NEWS
വീട്ടിൽ കയറില്ല, മോഷണത്തിന് എത്തുന്നത് വിമാനത്തിൽ; യുപി സംഘത്തിലെ 11 പേർ കേരളത്തിൽ പിടിയിൽ

കൊച്ചി ∙ ഉത്തർപ്രദേശിൽനിന്നും മോഷണ സംഘമെത്തുന്നതും തിരികെ പോകുന്നതും വിമാനത്തിൽ, സഞ്ചരിക്കാനുള്ള ഇരുചക്ര വാഹനങ്ങളെത്തുന്നത് ട്രെയിനിൽ. കേരളത്തിലെത്തി കവർച്ച നടത്തുന്ന, വിമാനത്തിൽ പറക്കുന്ന ഉത്തർപ്രദേശിൽ നിന്നുള്ള വൻ അന്തർസംസ്ഥാന മോഷണ സംഘത്തെ പൊലീസ് പിടികൂടി. പ്രധാനമായും ബിഎസ്എൻഎലിന്റെ ഔട്ട്ഡോർ ജംക്ഷൻ ബോക്സുകളിൽ നിന്നുള്ള ചെമ്പ് കേബിളുകളും പൂട്ടിയിട്ട വാണിജ്യ സ്ഥാപനങ്ങളുമാണ് ഈ സംഘം ലക്ഷ്യമിട്ടിരുന്നത്. ഈ സംഘത്തിലെ 11 പേരാണ് തൃശൂർ, എറണാകുളം, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നായി അറസ്റ്റിലായത്. യുപിയിലെ മീററ്റ്, ബാഗ്പത് സ്വദേശികളാണ് പിടിയിലായവർ.തൃശൂർ പറവട്ടാനിയിൽ വച്ച് കെഎസ്ഇബി ജീവനക്കാരുടെ വേഷത്തിൽ ബിഎസ്എൻഎൽ കേബിൾ മോഷണം നടത്താൻ ശ്രമിക്കുന്നതിനിടെയാണ് സംഘത്തിലെ ഒരാൾ പിടിയിലാകുന്നത്. നീല യൂണിഫോമും മഞ്ഞ ഹെൽമറ്റും ധരിച്ചെത്തിയ ഇവരുടെ നീക്കങ്ങളിൽ സംശയം തോന്നിയ ഓട്ടോറിക്ഷാ ഡ്രൈവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തിയതോടെ സംഘം ചിതറിയോടിയെങ്കിലും മീററ്റ് സ്വദേശിയായ റെഹാൻ എന്നയാളെ പൊലീസ് പിന്തുടർന്ന് പിടികൂടി.
Fashion ⏭️




