NEWS

‘എന്‍എസ്എസ്സിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ബിജെപി ഇടപെടില്ല’; താന്ത്രിക ചുമതല രാഷ്ട്രീയ വിഷയമല്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

രാജീവ് ചന്ദ്രശേഖര്‍, ജി. സുകുമാരന്‍ നായര്‍

തിരുവനന്തപുരം: ”എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്കെതിരെ ബിജെപി” എന്ന തരത്തില്‍ ചിലര്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ സത്യവിരുദ്ധമെന്ന് ബിജെപി. എന്‍എസ്എസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഒരു കാലത്തും ബിജെപി ഇടപെട്ടിട്ടില്ല, ഇടപെടുകയുമില്ല. എന്നു മാത്രമല്ല ഹിന്ദു സമൂഹത്തിലെ സുശക്തമായ സമുദായ സംഘടന എന്ന നിലയില്‍ എന്‍എസ്എസിനെയും ജനറല്‍ സെക്രട്ടറി ശ്രീ ജി. സുകുമാരന്‍ നായരേയും ബിജെപി ഏറെ ബഹുമാനിക്കുകയും ചെയ്യുന്നു.

ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ കേരളത്തിലേക്കെത്തിയ എനിക്ക് എല്ലാവിധ പിന്തുണയും സഹായങ്ങളും നല്‍കിയയാളാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി. ഏറെ വ്യക്തിപരമായ അടുപ്പവും അദ്ദേഹവുമായി എനിക്കുണ്ട്. ലക്ഷക്കണക്കിന് വരുന്ന നായര്‍ സമുദായാംഗങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന നായര്‍ സര്‍വ്വീസ് സൊസൈറ്റിയേയും അതിന്റെ നേതൃത്വം വഹിക്കുന്ന ജനറല്‍ സെക്രട്ടറിയേയും രാജ്യം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ബിജെപി ഏറെ ഉത്തരവാദിത്വത്തോടെ മാത്രമേ സമീപിക്കൂ.

ശബരിമല ക്ഷേത്രത്തിലെ താന്ത്രിക ചുമതല ആര്‍ക്ക് നല്‍കണമെന്നത് ഒരു രാഷ്ട്രീയ വിഷയമല്ല. ബിജെപിക്ക് അക്കാര്യത്തില്‍ അഭിപ്രായം പറയുന്നതിന് പരിമിതികളുണ്ട്. ബിജെപിയുമായി ബന്ധപ്പെട്ട ആരെങ്കിലും പരസ്യ പ്രതികരണങ്ങള്‍ ഇക്കാര്യത്തില്‍ നടത്തിയിട്ടുണ്ടെങ്കില്‍ അതവരുടെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്.

ശബരിമലയില്‍ ഭരണപരമായ ചുമതലകളില്ലാത്ത തന്ത്രി ജയിലിലും എല്ലാം നിയന്ത്രിച്ച മന്ത്രിമാര്‍ പുറത്തും എന്നതാണ് ശബരിമലയുമായി ബന്ധപ്പെട്ട കേസുകളിലെ നിലവിലെ അവസ്ഥ. അഴിമതിക്കാരായ എല്‍ഡിഎഫ് രാഷ്ട്രീയനേതൃത്വത്തിന് സംരക്ഷണം നല്‍കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ നടപടികളെ വിശ്വാസി സമൂഹവുമായി ചേര്‍ന്ന് ജനാധിപത്യ രീതിയില്‍ ചെറുത്തു തോല്‍പ്പിക്കും. ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുന്ന കാര്യത്തില്‍ എക്കാലവും വിശ്വാസികള്‍ക്കൊപ്പം മുന്‍പന്തിയില്‍ നിന്നിട്ടുള്ള പാര്‍ട്ടിയാണ് ബിജെപി.

Read News ⏭️

Back to top button