BUSINESS
ഇന്ത്യയെ പൊള്ളിക്കുന്ന ക്രൂഡ് ഇറക്കുമതി; 48% വർധന, ദൈനംദിന ജീവിതച്ചെലവുകൾ ഉയരാൻ സാധ്യത

India Crude Oil News : ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതിച്ചെലവിൽ വൻ വർധന. ഇയർ-ഓൺ-ഇയർ അടിസ്ഥാനത്തിൽ 48% വർധനയാണ് രേഖപ്പെടുത്തിയത്. ഇത് ഇന്ധന വില വർധനവിനും, സാധാരണക്കാരുടെ പോക്കറ്റിനെ ദോഷകരമായി ബാധിക്കുന്നതിനും കാരണമായേക്കും. ഇന്ത്യയുടെ ഉയരുന്ന ക്രൂഡ് ഇറക്കുമതിച്ചെലവും, അനന്തര ഫലങ്ങളുംഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിച്ചെലവിൽ വൻ വർധന. ആഗോളവിപണിയിൽ എണ്ണ വില ഉയർന്നതിനെ തുടർന്ന്, ഈ വർഷം ഏപ്രിൽ മുതൽ ആഗസ്റ്റ് വരെയുള്ള കാലയളവിലാണ് ചെലവ് ഉയർന്നത്. രാജ്യാന്തര ക്രൂഡ് വില തുടർച്ചയായി ഉയർന്നു നിന്നാൽ അത് ഇന്ത്യയിൽ ഇന്ധന വില വർധനയ്ക്ക് കാരണമാകും. ലളിതമായി പറഞ്ഞാൽ സാധാരണക്കാരായ മലയാളികളുടെ പോക്കറ്റിനെപ്പോലും ബാധിക്കുന്ന ഒന്നാണ് ക്രൂഡ് നിരക്കുകളിലെ മാറ്റങ്ങൾചില കണക്കുകൾപെട്രോളിയം മന്ത്രാലയത്തിന് കീഴിലുള്ള പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് സെല്ലിന്റെ (PPAC) പുതിയ കണക്കുകൾ പ്രകാരം, ഏപ്രിൽ-ആഗസ്റ്റ് കാലയളവിൽ ഇന്ത്യയുടെ ഇറക്കുമതി ചെലവ് 48% വർദ്ധിച്ച് 7,480 കോടി ഡോളറിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 5,040 കോടി ഡോളറായിരുന്നു.അതേ സമയം, ഇന്ത്യ ഇറക്കുമതി ചെയ്ത എണ്ണയുടെ അളവിൽ കാര്യമായ വർദ്ധനവ് ഉണ്ടായിട്ടില്ല. കഴിഞ്ഞ വർഷം ഏപ്രിൽ-ആഗസ്റ്റ് മാസങ്ങളിൽ 10.11 കോടി ടൺ എണ്ണ ഇറക്കുമതി ചെയ്ത സ്ഥാനത്ത്, ഈ വർഷം 10.07 കോടി ടൺ എണ്ണയാണ് വാങ്ങിയത്. എന്നാൽ അന്താരാഷ്ട്ര വിപണിയിൽ ബാരലിന് വില കൂടിയതാണ് ഇറക്കുമതിച്ചെലവ് ഉയരാൻ കാരണം. ആഗസ്റ്റിൽ മാത്രം ഇന്ത്യയുടെ എണ്ണ ഇറക്കുമതിച്ചെലവ് 18% വർദ്ധിച്ച് 1,170 കോടി ഡോളറിലെത്തി.ഇന്ത്യയുടെ ക്രൂഡ് ഓയിൽ ആശ്രിതത്ത്വംപശ്ചിമേഷ്യയിലുണ്ടായ രാഷ്ട്രീയ സംഘർഷങ്ങളും തടസ്സങ്ങളുമാണ് അന്താരാഷ്ട്ര തലത്തിൽ എണ്ണവില ഉയരാൻ ഇടയാക്കിയത്. ഇന്ത്യ വാങ്ങുന്ന ക്രൂഡ് ഓയിലിന്റെ ശരാശരി വില ആഗസ്റ്റിൽ ബാരലിന് 90.19 ഡോളറായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ സമയത്ത് ഇത് 69.11 ഡോളറായിരുന്നു.