HEALTH

കാൻസർ സ്ഥിരീകരിച്ച പിന്നാലെ അന്‍റാർട്ടിക്ക യാത്ര; മടങ്ങിയെത്തിയപ്പോൾ 67കാരിയുടെ ട്യൂമർ ചുരുങ്ങി | Cancer Patient Heals After Antarctica


കാൻസർ സ്ഥിരീകരിച്ചതിന് പിന്നാലെ തന്റെ എക്കാലത്തെയും മോഹം നിറവേറ്റാൻ അന്റാർട്ടിക്കയിലേക്ക് യാത്ര നടത്തിയ 67 കാരി തിരിച്ചുവന്നപ്പോൾ ലഭിച്ചത് അപ്രതീക്ഷിത വാർത്ത. മടങ്ങി വന്ന് ആശുപത്രിയിൽ പരിശോധന നടത്തിയപ്പോൾ വയോധികയുടെ തൈറോയ്ഡ് ട്യൂമറിന്റെ വലുപ്പം കുറഞ്ഞിരിക്കുന്നു. ചൈനയിലെ കുൻമിങിൽ താമസിക്കുന്ന വാങ് യിങ്ങിനാണ് കാൻസർ ബാധിച്ച ശരീരത്തിൽ അപ്രതീക്ഷിത മാറ്റം സംഭവിച്ചത്.സ്കൂൾ അഡ്മിനിസ്ട്രേറ്ററായിരുന്നു വാങ് യിങ്. ജോലിയിൽനിന്ന് വിരമിക്കാനിരിക്കെ 2013ലാണ് വാങ് യിങ്ങിന് തൈറോയ്ഡ് കാൻസർ സ്ഥിരീകരിച്ചത്. ഉടൻ ശസ്ത്രക്രിയ നടത്തണമെന്നായിരുന്നു ഡോക്ടർമാരുടെ നിർദേശം. എന്നാൽ ശസ്ത്രക്രിയക്ക് വിധേയയാകാൻ അവർക്ക് താൽപര്യമുണ്ടായിരുന്നില്ല. അതിനിടയിലാണ് ജീവിതത്തെക്കുറിച്ച് വാങ് വീണ്ടും ചിന്തിച്ച് തുടങ്ങിയത്. ഇനി എത്രകാലം ബാക്കിയുണ്ടെന്ന ആശങ്കക്കിടെ, ഏറെക്കാലമായി മനസ്സിൽ സൂക്ഷിച്ചിരുന്ന അന്റാർട്ടിക്ക യാത്ര എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ അവർ തീരുമാനിച്ചു.വിരമിച്ച ശേഷം പത്ത് വർഷത്തോളമായി വൈൽഡ് ലൈഫ് ഫോട്ടോഗ്രഫറായി ജീവിതം മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു യാങ്. പക്ഷികളുടെ ചിത്രം കാമറയിൽ പകർത്താനായിരുന്നു യാങ്ങിനിഷ്ടം. 1,200ലധികം ഇനങ്ങളിലുള്ള പക്ഷിവർഗങ്ങളെ അവർ കാമറയിൽ പകർത്തിയിട്ടുണ്ട്. അന്റാർട്ടിക്കയിൽ പോയി പെൻഗ്വിനുകളെ ഫോട്ടോ എടുക്കുകയായിരുന്നു പ്രധാന ലക്ഷ്യം. ഏകദേശം ഒരു മാസം നീണ്ട യാത്രക്ക് 1.5 ലക്ഷം യുവാനായിരുന്നു ചെലവ്. യാത്രക്കായി സമ്പാദ്യം തികയാതെ വന്നതോടെ ബാക്കി പണം അമ്മയാണ് നൽകിയത്.അന്റാർട്ടിക്കയിലെത്തിയാൽ മറ്റൊരു ആഗ്രഹം കൂടി യാങ്ങിനുണ്ടായിരുന്നു. കുഞ്ഞിന് ഭക്ഷണം നൽകുന്ന അമ്മ പെൻഗ്വിന്റെ ചിത്രമെടുക്കണം. മൈനസ് 10 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്ന താപനിലയിൽ ശക്തമായ ഹിമപാതം അതിജീവിച്ച് യാങ് ആ ദൃശ്യം കാമറയിൽ പകർത്തി. മറ്റു സഞ്ചാരികൾ മടങ്ങിയിട്ടും അവർ ഏറെനേരം കാത്തുനിന്നു. ഒടുവിൽ കടലിൽനിന്ന് ഭക്ഷണം കൊണ്ടുവന്ന് അമ്മ പെൻഗ്വിൻ കുഞ്ഞിന് ഭക്ഷണം നൽകുന്ന ദൃശ്യം അവർ പകർത്തി.യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ വാങ് യിങ് ആശുപത്രിയിൽ പരിശോധനക്കായി എത്തിയപ്പോഴാണ് ട്യൂമറിന്റെ വലുപ്പം കുറഞ്ഞതായി കണ്ടെത്തിയത്. ഒരു മാസം മുമ്പ് നടത്തിയ പരിശോധനയിൽ നിന്ന് വ്യത്യസ്തമായി ട്യൂമറിന്റെ വലുപ്പത്തിൽ മാറ്റം വന്നിരിക്കുന്നു. തൽക്കാലം ശസ്ത്രക്രിയ മാറ്റിവെക്കാമെന്നും എന്നാൽ ആരോഗ്യനില കൃത്യമായി നിരീക്ഷിക്കണമെന്നും ഡോക്ടർമാർ നിർദേശിച്ചു. എന്നാൽ ട്യൂമർ ചുരുങ്ങാൻ കാരണമായത് യാത്രയാണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.ഈ അനുഭവം നിറം മങ്ങിയ യാങ്ങിന്റെ ജീവിതത്തിൽ വീണ്ടും വെളിച്ചം നൽകിയിരിക്കുകയാണ്. സംഭവത്തിന് പിന്നാലെ അവർ ഫോട്ടോഗ്രഫിയിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 30ലധികം രാജ്യങ്ങളും യാങ് ഇതിനിടെ സന്ദർശിച്ചു. വിരമിച്ച ശേഷം ലഭിച്ച തുക മുഴുവൻ മികച്ച കാമറയും മറ്റും വാങ്ങാനും യാത്രകൾക്കുമായാണ് യാങ് ചെലവിട്ടത്. അമേരിക്ക, പെറു, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കാണ് അടുത്ത യാത്ര.


Life Style ⏭️

Back to top button