NEWS

മെമു ഷെഡ് നിർമാണം ഡിസംബറിൽ പൂർത്തിയാകും; കൊല്ലത്തിന് ഇനി കൂടുതൽ ട്രെയിൻ സർവീസുകൾ ലഭിക്കും

കൊല്ലം റെയിൽവേ സ്റ്റേഷനിലെ മെമു ഷെഡ് നിർമ്മാണം ഈ വർഷം അവസാനത്തോടെ പൂർത്തിയാകുമെന്ന് അധികൃതർ അറിയിച്ചു. ഷെഡിന്റെ പ്രവർത്തനം സജീവമാകുന്നതോടെ കൂടുതൽ മെമു ട്രെയിനുകൾ ഓടിച്ചുതുടങ്ങാനും, ഇതുവഴി ഈ മേഖലയിലെ യാത്രാപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാനും സാധിക്കുമെന്നാണ് റെയിൽവേയുടെ കണക്കുകൂട്ടൽ. കൊല്ലം റെയിൽവേ സ്റ്റേഷന്റെ മുഖച്ഛായ മാറ്റുന്നതിന്റെ ഭാഗമായി മൾട്ടി ലെവൽ കാർ പാർക്കിങ്, ഗ്യാങ് റെസ്റ്റ് റൂം, സ്റ്റേഷൻ സർവീസ് കെട്ടിടം, എസ്എസ്ഇ വർക്ക് കെട്ടിടം എന്നിവയുടെ നിർമ്മാണം ഇതിനോടകം പൂർത്തിയായിക്കഴിഞ്ഞു. എയർ കോൺകോഴ്സ്, ഫുട്ഓവർ ബ്രിജ്, പ്ലാറ്റ്ഫോം നവീകരണം, നോർത്ത് ടെർമിനൽ കെട്ടിടം, സബ് സ്റ്റേഷൻ തുടങ്ങിയ ജോലികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടന്നുവരികയാണെന്ന് ചെന്നൈയിൽ ദക്ഷിണ റെയിൽവേ ജനറൽ മാനേജരുമായി എൻ.കെ. പ്രേമചന്ദ്രൻ എംപി നടത്തിയ ചർച്ചയിൽ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കൊല്ലം-ചെങ്കോട്ട പാതയിലെ ട്രെയിനുകളുടെ വേഗത വർധിപ്പിക്കാനും കോച്ചുകളുടെ എണ്ണം കൂട്ടാനുമുള്ള നടപടികൾക്കും റെയിൽവേ മുൻഗണന നൽകുന്നുണ്ട്. പ്ലാറ്റ്‌ഫോമുകളുടെ നീളം കുറവായതാണ് കോച്ചുകളുടെ എണ്ണം വർധിപ്പിക്കാൻ തടസ്സമായി നിൽക്കുന്നത്; അതിനാൽ പ്ലാറ്റ്‌ഫോം വിപുലീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. പാതയിലെ വളവുകളും ഭൂപ്രകൃതിയിലെ പ്രത്യേകതകളും ട്രെയിനുകളുടെ വേഗതയെ ബാധിക്കുന്നുണ്ട്. ഇത് പരിഹരിച്ച് ഏത് രീതിയിൽ വേഗത കൂട്ടാനാകുമെന്ന് പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കാനും തീരുമാനമായി. കൂടാതെ, കൊല്ലം റെയിൽവേ ഹെൽത്ത് യൂണിറ്റിനായി പുതിയ കെട്ടിടം നിർമ്മിക്കാൻ അനുമതി ലഭിച്ചിട്ടുണ്ടെന്നും ഇതിനായുള്ള ടെൻഡർ നടപടികൾ വേഗത്തിലാക്കുമെന്നും അധികൃതർ അറിയിച്ചു.

ചെങ്കോട്ട വരെ മാത്രം സർവീസ് നടത്തുന്ന ട്രെയിനുകൾ കൊല്ലത്തേക്ക് നീട്ടുക, പുനലൂർ-മധുര ട്രെയിൻ പുതുച്ചേരി വരെ ദീർഘിപ്പിക്കുക, കൊല്ലം-ചെങ്കോട്ട വഴിയുള്ള പുതുച്ചേരി സർവീസ്, തിരുവനന്തപുരം-താംബരം സ്പെഷൽ, കൊല്ലം-ഹുബള്ളി, കൊല്ലം-എഗ്‌മൂർ ട്രെയിനുകൾ ദിവസേനയാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളും റെയിൽവേയുടെ പരിഗണനയിലുണ്ട്. ഇവയിൽ അനുകൂലമായ നടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ ഉറപ്പ് നൽകി.

Fashion ⏭️

Back to top button