BUSINESS

പേയ്ടിഎം പേയ്മെന്റ്സ് ബാങ്ക് അടച്ചുപൂട്ടും; ചുമതല മലയാളിക്ക്, ആർബിഐയുടെ കടുത്ത നടപടികളുടെ തുടർച്ച


ന്യൂഡൽഹി∙ റിസർവ് ബാങ്ക് ലൈസൻ‍സ് റദ്ദാക്കിയ പേയ്ടിഎം പേയ്മെന്റ്സ് ബാങ്ക് (പിപിബിഎൽ) പൂർണമായും അടച്ചുപൂട്ടാനുള്ള ചുമതല എസ്ബിഐ പേയ്മെന്റ്സ് ആൻഡ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് മുൻ എംഡിയും മലയാളിയുമായ ഗിരികുമാർ എം.നായർക്ക്. ഡൽഹി ഹൈക്കോടതിയാണ് ഏതാനും ആഴ്ചകൾക്കു മുൻപ് ഒഫിഷ്യൽ ലിക്വിഡേറ്ററായി അദ്ദേഹത്തെ നിയോഗിച്ചത്.ഏപ്രിൽ 24നാണ് പേയ്ടിഎം പേയ്മെന്റ്സ് ബാങ്കിന്റെ ലൈസൻസ് റിസർവ് ബാങ്ക് റദ്ദാക്കിയത്. ഇതോടെ പേയ്ടിഎം ബാങ്കിന് ഇനി പ്രവർത്തിക്കാനാവില്ല. 2022ൽ പേയ്ടിഎം പേയ്മെന്റ്സ് ബാങ്കിനെതിരെ ആർബിഐ തുടങ്ങിവച്ച കടുത്ത നടപടികളുടെ തുടർച്ചയായിരുന്നു ഇത്. 2022 മാർച്ച് മുതൽ പുതിയ ഉപയോക്താക്കളെ എടുക്കുന്നത് നിർത്തിവയ്ക്കാൻ ആർബിഐ ഉത്തരവിട്ടിരുന്നു. പിന്നീട് 2024ൽ പേയ്ടിഎം ബാങ്ക് അക്കൗണ്ടുകളിൽ പണം നിക്ഷേപിക്കാനാവില്ലെന്ന വ്യവസ്ഥയും നടപ്പാക്കി.വലിയൊരു പങ്ക് ഉപയോക്താക്കളും ഇതിലെ തുക ഇതിനകം പിൻവലിച്ചിട്ടുണ്ടെന്നാണ് വിവരം. ഇനിയും പണം ലഭിക്കാനുള്ളവർ പുതിയ ക്ലെയിം ഉന്നയിക്കേണ്ടതില്ല. പ്രവർത്തനം അവസാനിപ്പിച്ച് ബാധ്യത തീർക്കാനുള്ള (ലിക്വിഡേഷൻ) നടപടികളുടെ ഭാഗമായി ഈ പണം തിരികെ നൽകും. പേയ്ടിഎം ബാങ്ക് മൊബൈൽ ആപ്പിന്റെയും പ്രവർത്തനം അവസാനിപ്പിച്ചു. ലൈസൻസ് റദ്ദാക്കിയതിനു പിന്നാലെ ബാങ്ക് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ റിസർവ് ബാങ്ക് അപേക്ഷ നൽകിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് ഒഫിഷ്യൽ ലിക്വിഡേറ്ററെ നിയോഗിച്ചത്. അദ്ദേഹത്തിനായിരിക്കും ഇനി പിപിബിഎൽ ബോർഡിന്റെ പൂർണ ചുമതല. 5.5 ലക്ഷം രൂപയാണ് അദ്ദേഹത്തിനു ലഭിക്കുന്ന പ്രതിഫലം. ഈ തുക പിപിബിഎൽ നൽകണം. പേയ്ടിഎമിന്റെ യുപിഐ അടക്കമുള്ള മറ്റു സേവനങ്ങൾക്ക് ഈ ഉത്തരവുകളൊന്നും ബാധകമല്ല.


Travel ⏭️

Back to top button