BUSINESS

ചോരപ്പാടുകൾ മായ്ക്കാൻ ലില്ലിപ്പൂക്കൾ വിരിയും; ജമ്മു കശ്മീരിൽ ടൂറിസം രംഗത്ത് വൻകിട പദ്ധതികൾ


ശ്രീനഗർ ∙ ‘മുറിപ്പാടുകളിൽ ഇനി ലില്ലിപ്പൂക്കൾ വിരിയും’ – പഹൽഗാം ഭീകരാക്രമണത്തിനു ശേഷം സഞ്ചാരികളെ വരവേൽക്കാൻ ടൂറിസം മേഖലയിൽ ഉൾപ്പെടെ അടിസ്ഥാനസൗകര്യവികസന രംഗത്തു വൻകിട പദ്ധതികളുമായി ജമ്മു കശ്മീർ. സഞ്ചാരികൾക്ക് ആത്മവിശ്വാസം നൽകുന്ന തരത്തിലാണ് പദ്ധതികൾ നടപ്പാക്കുന്നത്. സഞ്ചാരികളെ സുരക്ഷിതമായി സ്വാഗതം ചെയ്യാൻ റോഡ്, റെയിൽ, ടൂറിസം, ഊർജമേഖല, അടിസ്ഥാനസൗകര്യ രംഗത്താണു വൻകിട നിക്ഷേപങ്ങൾ നടത്തുന്നത്. ലോകത്തെ ഏറ്റവും ഉയരത്തിലുള്ള റെയിൽവേ ആർച്ച് ബ്രിജായ ജമ്മു കശ്മീരിലെ ചെനാബ് പാലം തുറന്നു നൽകിയതുൾപ്പെടെ 46,000 കോടി രൂപയുടെ വിവിധ പദ്ധതികളാണു കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ കശ്മീരിനായി നൽകിയത്. കശ്മീർ താഴ്‌വരയെ ലഡാക്കുമായി ബന്ധിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും നീളമേറിയ തുരങ്കം സോജിലയുടെ നിർമാണം 2028ൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടാണ് മുന്നോട്ടുപോകുന്നത്.  തുരങ്കം പൂർത്തിയാകുന്നതോടെ ഓരോ വർഷവും ടൂറിസം, ഇന്ധനച്ചെലവ്, ചരക്കുകടത്ത് ഉൾപ്പെടെയുള്ള ഇനത്തിൽ 5,830 കോടി രൂപയുടെ അധികവരുമാനം ഉണ്ടാകുമെന്നാണു പ്രതീക്ഷ. കശ്മീരിനു തുരങ്കടൂറിസം എന്ന പുതിയ സാധ്യതയും ഇതോടെ തുറന്നിടുകയാണ്. ജമ്മു – ശ്രീനഗർ യാത്രയുടെ ദൈർഘ്യം കുറയ്ക്കുന്ന ജമ്മുതാവി – ശ്രീനഗർ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ ആകർഷകമായി തുടരുന്നു. ഉത്തരേന്ത്യയിലെ ഊർജദാതാവ് എന്ന നിലയിലേക്കു കശ്മീരിനെ മാറ്റുന്നതാണു ത്സലം നദിയിലെ ജലം ഉപയോഗിച്ചുള്ള ഉറി ജലപദ്ധതികൾ. പഹൽഗാം ആക്രമണത്തിനു ശേഷം അടച്ചിട്ട മുപ്പതിലേറെ ടൂറിസം കേന്ദ്രങ്ങൾ സുരക്ഷാ ഓഡിറ്റിനു ശേഷം തുറന്നു. ഡ്രോൺ നിരീക്ഷണം ഉൾപ്പെടെ നടത്തുന്നുണ്ടെങ്കിലും ‘ഇവിടം പ്രശ്നരഹിതം’ എന്ന രീതിയിലാണു നിയന്ത്രണം. പാക് അധിനിവേശ കശ്മീരിനോടു ചേർന്നുള്ള മേഖലകളിലേക്കുൾപ്പെടെ ‘ബോർഡർ ടൂറിസത്തിന്റെ’ ഭാഗമായി സഞ്ചാരികളെ സ്വാഗതം ചെയ്യുന്നുണ്ട്.


Travel ⏭️

Back to top button