BUSINESS
ഒറ്റനോട്ടത്തിൽ ഒറിജനൽ 916 സ്വർണം; വിലപറഞ്ഞ വ്യാപാരി രണ്ടാമതും പരിശോധിച്ചപ്പോൾ ഞെട്ടി, ‘വ്യാജൻ’ വായ്പയിലും കെണി, അന്വേഷിക്കണമെന്ന് ആവശ്യം

ഒറ്റനോട്ടത്തിൽ നല്ല ഒറിജിനൽ 916 സ്വർണം. പരിശോധിച്ച സ്വർണ വ്യാപാരി വിലയും പറഞ്ഞ് കച്ചവടം ഉറപ്പിച്ചു. സ്വർണത്തിന്റെ പരിശുദ്ധി അളക്കുന്ന ക്യാരറ്റ് അനലൈസറിലും സംശയിക്കാനൊന്നും കഴിഞ്ഞില്ല. എന്നാലും ഒന്നുകൂടി പരിശോധിച്ച വ്യാപാര ഞെട്ടി. നല്ല ഒന്നാന്തരം വ്യാജൻ. ഹോൾമാർക്ക് (എച്ച്‍യുഐഡി) മുദ്രപതിപ്പിച്ച തനി വ്യാജ സ്വർണാഭരണം. സ്വർണം വിൽക്കാൻ കൊണ്ടുവന്ന സംഘത്തെ വ്യാപാരിയുടെ പരാതിയെ തുടർന്ന് പൊലീസ് കൈയോടെ പൊക്കി. കഴിഞ്ഞ ദിവസം കണ്ണൂർ ചക്കരക്കല്ലിൽ ആയിരുന്നു സംഭവം. രണ്ടു പേരെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ഇതുകൂടാതെ കോഴിക്കോട് കൊടുവള്ളിയിൽ വ്യാജ സ്വർണം വിൽക്കാനെത്തിയ സംഘം പൊലീസിനെകണ്ട് ഓടി രക്ഷപ്പെട്ടെന്ന് മറ്റൊരു വ്യാപാരിയും വ്യക്തമാക്കി. ഇവർ സഞ്ചരച്ചിരുന്ന വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഘത്തെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. തിരുവനന്തപുരത്ത് നിന്ന് വാങ്ങിയ സ്വർണാഭരണങ്ങൾ കൊൽക്കത്തയിലെ ഒരു ജ്വല്ലറിയിൽ മാറ്റി വാങ്ങി തട്ടിപ്പ് നടത്തിയ സംഭവവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.വ്യാജ ഹോൾമാർക്ക് മുദ്ര പതിപ്പിച്ച, വ്യാജ സ്വർണാഭരണം വിൽക്കുന്ന ഗൂഢസംഘങ്ങളെ കണ്ടെത്താൻ അന്വേഷണം നടത്തണമെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും ജനറൽ സെക്രട്ടറി എസ്.അബ്ദുൽ നാസറും ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാജ സ്വർണാഭരണങ്ങൾ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ വർധിച്ചു വരുന്നതായി ഇവർ ചൂണ്ടിക്കാട്ടി. ഹാൾമാർക്ക് എച്ച്‌യുഐഡി മുദ്ര പതിച്ച വ്യാജ ആഭരണങ്ങളാണ് തട്ടിപ്പിന് ഉപയോഗിക്കുന്നത്. എന്നാൽ സ്വർണാഭരണത്തിൽ രേഖപ്പെടുത്തിയിട്ടുള്ള 6 അക്ക ആൽഫാന്യൂമറിക് എച്ച്‌യുഐഡി നമ്പർ ബിഐഎസ് കെയർ എന്ന ആപ്പിൽ നൽകി പരിശോധിച്ചാൽ ഇത്തരം തട്ടിപ്പുകൾ തടയാവുന്നതാണ്. ഹാൾമാർക്കിങ് കേന്ദ്രത്തിന്റെ പേരും വിലാസവും ആഭരണം വിറ്റ ജ്വല്ലറിയുടെ വിവരങ്ങളും ഇതിലൂടെ ലഭിക്കുമെന്നും അവർ വ്യക്തമാക്കി.വ്യാജ സ്വർണാഭരണങ്ങൾ പണയ സ്ഥാപനങ്ങളിൽ നൽകി വായ്പ തട്ടിയെടുക്കുന്ന സംഭവങ്ങളും വർധിച്ചുവരുന്നതായി അവർ പറഞ്ഞു. സ്വർണവിലയിലെ വലിയ വർധനയ്ക്ക് പിന്നാലെയാണ് ഇത്തരം തട്ടിപ്പുകൾ വ്യാപകമായത്. വ്യാജ ആഭരണങ്ങൾ നിർമ്മിച്ച് വിതരണം ചെയ്യുന്ന സംഘടിത സംഘത്തിന്റെ പ്രവർത്തനവും ഹോൾമാർക്ക് എച്ച്‌യുഐഡി മുദ്രയുടെ ദുരുപയോഗവും കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജൻസികൾ ഗൗരവമായി അന്വേഷിക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
Source link


