BUSINESS
ലുലു ഗ്രൂപ്പ് തമിഴ്നാട്ടിലും; ചെന്നൈ മെട്രോ സ്റ്റേഷനുകളിൽ രണ്ട് റീട്ടെയ്ൽ ഔട്ലെറ്റുകൾ, രാജ്യത്തെ ഏറ്റവും വലുത്, ഇനി തിരുപ്പൂരിലേക്കും

ചെന്നൈ ∙സെൻട്രൽ, ഷെണോയ് നഗർ മെട്രോ സ്റ്റേഷനുകളിൽ രണ്ടു റീട്ടെയ്ൽ ഔട്ലെറ്റുകളുമായി ലുലു ഗ്രൂപ്പ് തമിഴ്നാട്ടിൽ പ്രവർത്തനം തുടങ്ങി. നിയമസഭാ സ്പീക്കർ ജെ.സി.ഡി.പ്രഭാകർ ഉദ്ഘാടനം ചെയ്തു. ഭക്ഷ്യസംസ്കരണ യൂണിറ്റ്, തിരുപ്പൂരിൽ മിനി മാൾ എന്നിവയുൾപ്പെടെ തമിഴ്നാട്ടിൽ കൂടുതൽ പദ്ധതികൾ ആരംഭിക്കുമെന്നു ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി പറഞ്ഞു. രാജ്യത്തെ മെട്രോ സ്റ്റേഷനുകളിലെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റാണു ഷെണോയ് നഗറിൽ തുറന്നത്. 56,000 ചതുരശ്ര അടി വിസ്തൃതിയുള്ള സൂപ്പർമാർക്കറ്റും 50,000 ചതുരശ്ര അടി വിസ്തൃതിയുള്ള ഡിപ്പാർട്മെന്റ് സ്റ്റോറും ഉൾപ്പെടുന്നതാണ് സമുച്ചയം. ഫാഷൻ സ്റ്റോർ, ലുലു കണക്ട് എന്നിവയും ഇവിടെ പ്രവർത്തിക്കും. സെൻട്രൽ മെട്രോ സ്റ്റേഷനിലെ ലുലു ഡെയ്ലിക്കു 35,000 ചതുരശ്ര അടി വിസ്തീർണമുണ്ട്. പലചരക്ക് സാധനങ്ങൾ, നിത്യോപയോഗ ഉൽപന്നങ്ങൾ എന്നിവ ഇവിടെ ലഭ്യമാണ്. രണ്ട് ഔട്ലെറ്റുകളും രാവിലെ 9 മുതൽ രാത്രി 11 വരെ പ്രവർത്തിക്കും. ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ.അഷ്റഫ് അലി, ലുലു ഇന്ത്യ സിഇഒ എം.എ.നിഷാദ്, ഡയറക്ടർമാരായ വി.നന്ദകുമാർ, ജോയ് ഷഡാനന്ദൻ, റീജനൽ ഡയറക്ടർ ഇ.വി.രാജേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Travel ⏭️




