HEALTH

അമിതമായ മുടികൊഴിച്ചിലിന് കാരണമാകുന്ന 8 ഭക്ഷണങ്ങൾ…


മുടികൊഴിച്ചിൽ തുടങ്ങുമ്പോൾ ഭൂരിഭാഗം ആളുകളും ആദ്യം കുറ്റം പറയുക അവർ ഉപയോഗിക്കുന്ന ഷാംപൂവിനെ ആയിരിക്കും. ചിലർ വിലകൂടിയ ഹെയർ സിറമുകളിലേക്ക് മാറും, മറ്റു ചിലർ എണ്ണകൾ മാറിമാറി പരീക്ഷിക്കുകയോ വിപണിയിൽ കാണുന്ന ഹെയർ കെയർ ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുകയോ ചെയ്യും. എന്നാൽ മുടിയുടെ ആരോഗ്യത്തിന് പുറമേയുള്ള പരിചരണം മാത്രം പോരെന്നും നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന് വലിയ പങ്കുണ്ടെന്നുമാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. നമ്മുടെ ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ, ഇരുമ്പ് (ഇരുമ്പ് സത്ത്), സിങ്ക്, വിറ്റാമിനുകൾ എന്നിവയെല്ലാം രക്തയോട്ടത്തിലൂടെയാണ് മുടിയുടെ വേരുകളിലേക്ക് എത്തുന്നത്. ഇതിന് തടസ്സം നിൽക്കുന്ന ഭക്ഷണരീതികൾ മുടിയുടെ ആരോഗ്യത്തെ നേരിട്ട് ബാധിക്കും. മധുരപലഹാരങ്ങളും അമിതമായ പഞ്ചസാരയുമടങ്ങിയ ഭക്ഷണങ്ങളാണ് ഇതിൽ പ്രധാന വില്ലൻ. നിങ്ങൾ വല്ലപ്പോഴും ഒരു കഷ്ണം കേക്കോ മധുരമുള്ള പാനീയങ്ങളോ കഴിക്കുന്നത് കൊണ്ട് കുഴപ്പമില്ല. എന്നാൽ സ്ഥിരമായി മധുരം കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെയും ഇൻസുലിന്റെയും അളവ് പെട്ടെന്ന് കൂട്ടാൻ കാരണമാകും. ഇത് ശരീരത്തിൽ വീക്കമുണ്ടാക്കുകയും മുടി കൊഴിച്ചിലിലേക്ക് നയിക്കുന്ന ഹോർമോൺ വ്യതിയാനങ്ങൾക്ക് കാരണമാകുകയും ചെയ്യും. കൂടാതെ, മൈദ, വൈറ്റ് ബ്രെഡ് പോലുള്ള റിഫൈൻഡ് കാർബോഹൈഡ്രേറ്റുകളും ഇതേ രീതിയിൽ തന്നെയാണ് മുടിയെ ബാധിക്കുന്നത്. വറുത്തതും പൊരിച്ചതുമായ ഫാസ്റ്റ് ഫുഡുകളും സംസ്കരിച്ച ഭക്ഷണങ്ങളുമാണ് മറ്റൊരു വില്ലൻ. ഫ്രെഞ്ച് ഫ്രൈസ്, ഫ്രൈഡ് ചിക്കൻ, ഇൻസ്റ്റന്റ് നൂഡിൽസ്, പാക്കറ്റ് സ്നാക്കുകൾ എന്നിവയിൽ കലോറിയും അനാരോഗ്യകരമായ കൊഴുപ്പും കൂടുതലാണെങ്കിലും മുടിക്ക് ആവശ്യമായ ബയോട്ടിൻ, സിങ്ക്, ഇരുമ്പ് തുടങ്ങിയ പോഷകങ്ങൾ ഒട്ടുമില്ല. ഇത്തരം ഭക്ഷണങ്ങൾ സ്ഥിരമാക്കുമ്പോൾ മുടിയുടെ സ്വാഭാവിക വളർച്ച തടസ്സപ്പെടുന്നു. പോഷകമില്ലാത്ത മണ്ണിൽ ചെടി വളരാത്തതുപോലെ ശരിയായ പോഷകങ്ങൾ ലഭിക്കാതെ വരുമ്പോൾ മുടിയുടെ ബലവും കുറയുന്നു. മത്സ്യം കഴിക്കുന്നത് മുടിക്ക് നല്ലതാണെങ്കിലും മെർക്കുറിയുടെ അളവ് കൂടുതലുള്ള വലിയ മീനുകൾ അമിതമായി കഴിക്കുന്നത് മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. വാള, ട്യൂണയുടെ ചില വകഭേദങ്ങൾ എന്നിവയിൽ മെർക്കുറി കൂടുതലായി കാണപ്പെടാം. അതുപോലെ തന്നെ മുടിയുടെ വളർച്ചക്ക് വിറ്റാമിൻ എ അത്യാവശ്യമാണെങ്കിലും, വിറ്റാമിൻ എ അടങ്ങിയ സപ്ലിമെന്റുകൾ ഡോക്ടറുടെ നിർദ്ദേശമില്ലാതെ അമിതമായി കഴിക്കുന്നത് മുടി വേഗത്തിൽ കൊഴിഞ്ഞുപോകുന്ന അവസ്ഥയിലേക്ക് നയിക്കും. അമിതമായ മദ്യപാനവും മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കും. മദ്യം ശരീരത്തിലെ ജലാംശം വറ്റിക്കുകയും സിങ്ക്, ഫോളേറ്റ് തുടങ്ങിയ സുപ്രധാന പോഷകങ്ങൾ ശരീരം ആഗിരണം ചെയ്യുന്നത് തടയുകയും ചെയ്യുന്നു. കൂടാതെ, പെട്ടെന്ന് ശരീരഭാരം കുറക്കാനായി ചെയ്യുന്ന ക്രഷ് ഡയറ്റുകൾ (വളരെ കുറഞ്ഞ അളവിൽ പ്രോട്ടീൻ കഴിക്കുന്നത്) മുടിയെ ദോഷകരമായി ബാധിക്കും. മുടിയുടെ ഘടന നിലനിർത്തുന്ന ‘കെരാറ്റിൻ’ എന്ന പ്രോട്ടീൻ ലഭിക്കാതെ വരുമ്പോൾ ശരീരം മുടിയുടെ വളർച്ച നിർത്തിവെക്കുകയും മറ്റ് അവയവങ്ങളുടെ സംരക്ഷണത്തിന് മുൻഗണന നൽകുകയും ചെയ്യും. ഇത് വലിയ രീതിയിലുള്ള മുടികൊഴിച്ചിലിന് കാരണമാകുന്നു.


Life Style ⏭️

Back to top button