NEWS

ആന്റോയുടെ ഉദ്ദേശ്യം സമാന്തര ബാർ നടത്തലെന്ന് എക്സൈസ്; മദ്യനിർമാണ യൂണിറ്റുകളുണ്ടോയെന്നു പരിശോധന


ബത്തേരി∙ വ്യാജമദ്യം സൂക്ഷിച്ച കേസിൽ റിമാൻഡിലായ ആന്റോ അഗസ്റ്റിൻ വീടിന്റെ തരംമാറ്റാൻ അപേക്ഷ നൽകിയത് വീട്ടിൽ സമാന്തര ബാർ നടത്താനായിരുന്നോയെന്നു സംശയിക്കുന്നതായി എക്സൈസ് സംഘത്തിന്റെ റിമാൻഡ് റിപ്പോർട്ട്. പ്രതിയുടെ വീട്ടിൽനിന്ന് ആൽക്കഹോൾ അടങ്ങിയ 12.750 ലീറ്റർ പാനീയം കണ്ടെത്തി. പ്രതിക്കു മറ്റെവിടെയെങ്കിലും ഇത്തരം മദ്യനിർമാണ യൂണിറ്റുകളുണ്ടോയെന്നു കണ്ടെത്തേണ്ടതുണ്ടെന്നും എക്സൈസ് കോടതിയെ അറിയിച്ചു.വീട് തന്റേതല്ലെന്ന ആന്റോയുടെ വാദം എക്സൈസ് തള്ളി. അനധികൃതമായി സൂക്ഷിച്ച മദ്യം കണ്ടെത്തിയ വീട് ആന്റോ അഗസ്റ്റിന്റേതല്ലെന്ന വാദമാണു പ്രതിഭാഗം കോടതിയിൽ പ്രധാനമായും ഉയർത്തിയത്. എന്നാൽ, മാർച്ച് 18ന് മുട്ടിൽ പഞ്ചായത്തിൽ വീടിനു നികുതിയായി 8068 രൂപ അടച്ചതിന്റെ രേഖ എക്സൈസ് കോടതിയിൽ ഹാജരാക്കി. ആന്റോയെ അറസ്റ്റ് ചെയ്ത സെപ്റ്റംബർ 17ന് മുട്ടിൽ പഞ്ചായത്ത് സെക്രട്ടറി നൽകിയ സർട്ടിഫിക്കറ്റിലും വീട് ആന്റോയുടെ പേരിലാണെന്നു വ്യക്തം. റവന്യു രേഖകൾ പ്രകാരം, വീട് നിൽക്കുന്ന സ്ഥലത്തിന്റെ ഉടമയും ആന്റോ അഗസ്റ്റിനാണെന്ന് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അബുൽ ഹസൻ കോടതിയെ അറിയിക്കുകയും ചെയ്തു.


Fashion ⏭️

Back to top button