BUSINESS

ഓണത്തോടെ ‘പൊളിക്കാൻ’ കേരളം! 3 വണ്ടിപൊളിക്കൽ കേന്ദ്രങ്ങൾ ഉടൻ തുറക്കും, പഴയ വണ്ടി പൊളിച്ചാൽ എന്താണ് നേട്ടം


ആലപ്പുഴ∙ പഴയ വാഹനങ്ങൾ പൊളിക്കാനുള്ള സംസ്ഥാനത്തെ പ്ലാന്റുകൾ ഓണത്തോടെ പ്രവർത്തനമാരംഭിക്കും. ചേർത്തലയിലും കണ്ണൂരിലെ അഴീക്കലിലും സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡിന്റെ (സിൽക്) കേന്ദ്രങ്ങളിലാണു വാഹനങ്ങൾ പൊളിക്കുന്നത്. മലപ്പുറം എടപ്പാളിലെ കെഎസ്ആർടിസി– സൗത്ത് ഇന്ത്യ മെറ്റൽ കോർപറേഷൻ (സിംകോ) കേന്ദ്രത്തിലാണു മൂന്നാമത്തെ പ്ലാന്റ്.എല്ലായിടത്തും മാസങ്ങൾക്കു മുൻപ് തന്നെ വാഹനങ്ങൾ സ്വീകരിച്ചു തുടങ്ങിയിരുന്നു. മുന്നൂറോളം വാഹനങ്ങൾ ഇതിനകം പൊളിക്കാനായി എത്തിയിട്ടുണ്ട്. ഓണത്തോടെ പ്ലാന്റുകൾ ഉദ്ഘാടനം ചെയ്തു വാഹനം പൊളിക്കൽ ആരംഭിക്കാനാണു ലക്ഷ്യമിടുന്നത്. ഒരു കേന്ദ്രത്തിൽ പ്രതിദിനം 28 വാഹനങ്ങൾ വരെ പൊളിക്കാം.കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ vscrap.parivahan.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. റജിസ്ട്രേഷൻ രേഖകളും നികുതി അടച്ച രേഖകളും സഹിതം പൊളിക്കൽ കേന്ദ്രത്തിൽ വാഹനം എത്തിക്കണം. ഭാരം കണക്കാക്കി വാഹനത്തിന്റെ തുകയും സർട്ടിഫിക്കറ്റ് ഓഫ് ഡിപോസിറ്റും (സിഒഡി) ഉടമയ്ക്കു കൈമാറും. സിഒഡി ഉപയോഗിച്ചു പുതിയ വാഹനം റജിസ്റ്റർ ചെയ്യുമ്പോൾ റോഡ് നികുതിയിൽ 15 % ഇളവുണ്ട്, റജിസ്ട്രേഷൻ തുകയിൽ നിന്ന് ഒഴിവാകുകയും ചെയ്യാം. സിഒഡി മറ്റുള്ളവർക്കു കൈമാറ്റം ചെയ്യാൻ സാധിക്കുമെങ്കിലും ഒരു വർഷത്തിനകം ഉപയോഗിക്കേണ്ടതുണ്ട്. വാഹനങ്ങൾ പൊളിച്ച ശേഷം ലഭിക്കുന്ന സ്ക്രാപ്പിങ് സർട്ടിഫിക്കറ്റ് ഹാജരാക്കി ആർടി ഓഫിസുകൾ വഴി വാഹനത്തിന്റെ റജിസ്ട്രേഷൻ സ്ഥിരമായി റദ്ദാക്കണം.കേന്ദ്ര സർക്കാരിന്റെ വാഹന പൊളിക്കൽ നയത്തിന്റെ ഭാഗമായാണ് റജിസ്റ്റേഡ് വെഹിക്കിൾ സ്ക്രാപ്പിങ് ഫെസിലിറ്റി (ആർവിഎസ്എഫ്) കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിക്കുന്നത്. നിയമപരമായി വാഹനങ്ങൾ പൊളിക്കാനും ലോഹങ്ങളും മറ്റു ഭാഗങ്ങളും പുനരുപയോഗത്തിനായി വേർതിരിച്ചെടുക്കാനുമാണു പ്ലാന്റുകൾ ഏർപ്പെടുത്തുന്നത്. പദ്ധതിയുടെ അടുത്ത ഘട്ടത്തിൽ വാഹനങ്ങൾ സ്വീകരിക്കാൻ ഓരോ ജില്ലയിലും പ്രത്യേക കേന്ദ്രം ഒരുക്കുന്നതും ആലോചനയിലുണ്ട്.സിൽക്കിൽ പൊളിച്ചത് 200 വാഹനങ്ങൾകണ്ണൂർ ∙ കാലപരിധി കഴിഞ്ഞ പഴയ വാഹനങ്ങൾ പൊളിക്കാനുള്ള അംഗീകൃത കേന്ദ്രമായ അഴീക്കൽ സിൽക്കിൽ ഇതുവരെ പൊളിക്കാനായെത്തിയത് 200 സ്വകാര്യ വാഹനങ്ങൾ. കേന്ദ്രത്തിൽ എത്തിച്ച വാഹനങ്ങൾ പൊളിച്ചുനീക്കാനുള്ള നടപടി തുടങ്ങി. ബൈക്കുകളും ഓട്ടോറിക്ഷകളുമാണ് പൊളിക്കാനായി എത്തിച്ചതിലേറെയും.


Travel ⏭️

Back to top button