NEWS
രാഹുൽ ട്രെയിനിന്റെ വാതിലിനടുത്ത് ഇരിപ്പുണ്ടായിരുന്നു, പിന്നീട് അറിയുന്നത് മരണ വാർത്ത: സുഹൃത്തിന്റെ മൊഴി

കൊച്ചി ∙ ഓടുന്ന ട്രെയിനിൽ നിന്ന് വീണെന്ന് സംശയിക്കുന്ന 18കാരന്റെ മൃതദേഹം റെയിൽവേ ട്രാക്കിന് സമീപം കണ്ടെത്തി. കൊല്ലം പുല്ലമല സ്വദേശിയായ രാഹുൽ ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ കൊച്ചി പൊന്നുരുന്നി റെയിൽവേ മാർഷലിങ് യാർഡിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കണ്ണൂരിൽ നിന്ന് കൊല്ലത്തേക്ക് മലബാർ എക്സ്പ്രസിൽ സുഹൃത്തിനൊപ്പം യാത്ര ചെയ്യുകയായിരുന്നു രാഹുൽ. പുലർച്ചെ 3 മണിക്കും 3.30നും ഇടയിൽ ട്രെയിൻ കൊച്ചിയിലൂടെ കടന്നുപോകുമ്പോഴാണ് അപകടം നടന്നതെന്ന് കരുതപ്പെടുന്നു.താൻ ഉറങ്ങുന്നതിനു മുൻപ് രാഹുൽ വാതിലിനടുത്ത് ഇരിക്കുന്നത് കണ്ടിരുന്നു എന്ന് കൂടെയുണ്ടായിരുന്ന സുഹൃത്ത് പൊലീസിന് മൊഴി നൽകി. കൊല്ലത്ത് ട്രെയിൻ ഇറങ്ങിയപ്പോഴാണ് രാഹുലിനെ കാണാനില്ലെന്ന വിവരം സുഹൃത്ത് അറിയുന്നത്. തുടർന്ന് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടിയുണ്ടായില്ല. ഇതോടെ സുഹൃത്ത് റെയിൽവേ അധികൃതരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. രാവിലെ 8.17ഓടെ പൊന്നുരുന്നിയിലെ ട്രാക്കിന് സമീപം മൃതദേഹം കണ്ടെത്തിയതോടെ നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
Fashion ⏭️



