മേൽക്കൂരയിൽ അവസാനിക്കുന്ന പടികൾ, ശൂന്യതയിലേക്ക് തുറക്കുന്ന വാതിലുകൾ: വിസ്മയമായി ഒരു വീട്

വിൻചെസ്റ്റർ മിസ്റ്ററി ഹൗസ്
കാലിഫോർണിയ: മേൽക്കൂരയിൽ ചെന്നുനിൽക്കുന്ന ഗോവണികൾ, തുറക്കുമ്പോൾ മുന്നിൽ ശൂന്യത മാത്രം കാണുന്ന വാതിലുകൾ, മറ്റൊരു മുറിയിലേക്ക് മാത്രം തുറക്കുന്ന ജനലുകൾ; ഇതൊരു പേടിപ്പെടുത്തുന്ന കഥയാണെന്ന് തോന്നാം. എന്നാൽ അമേരിക്കയിലെ കാലിഫോർണിയയിൽ സ്ഥിതിചെയ്യുന്ന വിൻചെസ്റ്റർ മിസ്റ്ററി ഹൗസിന്റെ യാഥാർത്ഥ്യമാണിത്. വിചിത്രമായ വാസ്തുവിദ്യയും ഉത്തരം കിട്ടാത്ത നിഗൂഢതകളും കൊണ്ട് ലോകമെമ്പാടുമുള്ള സഞ്ചാരികളെ ഇപ്പോഴും ഈ മന്ദിരം അത്ഭുതപ്പെടുത്തുന്നു.
പ്രശസ്തമായ വിൻചെസ്റ്റർ തോക്കുകളുടെ നിർമ്മാതാവായിരുന്ന വില്യം വിർട്ട് വിൻചെസ്റ്ററിന്റെ പത്നിയായ സാറ വിൻചെസ്റ്ററാണ് ഈ വീടിന്റെ സ്രഷ്ടാവ്. തന്റെ ഭർത്താവിന്റെയും മകളുടെയും അകാല വിയോഗം ഏൽപ്പിച്ച ആഘാതങ്ങൾ സാറയുടെ മനസ്സിനെ വല്ലാതെ വേട്ടയാടിയിരുന്നു.
1886-ൽ തുടങ്ങിയ നിർമ്മാണ പ്രവർത്തനങ്ങൾ 1922-ൽ സാറ അന്തരിക്കുന്നത് വരെ തടസ്സമില്ലാതെ തുടർന്നു. ദശകങ്ങളോളം നീണ്ട പണികൾക്കൊടുവിൽ, ഈ വീട് കാഴ്ചയിൽ വിഭ്രമം ജനിപ്പിക്കുന്ന ഒന്നായി മാറി. ഇതിലെ പല ഗോവണികളും ചെന്നെത്തുന്നത് ചുവരുകളിലാണ്; കയറി ചെല്ലുന്നവർക്ക് തിരികെ നടക്കുകയല്ലാതെ വേറെ വഴിയില്ല. ചില വാതിലുകൾ തുറന്നാൽ മുറികൾക്ക് പകരം കാണാനാവുക വെറും ചുവരുകൾ മാത്രമാണ്. എന്നാൽ മറ്റു ചില വാതിലുകൾ തുറന്നാൽ രണ്ടാമത്തെ നിലയിൽ നിന്നും നേരെ താഴേക്ക് വീഴുന്ന രീതിയിലാണ് നിർമ്മിതി.
രഹസ്യമായി നിർമ്മിച്ച വാട്ടർ ടവറുകളും ഒന്നിനുപുറകെ ഒന്നായി കുരുങ്ങിക്കിടക്കുന്ന ഇടനാഴികളും ഈ ഭവനത്തിന്റെ പ്രത്യേകതയാണ്. സാറ എന്തിനാണ് ഇത്ര വിചിത്രമായി വീട് പണിതതെന്ന കാര്യത്തിൽ ഇന്നും വ്യക്തതയില്ല. നഷ്ടപ്പെട്ട തന്റെ കുടുംബത്തിന്റെ ശൂന്യത നികത്താൻ അവർ മെനഞ്ഞെടുത്ത ഒരു കെട്ടുകഥയായിരിക്കാം ഈ നിർമ്മാണമെന്ന് ചരിത്ര ഗവേഷകയായ ജനൻ ബോയേം ചൂണ്ടിക്കാട്ടുന്നു. 1922-ൽ ഉറക്കത്തിനിടെയായിരുന്നു സാറയുടെ അന്ത്യം. സാറയുടെ മരണത്തിന് ശേഷവും ഈ വീടിന്റെ ദുരൂഹതകൾ അവസാനിച്ചിട്ടില്ല. വീടിനുള്ളിൽ നിന്ന് സ്ത്രീശബ്ദങ്ങളും കാൽപ്പെരുമാറ്റങ്ങളും കേൾക്കാറുണ്ടെന്ന് പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു. സാറയുടെ ആത്മാവ് ഇപ്പോഴും ഈ ഭവനത്തിൽ അലയുന്നുണ്ടെന്ന് വിശ്വസിക്കുന്നവരും കുറവല്ല. ഭയപ്പെടുത്തുന്ന കഥകൾ ഏറെയുണ്ടെങ്കിലും, ഈ മന്ദിരത്തിന്റെ നിഗൂഢതകൾ തേടി എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിന് കുറവില്ല. ഇപ്പോൾ ഒരു സ്വകാര്യ കുടുംബത്തിന്റെ ഉടമസ്ഥതയിലാണ് ഈ ചരിത്രപ്രസിദ്ധമായ കെട്ടിടം.




