലേന്ദ്ര ഷായുടെ സർക്കാരിനെതിരെ രാജ്യം കണ്ട ഏറ്റവും വലിയ യുവജന പ്രതിഷേധങ്ങളിലൊന്നിനാണ് തലസ്ഥാന നഗരി സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഗണേഷ് നേപ്പാളി എന്ന യുവാവ്, കാഠ്മണ്ഡു തെരുവിൽ ഉപഭോക്താവിനെ കാത്തുനിൽക്കുന്നതിനിടെ പൊലീസ് ക്രൂരമായ നടപടി സ്വീകരിച്ചത്. യുവാവിന്റെ ബൈക്കിൽ പൊലീസ് ഉദ്യോഗസ്ഥർ ബലമായി വീൽ ലോക്ക് ഇടുകയായിരുന്നു. ഇതിൽ മനംനൊന്ത്, പ്രതിഷേധ സൂചകമായി ഗണേഷ് ശരീരത്തിൽ പെട്രോളൊഴിച്ച് തീക്കൊളുത്തുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും വെള്ളിയാഴ്ചയോടെ മരണത്തിനു കീഴടങ്ങി. ഞായറാഴ്ച തലസ്ഥാനത്തെ സർക്കാർ സെക്രട്ടേറിയറ്റായ സിംഹദർബാറിനു മുന്നിൽ നൂറുകണക്കിന് ആളുകളാണ് പ്രതിഷേധവുമായി അണിനിരന്നത്. ‘പാവപ്പെട്ടവർക്കെതിരെയുള്ള ക്രൂരത അവസാനിപ്പിക്കുക’, ‘മനുഷ്യാവകാശങ്ങളെ മാനിക്കുക’ തുടങ്ങിയ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകളുമായാണ് പ്രതിഷേധക്കാർ എത്തിയത്. നിയമവിരുദ്ധമായ അറസ്റ്റുകൾ നിർത്തലാക്കണമെന്നും ബാലേന്ദ്ര ഷാ സർക്കാർ കുടിയൊഴിപ്പിക്കുന്ന ചേരിനിവാസികൾക്ക് പുനരധിവാസം ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു. 2022ൽ ബാലേന്ദ്ര ഷാ കാഠ്മണ്ഡു മേയറായി തിരഞ്ഞെടുക്കപ്പെട്ടതു മുതൽ മെട്രോപൊളിറ്റൻ പൊലീസിന്റെ സമീപനം കൂടുതൽ ആക്രമണോത്സുകമായി മാറിയെന്നാണ് നേപ്പാളി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 


Fashion ⏭️

Back to top button