ട്രില്യൻ ഡോളർ ലക്ഷ്യവുമായി ആന്ത്രോപിക്; വമ്പൻ ഐപിഒയ്ക്ക് പിന്നാലെ ഇന്ത്യൻ ഐടി മേഖലയിൽ ആശങ്കയുടെ നിഴൽ

നിർമ്മിത ബുദ്ധി അഥവാ എഐ രംഗത്തെ മുൻനിരക്കാരായ ആന്ത്രോപിക്, ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വിധം കൂറ്റൻ പ്രാഥമിക ഓഹരി വിൽപനയ്ക്കുള്ള (ഐപിഒ) ഒരുക്കത്തിലാണ്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകൾ കമ്പനി റഗുലേറ്ററി അതോറിറ്റിക്ക് മുൻപാകെ സമർപ്പിച്ചു കഴിഞ്ഞു. അടുത്ത മാസം തന്നെ വോൾസ്ട്രീറ്റിൽ കമ്പനി തങ്ങളുടെ ഓഹരികൾ ലിസ്റ്റ് ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. ഡാരിയോ അമോഡെയുടെ നേതൃത്വത്തിലുള്ള ഈ സ്ഥാപനം ഏകദേശം 10,000 കോടി ഡോളർ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.
ഇലോൺ മസ്കിന്റെ സ്പേസ് എക്സ് അടുത്തിടെ നടത്തിയ ഐപിഒയിലൂടെ 8600 കോടി ഡോളർ സമാഹരിച്ചത് വലിയ വാർത്തയായിരുന്നു. എന്നാൽ, എഐ സാങ്കേതികവിദ്യയുടെ സുരക്ഷയെ ചൊല്ലിയുള്ള ആശങ്കകൾ കാരണം എതിരാളിയായ ഓപ്പൺഎഐ തങ്ങളുടെ ഐപിഒ അടുത്ത വർഷത്തേക്ക് മാറ്റിവെച്ചു. ഈ സാഹചര്യത്തിൽ ആന്ത്രോപിക്കിന്റെ നീക്കം ഏവരിലും വലിയ കൗതുകമുണർത്തുന്നു. ഈ വലിയ നേട്ടത്തോടെ വിപണി മൂല്യത്തിൽ ഒരു ലക്ഷം കോടി ഡോളർ (ട്രില്യൻ ഡോളർ) ക്ലബ്ബിലേക്ക് ആന്ത്രോപിക്കും ഇടംപിടിക്കും. ഐപിഒയ്ക്ക് മുൻപ് തന്നെ ട്രില്യൻ ഡോളർ മൂല്യം കൈവരിക്കുന്ന അപൂർവ്വം കമ്പനികളിലൊന്നായി മാറാനും ഇതിലൂടെ ആന്ത്രോപിക്കിന് സാധിക്കുന്നു. നേരത്തെ സൗദി അരാംകോയും സ്പേസ് എക്സുമാണ് ഈ നേട്ടം കൈവരിച്ചത്. വരാനിരിക്കുന്ന ഓപ്പൺഎഐ ഐപിഒ കൂടി കഴിയുമ്പോൾ അവർ ഈ നിരയിൽ നാലാമതാകും.
ആന്ത്രോപിക്കിന്റെ ഈ ഐപിഒ പ്രഖ്യാപനം ദക്ഷിണ കൊറിയൻ, ജാപ്പനീസ് വിപണികൾക്ക് വലിയ ഉണർവാണ് നൽകിയത്. ദക്ഷിണ കൊറിയയുടെ കോസ്പി സൂചിക മൂന്ന് ശതമാനവും ജപ്പാനിലെ നിക്കെയ് സൂചിക 1.73 ശതമാനവും മുന്നേറി. ചിപ്പ് നിർമാണ രംഗത്തെ പ്രമുഖരായ സാംസങ്, എസ്കെ ഹൈനിക്സ് എന്നിവയുടെ ഓഹരി വിലയിൽ നാല് ശതമാനത്തോളം വർധനവാണുണ്ടായത്. ജപ്പാനിലെ സോഫ്റ്റ് ബാങ്കിന്റെ ഓഹരികൾ അഞ്ച് ശതമാനം ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.




