BUSINESS

ടാറ്റയിൽ വൻ ട്വിസ്റ്റ്; ചന്ദ്രശേഖരൻ രാജിവയ്ക്കേണ്ട, ചെയർമാനായി 5 വർഷം കൂടി തുടരാമെന്ന് ബോർഡ്, എതിർത്ത് നോയൽ ടാറ്റ, ഐപിഒ നടക്കും


ടാറ്റ സൺസ് ചെയർമാനായി എൻ.ചന്ദ്രശേഖരന് 5 വർഷം കൂടി തുടരാൻ ഡയറക്ടർ ബോർഡിന്റെ അനുമതി. ടാറ്റ സൺസിന്റെ പ്രാരംഭ ഓഹരി വിൽപനയുമായി (ഐപിഒ) മുന്നോട്ടുപോകാനും ബോർഡ് പച്ചക്കൊടി വീശിയെന്ന് അറിയുന്നു.  ടാറ്റ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റയുമായുള്ള അഭിപ്രായഭിന്നതകളെ തുടർന്ന് കഴിഞ്ഞമാസം ചന്ദ്രശേഖരൻ‌ രാജിപ്രഖ്യാപിച്ചിരുന്നു. 2027 ഫെബ്രുവരി വരെയാണ് അദ്ദേഹത്തിന് നിലവിൽ കാലാവധി. അതിനുശേഷം പുനർനിയമനം തേടില്ലെന്നാണ് വ്യക്തമാക്കിയിരുന്നത്. ചന്ദ്രയ്ക്ക് പകരക്കാരനെ കണ്ടെത്താൻ ടാറ്റ നടപടികളും തുടങ്ങിയിരുന്നു.  ഇന്നു ചേർന്ന ബോർഡ് യോഗത്തിലും ടാറ്റ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റ മാത്രം ചന്ദ്രയ്ക്ക് കാലാവധി നീട്ടണമെന്ന തീരുമാനത്തെ എതിർത്തെന്നാണ് റിപ്പോർട്ടുകൾ. ടാറ്റ സൺസ് ഡയറക്ടർ ബോർഡിന്റെ തീരുമാനം നിയമവിരുദ്ധമാണെന്ന് ടാറ്റ ട്രസ്റ്റ്സും വിലയിരുത്തുന്നതായി റിപ്പോർട്ടുകളിലുണ്ട്. തീരുമാനത്തിനെതിരെ ടാറ്റ ട്രസ്റ്റ്സ് കോടതിയെ സമീപിച്ചേക്കും.  എൻബിഎഫ്സിയായി തുടരാനില്ലെന്ന് കാട്ടി ലൈസൻസ് റദ്ദാക്കാനുള്ള അപേക്ഷ റിസർവ് ബാങ്കിന് ടാറ്റ സൺസിന് നൽകിയിരുന്നു. ഇത് തള്ളിയ റിസർവ് ബാങ്ക് പ്രാരംഭ ഓഹരി വിൽപന (ഐപിഒ), ലിസ്റ്റിങ് നടപടികളിലേക്ക് കടക്കാൻ ടാറ്റ സൺസിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. ഐപിഒ ആസന്നമായിരിക്കേയാണ് ചന്ദ്രയ്ക്ക് കാലാവധി നീട്ടിക്കൊടുക്കാനുള്ള ബോർഡിന്റെ തീരുമാനം. ഐപിഒയ്ക്ക് ടാറ്റ സൺസിനെ സജ്ജമാക്കാൻ കൂടിയാണ് ചന്ദ്രയ്ക്ക് കാലാവധി നീട്ടിനൽകുന്നത്. ടാറ്റ സൺസിൽ 66% ഓഹരി പങ്കാളിത്തം നോയൽ ടാറ്റ ചെയർമാനായ ടാറ്റ ട്രസ്റ്റ്സിനാണ്. സാധാരണയായി ടാറ്റ സൺസിന്റെ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ നിയമനം ഭൂരിപക്ഷ ഓഹരി ഉടമയുടെ (അതായത് ടാറ്റ ട്രസ്റ്റ്സിന്റെ) താൽപ്പര്യപ്രകാരമാണ് തീരുമാനിക്കാറുള്ളത്. ഇവിടെ ഭൂരിപക്ഷ ഓഹരി ഉടമയായ നോയൽ ടാറ്റ തന്നെ എതിർക്കുകയാണ് ചെയ്തിട്ടുള്ളത്.


Travel ⏭️

Back to top button