NEWS
പരീക്ഷ ക്രമക്കേടും നിയമന തട്ടിപ്പും: ക്രൈംബ്രാഞ്ച് സംഘം പിഎസ്‌സി ആസ്ഥാനത്ത്

തിരുവനന്തപുരം ∙ പരീക്ഷ ക്രമക്കേട്, നിയമന തട്ടിപ്പ് കേസുകൾ അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് സംഘം പട്ടത്തെ പിഎസ്‌സി ആസ്ഥാനത്ത് എത്തി. ഐജി അജിത ബീഗവും സംഘവുമാണ് പിഎസ്‌സി ആസ്ഥാനത്ത് എത്തിയത്. അന്വേഷണ സംഘവുമായി സഹകരിക്കുമെന്ന് പിഎസ്‌സി നേരത്തെ അറിയിച്ചിരുന്നു. സർക്കാരുമായി ഏറ്റുമുട്ടൽ വേണ്ടെന്നും ഇപ്പോൾ ഉയർന്നുവരുന്ന ആരോപണങ്ങളിലെ നിജസ്ഥിതി അന്വേഷണത്തിലൂടെ പൊതുസമൂഹത്തിനു ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നാണ് പിഎസ്‌സിയുടെ വിലയിരുത്തൽ. അന്വേഷണം ആരംഭിച്ച ക്രൈംബ്രാഞ്ച് മൊഴികളും പിഎസ്‌സിയിലെ രേഖകളും വിശദമായി പരിശോധിച്ച് ക്രമക്കേട് നടന്നെന്ന് ബോധ്യപ്പെട്ടാൽ എഫ്ഐആർ റജിസ്റ്റർ ചെയ്ത് വിശദ അന്വേഷണത്തിലേക്ക് കടക്കും. പിഎസ്‌സി പരീക്ഷകളിലും നിയമനത്തിലും ഗുരുതര ക്രമക്കേടുകൾ നടന്നെന്ന് ഉദ്യോഗാർഥികൾ എസ്ഐടിക്ക് മൊഴി നൽകിയിരുന്നു. സർക്കാർ നിർദേശപ്രകാരം അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുപ്പ് നടപടികളിലേക്ക് കടന്നതോടെയാണ് പരാതിക്കാരായ ഉദ്യോഗാർഥികൾ ഉൾപ്പെടെ ക്രമക്കേട് സംബന്ധിച്ച വിവരങ്ങളുമായി എത്തിയത്. ആസൂത്രണ ബോർഡ്, കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസ്, ഡിവൈഎസ്പി സ്പെഷൽ റിക്രൂട്ട്മെന്റ് എന്നിവയുമായി ബന്ധപ്പെട്ട ക്രമക്കേടുകളാണ് ക്രൈംബ്രാഞ്ച് ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലുള്ള സംഘം ആദ്യഘട്ടത്തിൽ അന്വേഷിക്കുന്നത്.
Fashion ⏭️


