NEWS

വർഗവഞ്ചകൻ തന്നെ, ഈ രീതി തുടർന്നാൽ സുധാകരനെ കൈകാര്യം ചെയ്യും: സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ


അമ്പലപ്പുഴ ∙സിപിഎമ്മിനെയും നേതാക്കളെയും മോശമായി പരാമർശിക്കുന്ന രീതി ജി.സുധാകരൻ അവസാനിപ്പിച്ചില്ലെങ്കിൽ കൈകാര്യം ചെയ്യുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ. സുധാകരൻ വർഗവഞ്ചകൻ തന്നെയാണ്. എന്തു തോന്ന്യാസവും ആകാമെന്ന ശൈ‌ലി ശരിയല്ല. സുധാകരനെ ജനങ്ങൾ കൈകാര്യം ചെയ്യും. ആരെങ്കിലും എന്തെങ്കിലും ചെയ്താൽ പിന്നെ പറ‍ഞ്ഞിട്ടു കാര്യമില്ല. സിപിഎം അമ്പലപ്പുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജി. സുധാകരൻ എംഎൽഎയുടെ ഓഫിസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു നാസർ. ജനപ്രതിനിധി എന്ന നിലയിൽ മര്യാദയ്ക്ക് പൊതുപ്രവർത്തനം നടത്തണം. പലപ്പോഴും സുധാകരന്റെ പദപ്രയോഗങ്ങൾ പരിധി വിട്ടു പോകുന്നു. നീർക്കുന്നം ഗവ.സ്കൂളിൽ ജി. സുധാകരന്റെ സാന്നിധ്യത്തിൽ നടന്നത് മര്യാദകേടാണെന്നും അധ്യാപകർക്കെതിരെ കേസെടുത്തത് മോശമാണെന്നും നാസർ പറഞ്ഞു. പറവൂർ ജംക്‌ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് കളർകോട് എംഎൽഎ ഓഫിസിനു സമീപം പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. നീർക്കുന്നം ഗവ.യുപി സ്കൂളിൽ അനധികൃത മണൽ കടത്തൽ നടക്കുന്നത് അറിഞ്ഞെത്തിയ ജി. സുധാകരൻ എംഎൽഎയും സിപിഎം പ്രാദേശിക നേതാക്കളും തമ്മിൽ കഴിഞ്ഞ ദിവസം വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി. സിപിഎം ഏരിയ കമ്മിറ്റി അംഗം കൂടിയായ സ്കൂൾ മാനേജിങ് കമ്മിറ്റി ചെയർമാൻ പ്രശാന്ത് എസ്. കുട്ടി, സ്കൂളിലെ രണ്ട് അധ്യാപകർ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. ഇതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്. നീർക്കുന്നം സ്കൂൾ വളപ്പിൽനിന്നു മണ്ണു നീക്കിയതുമായി ബന്ധപ്പെട്ട് സുധാകരനും സിപിഎം പ്രവർത്തകരും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ഇന്നലെ സുധാകരന്റെ ഓഫിസിലേക്കു സിപിഎം നടത്തിയ മാർച്ചിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എച്ച്.സലാമാണു സൗജന്യ ഭക്ഷണ വിഷയത്തിൽ സുധാകരനെതിരെ പ്രതികരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ സേവാഭാരതിക്ക് ആഹാരം പാകം ചെയ്യാൻ സൗകര്യം ഒരുക്കിയതു ജി.സുധാകരന്റെ സമ്മ‌തത്തോടെയാണെന്നും ഇതു വിവാദമായപ്പോഴാണ് പൊതിച്ചോർ വിഷയം സുധാകരൻ പുറത്തെടുത്തതെന്നും എച്ച്.സലാം ആരോപിച്ചു. യുഡിഎഫിലെ ഘടക കക്ഷിയായ മുസ്‍ലിം ലീഗ് എതിർപ്പുമായി വന്നപ്പോൾ വീണ്ടും നിലപാടു മാറ്റി. മണിക്കൂർ തോറും നിലപാടു മാറ്റുന്നയാളെ എങ്ങനെ വിശ്വസിക്കുമെന്നു സലാം ചോദിച്ചു.


Source link

Back to top button