BUSINESS
എഐ ഡാറ്റ സ്റ്റോറേജ് ഉപകരണങ്ങൾ ഇനി കൊച്ചിയിലും നിർമിക്കും, കേരള-യുഎസ് കമ്പനികൾ കൈകോർക്കുന്നു

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ അത്യാധുനിക ഡാറ്റാ സ്റ്റോറേജ് ഉപകരണങ്ങൾ ഇനി കൊച്ചിയിലും നിർമിക്കും. നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രോണിക്‌സ് നിർമാണ സ്ഥാപനമായ എസ്എഫ്ഒ ടെക്‌നോളജീസും പ്രമുഖ അമേരിക്കൻ കമ്പനിയായ സ്മാർട്ട് ഐഒ.പിഎസും തമ്മിൽ ഇതിനായി ധാരണയായി.സ്മാർട്ട് ഐഒപിഎസിന്റെ ‘ട്രൂ റാന്റം’സാങ്കേതികവിദ്യ ഉപയോഗിച്ച് എഐ അധിഷ്ഠിത സിസ്റ്റങ്ങൾ, ഡാറ്റാ സെന്ററുകൾ, സൂപ്പർ കംപ്യൂട്ടറുകൾ എന്നിവയ്ക്ക് ആവശ്യമായ അതിവേഗ സോളിഡ് സ്റ്റേറ്റ് ഡ്രൈവുകളാണ് കൊച്ചിയിലെ കേന്ദ്രത്തിൽ ഉൽപ്പാദിപ്പിക്കുക.സാധാരണ ഇലക്ട്രോണിക്‌സ് ഘടകങ്ങൾ കൂട്ടിച്ചേർക്കുന്ന ശൈലിയിൽ നിന്ന് മാറി സങ്കീർണമായ എഐ ഹാർഡ്‍വെയറുകൾ നേരിട്ട് നിർമിക്കുന്ന ഘട്ടത്തിലേക്ക് സംസ്ഥാനത്തെ ടെക് മേഖല വളരുന്നതിന്റെ സൂചനയാണിത്. ഉയർന്ന കൃത്യതയും പ്രത്യേക താപനിയന്ത്രണ സംവിധാനങ്ങളും ആവശ്യമായ ഇത്തരം ഉൽപാദനം കൊച്ചിയിൽ നടക്കുന്നത് വ്യവസായ രംഗത്ത് വലിയൊരു മുന്നേറ്റമാകും. കേന്ദ്ര സർക്കാരിന്റെ ‘ആത്മനിർഭർ ഭാരത്’ ലക്ഷ്യങ്ങൾക്ക് കരുത്തുപകരുന്നതാണ് ഈ പങ്കാളിത്തമെന്ന് നെസ്റ്റ് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എൻ.ജഹാംഗീർ പറഞ്ഞു. എഐ ഹാർഡ്‍വെയർ ഉൽപാദനത്തിൽ ഇന്ത്യയെ ആഗോള കേന്ദ്രമാക്കി മാറ്റാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.ലോകോത്തര നിലവാരമുള്ള എഐ ഉപകരണങ്ങൾ നിർമിക്കാനുള്ള സാങ്കേതിക തികവ് കൊച്ചിക്കുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ നേട്ടമെന്ന് സ്മാർട്ട് ഐഒപിഎസ് സഹസ്ഥാപകൻ രാധാകൃഷ്ണൻ നായർ ചൂണ്ടിക്കാട്ടി.
Travel ⏭️


