NEWS

ബേബിച്ചനും ഔസേപ്പച്ചനും വള്ളംനിറയെ വാഴക്കുലയുമായി ചങ്ങനാശേരിയിൽ എത്തിയത് ഒന്നര മണിക്കൂർ തുഴഞ്ഞ്!


കോട്ടയം∙ ‘വെള്ളത്തിൽ കുല നശിച്ചു പോകും. 10, 15 ദിവസത്തെ വിളവ് കൂടി ഉണ്ട്. കാത്തിരുന്നാൽ ഒന്നും കിട്ടില്ല. ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു മാർഗം സ്വീകരിക്കുന്നത്’ – ആലപ്പുഴ മുട്ടാർ ചാത്തങ്കരിയിൽ നിന്ന് എസി കനാലിലൂടെ ചങ്ങനാശേരി ചന്തയിലേക്ക് വള്ളത്തിൽ വാഴക്കുല കൊണ്ടുവന്ന കർഷകരായ ബേബിച്ചനും ഒൗസേപ്പച്ചനും പറഞ്ഞ വാക്കുകളാണിത്. റോഡിൽ അരപ്പൊക്കം വെള്ളമായതിനാലാണ് ഇൗ മാർഗം സ്വീകരിച്ചതെന്ന് ഇവർ പറയുന്നു. ഇത്രയും നാളത്തെ കൃഷി അനുഭവത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്.വെള്ളക്കെട്ടിൽ നിന്നാൽ വാഴക്കുല നശിച്ചു പോകുന്നതിനാലാണ് നേരത്തെ വിളവെടുത്തത്. കുറച്ചു ദിവസത്തെ വിളവ് കൂടി ഉണ്ടായിരുന്നു. പക്ഷേ ഇനിയും താമസിച്ചാൽ കുല മുഴുവനായും നശിച്ചുപോകും. അതിനാലാണ് ഏറെ പണിപ്പെട്ട് ഒന്നര മണിക്കൂർ വള്ളം തുഴഞ്ഞ് എത്തിയത്. ചങ്ങനാശേരി ചന്തയിൽ ഓണം വിഭവങ്ങൾ തയാറാക്കാനുള്ള കടയിൽ വിൽക്കാനുള്ളതാണ് ഇൗ കുലകൾ. സ്ഥിരമായി ചങ്ങനാശേരിയിലാണ് വാഴക്കുല കൊടുക്കുന്നത്. അതിനാലാണ് ഇത്തവണയും അവർക്ക് കൊടുക്കാൻ തീരുമാനിച്ചത്. റോഡിൽ അരയോളം വെള്ളമാണെന്നും ജലമാർഗമല്ലാതെ പുറത്തിറങ്ങാൻ വേറെ രക്ഷയില്ലെന്നും ഇവർ പറയുന്നു. ചാത്തങ്കരിയിൽ നിന്ന് പെരിങ്ങര, അവിടെ നിന്ന് തിരുവല്ല വഴി ചങ്ങനാശേരി ഇതാണ് റോഡ് മാർഗം. ഇത്തവണ പകരം തോട് മാർഗം സ്വീകരിക്കുകയായിരുന്നു.


Fashion ⏭️

Back to top button