ഇന്ത്യയ്ക്ക് ആവശ്യമായ ക്രൂഡ് ഓയിലിന്റെ 85 ശതമാനത്തിലധികവും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. അതിനാൽ അന്താരാഷ്ട്ര വിപണിയിലെ എണ്ണവില വർദ്ധന രാജ്യത്തിന്റെ ആഭ്യന്തര സമ്പദ്‌വ്യവസ്ഥയെയും, വിലക്കയറ്റത്തോതിനെയും ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്.സാധാരണക്കാരെ ബാധിക്കുന്നതെങ്ങനെ?അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയരുന്നതും, ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതി സംബന്ധിച്ച ചെലവുകൾ വർദ്ധിക്കുന്നതും സാധാരണക്കാരെ താഴെ പറയുന്ന രീതികളിൽ ബാധിക്കും. പെട്രോൾ, ഡീസൽ വിലക്കയറ്റം: ക്രൂഡ് ഓയിൽ വില ഉയർന്നാൽ രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിക്കാൻ സാധ്യതയേറും. ഇത് ഇരുചക്ര വാഹനങ്ങളും കാറുകളും ഉപയോഗിക്കുന്നവരുടെ ദൈനംദിന യാത്രാച്ചെലവുകൾ ഉയർത്തും. നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധന: ഡീസൽ വില കൂടുമ്പോൾ ചരക്കുലോറികളുടെ വാടക ഉയരും. ലോജിസ്റ്റിക്സ് ചെലവ് വർധിക്കുന്നതിന്റെ ഫലമായി പച്ചക്കറി, അരി, മറ്റ് ഭക്ഷ്യവസ്തുക്കൾ, അവശ്യസാധനങ്ങൾ എന്നിവയുടെ വില പൊതുവിപണിയിൽ വർദ്ധിക്കും. യാത്രാ നിരക്കുകൾ കൂടാം: പൊതുഗതാഗതവുമായി ബന്ധപ്പെട്ട ചെലവുകൾ, ബസ് ഫെയർ, ഓട്ടോ-ടാക്സി നിരക്കുകൾ, സ്കൂൾ വാൻ നിരക്കുകൾ എന്നിവ ഉയരാൻ ഇത് ഇടയാക്കും. രൂപയുടെ മൂല്യത്തിലെ ഇടിവ്: എണ്ണ ഇറക്കുമതിക്കായി കൂടുതൽ ഡോളർ വിദേശത്തേക്ക് ചെലവഴിക്കേണ്ടി വരുമ്പോൾ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയും. ഇത് വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന മറ്റ് സാധനങ്ങളുടെയും വില ഉയരാൻ കാരണമാകും. ഉദാഹരണത്തിന് പാചകവാതകം, ഫോണുകൾ, ഇലക്ട്രോണിക്സ് തുടങ്ങിയവയുടെ വില വർധിക്കാം. താളം തെറ്റാവുന്ന കുടുംബ ബജറ്റ് : വരുമാനത്തിൽ വർദ്ധനവില്ലാതെ, ദിനംപ്രതിയുള്ള ചെലവുകൾ മാത്രം വർദ്ധിക്കുന്നത് കുടുംബങ്ങളുടെ പ്രതിമാസ സമ്പാദ്യത്തെ ബാധിക്കുകയും, ദൈനംദിനാടിസ്ഥാനത്തിൽ ജീവിതച്ചെലവ് കൂട്ടി സാമ്പത്തിക സമ്മർദ്ദമുണ്ടാക്കുകയും ചെയ്യും.
Read News




