SPORTS

ഇംഗ്ലണ്ടിനെതിരെ കൂറ്റൻ ജയം, ലോഡ്സിൽ ഇന്ത്യൻ വനിതകൾക്ക് ചരിത്രവിജയം; അപൂർവ നേട്ടവുമായി യാത്സിക ഭാട്യയും ക്രാന്തി ഗൗഡും


ലോഡ്സ് ∙ ക്രിക്കറ്റിന്റെ മക്കയിൽ ചരിത്രവിജയം സ്വന്തമാക്കി ഇന്ത്യൻ വനിതകൾ. ലോഡ്സ് വേദിയായ ആദ്യ വനിതാ ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ടിനെ 270 റൺസിന് തകർത്താണ് ഇന്ത്യ ചരിത്ര വിജയം സ്വന്തമാക്കിയത്. 6 വിക്കറ്റ് നഷ്ടത്തിൽ 130 റൺസ് എന്ന നിലയിൽ, അവസാന ദിനം 327 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് 186 റണ്‍സിന് പുറത്താവുകയായിരുന്നു. അർധ സെഞ്ചറിയുമായി നാലാം ദിനം ബാറ്റിങ് ആരംഭിച്ച ആമി ജോൺസിന് രണ്ടു റൺസ് കൂടിയേ നേടാനായുള്ളു. 54 റൺസെടുത്ത ആമിയെ സ്നേഹ് റാണയുടെ പന്തിൽ ഷെഫാലി വർമ ക്യാച്ചെടുത്ത് പുറത്താക്കി. പിന്നാലെ ഇസ്സി വോങ് (1), ലോറൻ ബെൽ (0) എന്നിവരെ ദീപ്തി ശർമ ബോൾഡാക്കി. പൊരുതി നിന്ന സോഫി എക്ലെസ്റ്റണിന്റെ (50 റൺസ്) വിക്കറ്റ് സ്നേഹ് റാണ തെറുപ്പിച്ചതോടെ ലോഡ്സ് മൈതാനത്ത് ഇന്ത്യൻ വനിതകൾ ചരിത്രവിജയം കുറിച്ചു. ലോറൻ ഫിലർ (1) പുറത്താകാതെ നിന്നു. പുരുഷന്മാരുടെ ആദ്യ ടെസ്റ്റ് മത്സരം നടന്ന് 142 വർഷങ്ങൾക്ക് ശേഷമാണ് ലോർഡ്‌സ് ആദ്യ വനിതാ ടെസ്റ്റിന് വേദിയായത്. പുരുഷന്മാരുടെ 150 ടെസ്റ്റ് മത്സരങ്ങൾക്ക് ലോർഡ്‌സ് വേദിയായിട്ടുണ്ട്.


Auto ⏭️

Back to top button