NEWS

ഗൂഗിൾ മാപ്പിൽ കൊച്ചി നഗരത്തിലെ പ്രധാന റോഡുകളെല്ലാം കടുംചുവപ്പ് നിറത്തിലായ ദിനം; അമ്പമ്പോ, വല്ലാത്ത കുരുക്ക്


കൊച്ചി ∙ രണ്ടാം ശനിയുടെ അവധിയിൽ നഗരം ഗതാഗതക്കുരുക്കിൽ കുടുങ്ങി. പ്രധാന പാതകളിലെല്ലാം മണിക്കൂറുകളോളം യാത്രക്കാർ കുടുങ്ങി. കളമശേരി, ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില, കടവന്ത്ര തുടങ്ങി പ്രധാന ജംക്‌ഷനുകളിലെല്ലാം കനത്ത തിരക്കായിരുന്നു. അവധി ദിനത്തിലെ ഷോപ്പിങ് തിരക്കും ചില ഭാഗങ്ങളിൽ റോഡുകൾ തകർന്നു കിടക്കുന്നതും സ്ഥിതി രൂക്ഷമാക്കി. കടവന്ത്രയിലെ തിരക്ക് കലൂർ റോഡിനെയും ബാധിച്ചു. രാവിലെ ആരംഭിച്ച ദുരിതയാത്ര വൈകിട്ടുവരെ നീണ്ടു. ഓഫിസുകളിലേക്കും മറ്റും പോയവരും രോഗികളുമായി വന്ന ആംബുലൻസുകളുമടക്കം റോഡിൽ കുടുങ്ങിക്കിടക്കുന്ന ദയനീയ കാഴ്ചയാണ് നഗരത്തിൽ ഉടനീളം ഉണ്ടായത്. ഇടപ്പള്ളി പരിസരവും പാലാരിവട്ടവും വൈറ്റിലയുമെല്ലാം വാഹനങ്ങളാൽ നിറഞ്ഞു. വൈറ്റിലയിൽ നിന്ന് ഇടപ്പള്ളി വരെ പോകാൻ ഒരു മണിക്കൂറിലധികമാണ് എടുത്തത്. പാലാരിവട്ടം ഫ്ലൈഓവറിനു മുകളിൽ പോലും മണിക്കൂറുകളോളം വാഹനങ്ങൾ അനങ്ങാനാവാതെ നിന്നു. പലയിടങ്ങളിലും കിലോമീറ്ററുകളോളം നീളത്തിലാണ് വാഹനങ്ങളുടെ നിര രൂപപ്പെട്ടത്.കാക്കനാട് ഭാഗത്തേക്ക്കൂടി വാഹനക്കുരുക്ക്  നീണ്ടു. വാഴക്കാല മുതൽ പാലാരിവട്ടം ബൈപാസ് വരെ വാഹനങ്ങൾ ഇഴഞ്ഞാണ് നീങ്ങിയത്.         


Source link

Back to top button