NEWS

ആധിയിൽ വയനാട്; വ്യവസ്ഥകൾ പലതും പാലിക്കാത്തത് ദുരന്തങ്ങളുടെ തീവ്രത വർധിപ്പിക്കുന്നു: കണ്ണിൽപ്പൊടിയിടുന്നതാര്?


കൽപറ്റ ∙ കേരളത്തിന്റെ മറ്റു ഭാഗങ്ങളിലേതുപോലുള്ള ഭൂപ്രകൃതിയല്ല വയനാടിന്. ഡക്കാൻ പീഠഭൂമിയുടെ തെക്കേ അറ്റമായ വയനാട്ടിൽ മറ്റു ജില്ലകളുമായി താരതമ്യം ചെയ്യുമ്പോൾ തികച്ചും പ്രാദേശികമായി സൂക്ഷ്മാടിസ്ഥാനത്തിലുള്ള കാലാവസ്ഥാ വ്യതിയാനമുണ്ടാകുന്നുവെന്നു പല ഗവേഷണങ്ങളിലും തെളിഞ്ഞതാണ്. വയനാടിന്റെ ജീവനാഡിയായ കബനി കേരളത്തിലെ മറ്റു നദികളിൽനിന്നു വ്യത്യസ്തമായി കിഴക്കോട്ട് ഒഴുകുന്നതു ഭൂപ്രകൃതിയിലുള്ള വ്യത്യാസം മൂലമാണ്. പടിഞ്ഞാറുഭാഗത്ത് ഉഷ്ണമേഖലാ നിത്യഹരിത വനങ്ങളാണ്. അധികം അകലെയല്ലാതെ കിഴക്കുഭാഗത്ത് ഉഷ്ണമേഖലാ ഇലപൊഴിയും വനങ്ങളും സ്ഥിതി ചെയ്യുന്നു. ഇവ തമ്മിൽ വേർതിരിക്കുന്ന ഭൂപ്രദേശമാണു വയനാടെന്നു പറയാം. ഇത്തരം ഭൂപ്രകൃതിയിൽ, വികസനപ്രവർത്തനങ്ങൾ മനുഷ്യരാശിയുടെ മുന്നോട്ടുപോക്കിന് അത്യന്താപേക്ഷിതമാകുമ്പോഴും അതിനു മുന്നോടിയായി ശരിയായ വിദഗ്ധപഠനവും മുന്നൊരുക്കവും വയനാട്ടിലുണ്ടാകണം.തുടർക്കഥയാകുന്ന ദുരന്തങ്ങൾ വയനാട് ജില്ലയിൽ വർഷത്തിൽ ശരാശരി 300 സെന്റിമീറ്റർ മഴ ലഭിക്കുന്നുണ്ട്. വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, സോയിൽപൈപ്പിങ്, ഭൂഗർഭ മണ്ണൊലിപ്പ് തുടങ്ങിയ പ്രകൃതിദുരന്തങ്ങൾക്ക് സാധ്യതയേറെ. 1984ൽ മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ 14 ജീവനാണു നഷ്ടമായത്. ഏക്കർ കണക്കിനു കൃഷിഭൂമിയും നശിച്ചു. 1992ൽ പടിഞ്ഞാറത്തറയ്ക്കു സമീപം കാപ്പിക്കളത്തുണ്ടായ ഉരുൾപൊട്ടലിൽ 11 പേർ മരിച്ചു. 2007ൽ വാളംതോടുണ്ടായ ഉരുൾപൊട്ടലിൽ 4 പേർ മരിച്ചു. അതിനുശേഷം മക്കിമല, കുറിച്യർമല, പുത്തുമല, മുണ്ടക്കൈ–ചൂരൽമല തുടങ്ങിയ സ്ഥലങ്ങളിലും വൻ ഉരുൾപൊട്ടലുകളാണുണ്ടായത്. അതിതീവ്ര മഴയ്ക്കു പുറമേ ജില്ലയിലെ ഭൂവിനിയോഗത്തിലുണ്ടായ മാറ്റവും പ്രകൃതിദുരന്തങ്ങളുടെ തീവ്രത വർധിപ്പിക്കുന്നതായാണു വിലയിരുത്തൽ. കനത്ത മഴ, സ്വാഭാവിക നീരൊഴുക്ക് തടഞ്ഞുള്ള അശാസ്ത്രീയമായ നിർമാണങ്ങൾ, വനനശീകരണം, തുടങ്ങിയവയാണു വയനാട്ടിൽ ദുരന്തങ്ങൾക്ക് കാരണമെന്ന് 2010ലെ എൻഐടി റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്.അറിയണം കാലാവസ്ഥയെ വയനാടിന്റെ സവിശേഷ ഭൂപ്രകൃതിക്ക് അനുയോജ്യമായ രീതിയിൽ കാലാവസ്ഥാ സാക്ഷരതാനയം രൂപീകരിക്കണം. ഭാവിയിലെ വലിയ വിപത്തുകളെ തടയാൻ ഇതു സഹായിക്കും. ദൈനംദിന ജീവിതരീതിയിലും സുരക്ഷാ ബോധത്തിലും മാറ്റം വരണം. കാലാവസ്ഥാ വ്യതിയാനങ്ങളെയും അതിതീവ്ര മഴയെയും കുറിച്ചുള്ള വിവരങ്ങൾ സാധാരണക്കാരിലേക്കു കൃത്യമായി എത്തിക്കണം. ‌മേപ്പാടി, വൈത്തിരി തുടങ്ങിയ അതീവ പരിസ്ഥിതിലോല പ്രദേശങ്ങളിൽ വാർഡ് തലത്തിൽ ‘ക്ലൈമറ്റ് കമ്മിറ്റികൾ’ രൂപീകരിക്കണം. നദികളും തോടുകളും പുഴകളും കുളങ്ങളുമെല്ലാം സംരക്ഷിക്കാനുള്ള പഠനങ്ങളും വിവരശേഖരണവും നടത്തണം.


Source link

Back to top button