BUSINESS

ചുവടുമാറ്റത്തിന് കൊച്ചിൻ ഷിപ്‌യാഡ്; ഒരുങ്ങുന്നത് ശതകോടികളുടെ ന്യൂജെൻ യാനങ്ങൾ, രണ്ട് ഹൈഡ്രജൻ കപ്പലുകൾ


കൊച്ചി ∙ സമുദ്ര ഗതാഗത രംഗത്തു പരിസ്ഥിതി സൗഹൃദ, ഹരിത ഇന്ധനങ്ങളിലേയ്ക്കുള്ള ഇന്ത്യയുടെ ചുവടുമാറ്റത്തിനു കപ്പൽ‌ച്ചാലൊരുക്കാൻ കൊച്ചി ഷിപ്‌യാഡ് (സിഎസ്എൽ). സമുദ്രവും അന്തരീക്ഷവും മലിനീകരിക്കുന്ന ഫോസിൽ ഇന്ധനങ്ങൾക്കു പകരം ഇലക്ട്രിക്, ഹൈബ്രിഡ്, ഹൈഡ്രജൻ ഇന്ധനങ്ങളിൽ പ്രവർത്തിക്കുന്ന ഹരിത യാനങ്ങളുടെ നിർമിതിക്ക് ഊന്നൽ നൽകുകയാണു സിഎസ്എൽ. ഇലക്ട്രിക് ടഗുകളും ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന കപ്പലുകളും ഉൾപ്പെടെ സിഎസ്എൽ നിർമിക്കുന്നതു ശതകോടികളുടെ ഹരിത യാനങ്ങൾ. ഇന്ത്യൻ കമ്പനികൾക്കു പുറമേ, വിദേശ കമ്പനികൾക്കു വേണ്ടിയും സിഎസ്എൽ ഹരിത യാനങ്ങൾ നിർമിക്കുന്നുണ്ട്. ഹൈബ്രിഡ് – ഇലക്ട്രിക് ടഗ് വിപ്ലവം കേന്ദ്ര തുറമുഖ, ഷിപ്പിങ് മന്ത്രാലയവുമായി സഹകരിച്ച് 16 ഹൈബ്രിഡ് – ഇലക്ട്രിക് ടഗ്ഗുകളാണു നിർമാണത്തിലുള്ളത്. കാനഡ ആസ്ഥാനമായ നേവൽ ആർക്കിടെക്ചർ കമ്പനിയായ റോബർട് അലൻ, അദാനി ഹാർബർ സർവീസസ് തുടങ്ങിയ പങ്കാളികളുമുണ്ട്. കപ്പലുകളെ നങ്കൂരമിടാൻ സഹായിക്കുന്ന ചെറു യാനങ്ങളാണു ടഗ്ഗുകൾ. ഇന്ത്യൻ തുറമുഖങ്ങളിൽ ഹരിത ഇന്ധനം ഉപയോഗിക്കുന്ന ടഗ്ഗുകൾ വ്യാപിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഗ്രീൻ ടഗ് ട്രാൻസിഷൻ പദ്ധതിയുടെ അടിസ്ഥാനത്തിലാണു നിർമാണം. ഡന്മാർക്ക് ആസ്ഥാനമായ മാരിടൈം ടോവേജ് കമ്പനിയായ സ്വിറ്റ്സറിനായി 4 ഇലക്ട്രിക് ടഗ്ഗുകളാണു നിർമിക്കുന്നത്. ചെലവ് ഏകദേശം 600 കോടി രൂപ. ഇലക്ട്രിക് ബാറ്ററികളും മോട്ടറുകളും സംഭരണ സംവിധാനങ്ങളും നിർമിക്കുന്നതിനായി എച്ച്ബിഎൽ എൻജിനീയറിങ്ങുമായി ചേർന്നു സിഎസ്എൽ സംയുക്ത സംരംഭവും രൂപീകരിച്ചിരുന്നു. ‘ഹൈ’ ആകാൻ ഹൈഡ്രജൻ നെതർലൻഡ്സിലെ സാംസ്കിപ് ഗ്രൂപ്പിനായി ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന രണ്ടു കണ്ടെയ്നർ ഫീഡർ സർവീസ് കപ്പലുകളാണു നിർമിക്കുന്നത്. രണ്ടു ചെറു കപ്പലുകൾ ഫോസിൽ ഇന്ധനം ഒഴിവാക്കി ഹൈഡ്രജൻ ഇന്ധനത്തിലേയ്ക്കു മാറുമ്പോൾ പോലും പ്രതിവർഷം 25,000 ടൺ കാർബൺ ഡയോക്സൈഡ് വാതകം പുറന്തള്ളുന്നത് ഒഴിവാക്കാനാകും. ദേശീയ ഉൾനാടൻ ജലഗതാഗത മന്ത്രാലയത്തിനു വേണ്ടി രാജ്യത്ത് ആദ്യമായി ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ഫെറി വഞ്ചി നിർമിച്ചതും സിഎസ്എലാണ്.


Travel ⏭️

Back to top button