BUSINESS

‘സിംഗിൾമാൾട്ട് വിസ്കി പോലെ’ യൂറോപ്പിൽ ഹിറ്റടിച്ച് ഇടുക്കിയുടെ ‘സ്പൈസ്’ കഥ; ന്യൂജെൻ സംരംഭകരുടെ ഐഡിയയ്ക്ക് ‘ഇരട്ടിവില’


കൊച്ചി∙ ഒരേ സ്ഥലത്ത് കൃഷി ചെയ്യുന്ന ബാർലിയിൽ നിന്നു മാത്രം ഉണ്ടാക്കുന്നത് എന്ന അർഥത്തിൽ സ്കോട്ട്ല‌ൻഡിന് സിംഗിൾമാൾട്ട് വിസ്ക്കികൾ ആകാമെങ്കിൽ നമുക്ക് എന്തുകൊണ്ട് സിംഗിൾ സ്രോതസ്സ് ഏലയ്ക്കയും കുരുമുളകും ആയിക്കൂടാ? അത്തരമൊരു ആശയം ഗ്രാമ്യ എന്ന കാർഷിക സ്റ്റാർട്ടപ്പിലെ ന്യൂജെൻ കർഷക സംരംഭകർ നടപ്പാക്കിയപ്പോൾ ലഭിച്ചത് ഇരട്ടി കയറ്റുമതി വില! സ്കോച്ചിനെപ്പോലെ സ്രോതസ്സിനെപ്പറ്റി ചെറിയൊരു കഥയും ചേർത്താണ് വിപണനം.നെടുങ്കണ്ടം പനച്ചിനാനിക്കൽ കർഷക കുടുംബത്തിലെ അനു സണ്ണിയും അനിയത്തിമാരായ റിനു സണ്ണിയും സോനു സണ്ണിയും ബിസിനസ് പങ്കാളി ഭവേഷ് സാവരിയയും ചേർന്നാണ് ഗ്രാമ്യ ബ്രാൻഡിൽ കുരുമുളകും ഏലയ്ക്കയും ജാതിക്കയും ഗ്രാമ്പൂവും മറ്റും യുഎസ്–യൂറോപ്പ് വിപണികളിലേക്കു കയറ്റുമതി ചെയ്യുന്നത്. രാസവസ്തുക്കളില്ലാതെ പരമ്പരാഗത കൃഷി രീതികളിൽ വിളവെടുക്കുന്ന തനത് ഇനങ്ങൾ മാത്രമേ ഇടുക്കി ഗ്രാമങ്ങളിലെ കർഷകരിൽ നിന്നു വാങ്ങൂ. സ്വന്തമായി കരിമുണ്ട, നീലമുണ്ട കുരുമുളക് ഇനങ്ങൾ കൃഷി ചെയ്യുന്നുമുണ്ട്. ഏലക്കയ്ക്ക് കിലോഗ്രാം 3000 രൂപ വിപണിയിൽ കിട്ടുമ്പോൾ ഇവർ കർഷകർക്ക് 30% മുതൽ 50% വരെ അധികം കൊടുക്കും. കയറ്റുമതി കിലോ 6000–7000 രൂപയ്ക്കും. കുരുമുളക് കിലോ 760–800 രൂപയ്ക്കാണു സംഭരിക്കുന്നത്. കയറ്റുമതി കിലോ 1300ലേറെ വിലയ്ക്കും. ഈ വില കിട്ടണമെങ്കിൽ മേൽത്തരം ഗുണം മാത്രം പോര ഒരു സിംഗിൾ സ്രോതസ്സ് കഥയും വേണം. ഡാർജിലിങ് തേയില പോലെ ഇടുക്കി സ്പൈസ്!കഴിഞ്ഞ വർഷം കുരുമുളക് 5 ടണ്ണും ഏലയ്ക്ക 2 ടണ്ണും കയറ്റുമതി ചെയ്തു. വിദേശ ഷെഫുമാർക്കു നേരിട്ടും ബി2ബിയുമുണ്ട്. ഫ്രാൻസാണ് പ്രധാന വിപണി. ന്യൂജൻ കർഷകർക്ക് സുഗന്ധക്കൃഷിയുടെ ഭാവിയിലേക്കുള്ള ചൂണ്ടുപലക കൂടി ആയതിനാൽ സ്പൈസസ് ബോർഡ് ഈ കഥയ്ക്കു പ്രചാരവും നൽകുന്നുവെന്ന് ഡയറക്ടർ ഡോ.എ.ബി. രമാശ്രീ പറഞ്ഞു.


Source link

Back to top button