NEWS

‘എന്നെ ധിക്കരിച്ച് നീ വണ്ടി ഇവിടെ കൊണ്ട് ഇടാതിരുന്നാൽ ഇനി നീ പണിയെടുക്കില്ല’: ഡപ്യൂട്ടി റേഞ്ച് ഓഫിസർ മുഴക്കിയ ഭീഷണി ഇങ്ങനെ..


തൊടുപുഴ∙ ‘എന്നെ ധിക്കരിച്ച് നീ വണ്ടി ഇവിടെ കൊണ്ട് ഇടാതിരുന്നാൽ ഇനി നീ പണിയെടുക്കില്ല’. 5 വർഷം മുൻപ് തന്റെ മണ്ണുമാന്തിയന്ത്രം നഗരംപാറ സെക്‌ഷൻ ഫോറസ്റ്റ് ഓഫിസ് വളപ്പിൽ എത്തിക്കാൻ അന്ന് ഡപ്യൂട്ടി റേഞ്ച് ഓഫിസർ മുഴക്കിയ ഭീഷണിയാണിത്. ലോൺ എടുത്തും കടം വാങ്ങിയും സ്വന്തം കുടുംബം പോറ്റാൻ ഒരു മണ്ണുമാന്തിയന്ത്രം വാങ്ങിയ കഞ്ഞിക്കുഴി പഴയരിക്കണ്ടം സ്വദേശി അജീഷ് എന്ന ആദിവാസി യുവാവ് ഇന്ന് ആത്മഹത്യയുടെ വക്കിലാണ്. ‘2020ൽ കഞ്ഞിക്കുഴിയിൽ വീടു നിർമാണത്തിന് മണ്ണു നീക്കുന്നതിനിടെയാണ് വനം വകുപ്പിന്റെ ഭൂമിയിലെ മരം മുറിച്ചുവെന്നാരോപിച്ച് അജീഷിന്റെ മണ്ണുമാന്തിയന്ത്രം വനം വകുപ്പ് പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം വനം വകുപ്പ് ഓഫിസിലെത്തി ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു അജീഷ്. ‘ഭയന്നിട്ടാണ് അന്ന് വാഹനം കൊണ്ടുപോയി സെക‌്‌ഷൻ ഓഫിസ് വളപ്പിൽ ഇട്ടത്. എനിക്ക് ഇതിന്റെ നിയമവശങ്ങൾ അറിയില്ല. അവർ (വനംവകുപ്പ് ഉദ്യോഗസ്ഥർ) പറഞ്ഞ കടലാസിൽ ഞാൻ ഒപ്പിട്ടു. 500 രൂപ പിഴ വരുന്ന കുറ്റത്തിനാണ് 30 ലക്ഷം രൂപ വിലവരുന്ന എന്റെ മണ്ണുമാന്തിയന്ത്രം കണ്ടുകെട്ടിയത്. വാഹനം വിട്ടുകിട്ടാൻ കോടതിയെ സമീപിക്കാൻ ശ്രമിച്ചപ്പോൾ ഡിഎഫ്ഒ എന്നെ വിളിപ്പിച്ച് കോടതി വഴി നീങ്ങാതെയിരുന്നാൽ കുറഞ്ഞ ചെലവിൽ യന്ത്രം ഇറക്കിത്തരാമെന്ന് അറിയിച്ചു. എന്നാൽ 4 മാസത്തിനു ശേഷം ഹിയറിങ്ങിൽ താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം എന്തുകൊണ്ട് ഞാൻ കോടതിയെ സമീപിച്ചില്ല എന്നും ചോദിച്ചു’– തൊണ്ടയിടറി അജീഷ് പറയുന്നു.


Source link

Back to top button