BUSINESS
ദിവസവും കോടികളുടെ സ്വർണ വ്യാപാരം; എന്നിട്ടും ‘മാറ്റ് നോക്കാൻ കേരളത്തിൽ തരിപ്പൊന്നില്ല’, സാംപിളുമായി ആരും വരാറില്ല, കേസുമില്ല!

കാക്കനാട്∙ കഴിഞ്ഞ 5 വർഷത്തിനിടെ ഒരൊറ്റ സാംപിൾ പോലും പരിശോധിക്കാതെ ലീഗൽ മെട്രോളജി വകുപ്പിന്റെ ഗോൾഡ് അസെയിങ് ആൻഡ് ടെസ്റ്റിങ് ലാബ്. ദിവസവും കോടികളുടെ സ്വർണ വ്യാപാരം കേരളത്തിൽ നടക്കുന്നുണ്ടെങ്കിലും പരിശുദ്ധി ബോധ്യപ്പെടുന്ന പരിശോധനയ്ക്ക് ആരും സാംപിൾ കൊണ്ടുവരുന്നില്ലെന്നാണ് അധികൃതർ പറയുന്നത്. സ്വർണത്തിന്റെ പരിശുദ്ധി പരിശോധിക്കുന്ന സംസ്ഥാനത്തെ ഏക സർക്കാർ ലാബാണിത്.പരിശോധന നടക്കാത്തതു കൊണ്ടുതന്നെ ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഒരു കേസു പോലും റജിസ്റ്റർ ചെയ്തിട്ടുമില്ല. 2003ലാണ് ലീഗൽ മെട്രോളജി ഓഫിസിനോടനുബന്ധിച്ചു സ്വർണ സംശുദ്ധി പരിശോധന ലാബ് തുടങ്ങിയത്. ആദ്യ കാലത്ത് ചുരുക്കം ചില പരിശോധനകൾ നടന്നിരുന്നു. സ്വർണവ്യാപാര സ്ഥലങ്ങളിൽ പോയി പരിശുദ്ധി പരിശോധിക്കാനുള്ള ജീവനക്കാരില്ലാത്തതിനാൽ അതും നടക്കുന്നില്ല. ഒരു അസെയ് മാസ്റ്ററും സഹായിയും മാത്രമാണ് ലാബിലുള്ളത്. സ്വർണത്തിന്റെ പ്രാഥമിക ഗുണനിലവാരം ലഭ്യമാകുന്ന നോൺ–ഡെസ്ട്രക്ടീവ് പരിശോധനയും കൃത്യമായി പരിശുദ്ധി വ്യക്തമാക്കുന്ന ഡെസ്ട്രക്ടീവ് പരിശോധനയുമാണ് ഇവിടെ നടക്കുന്നത്. ലബോറട്ടറിയുടെ പരിശോധന റിപ്പോർട്ട് കോടതികളും മറ്റ് അന്വേഷണ ഏജൻസികളും ശാസ്ത്രീയ പരിശോധന റിപ്പോർട്ടായി അംഗീകരിക്കാറുണ്ട്. ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷിക്കുന്ന എസ്ഐടി ടീമിനെ ലീഗൽ മെട്രോളജി ഗോൾഡ് ലാബ് അസെയ് മാസ്റ്റർ ജാലി ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം സഹായിച്ചിരുന്നു. പൊതുജനങ്ങൾക്ക് ഇവിടെ സാംപിൾ എത്തിച്ചു പരിശോധിക്കാൻ നാമമാത്ര ഫീസ് മാത്രമേ ഈടാക്കുന്നുള്ളു.
Travel ⏭️


