BUSINESS

ഇപിഎസ് 95 ഹയര്‍ പെന്‍ഷന്‍: ട്രസ്റ്റ് നിയമങ്ങള്‍ കാണിച്ച് അപേക്ഷ തള്ളരുത്; 8 ആഴ്ചയ്ക്കകം തീര്‍പ്പാക്കാന്‍ EPFO-ക്ക് ബോംബെ ഹൈക്കോടതി നിര്‍ദ്ദേശം


Exempted PF Trusts: സ്വന്തമായി പിഎഫ് ട്രസ്റ്റുകളുള്ള സ്വകാര്യ കമ്പനികളിലെ ജീവനക്കാരുടെ ഇപിഎസ് 95 ഹയര്‍ പെന്‍ഷന്‍ (EPS-95 Higher Pension) അപേക്ഷകള്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് തള്ളിക്കളയാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. നിരസിക്കപ്പെട്ട 40-ലധികം ജീവനക്കാരുടെ സംയുക്ത അപേക്ഷകള്‍ (Joint Option Applications) എട്ട് ആഴ്ചയ്ക്കുള്ളില്‍ പരിശോധിച്ച് തീര്‍പ്പാക്കാന്‍ കോടതി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന് (EPFO) കര്‍ശന നിര്‍ദ്ദേശം നല്‍കി. വര്‍ഷങ്ങളോളം സ്വകാര്യ മേഖലയില്‍ വിയര്‍പ്പൊഴുക്കിയ സാധാരണ ജീവനക്കാര്‍ക്ക് റിട്ടയര്‍മെന്റ് കാലത്ത് മാന്യമായ വരുമാനം ഉറപ്പാക്കാന്‍ വഴിതുറക്കുന്നതാണ് കോടതി വിധി. സാങ്കേതിക നൂലാമാലകളും, ട്രസ്റ്റ് നിയമങ്ങളും പറഞ്ഞ് നിഷേധിക്കപ്പെട്ട ഉയര്‍ന്ന പെന്‍ഷന്‍ അവകാശം തിരികെപ്പിടിക്കാന്‍ ഇത് തൊഴിലാളികള്‍ക്ക് വലിയ ആശ്വാസവും, പ്രതീക്ഷയും നല്‍കുന്നു.ഇപിഎസ് പെന്‍ഷന്‍: കോടതി ഉത്തരവ്ഉയര്‍ന്ന പെന്‍ഷനായി അപേക്ഷിച്ച 40 -ലധികം ജീവനക്കാരുടെ ജോയിന്റ് ഓപ്ഷന്‍ അപേക്ഷകള്‍ (Joint Option Applications) എട്ട് ആഴ്ചയ്ക്കുള്ളില്‍ പരിശോധിച്ച് അംഗീകരിക്കാന്‍ ഇപിഎഫ്ഒയോട് (EPFO) കോടതി നിര്‍ദ്ദേശിച്ചു. കമ്പനിയുടെ പിഎഫ് ട്രസ്റ്റ് നിയമങ്ങളില്‍ ഉയര്‍ന്ന പെന്‍ഷനുള്ള പ്രത്യേക ഓപ്ഷന്‍ ഇല്ല എന്ന കാരണത്താല്‍ ജീവനക്കാരുടെ അപേക്ഷകള്‍ നിരസിക്കാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി. ഈ കോടതി വിധി രാജ്യത്തെ പതിനായിരകണക്കിന് ജീവനക്കാര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്.ആര്‍ക്കൊക്കെയാണ് ബാധകമാകുകസ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് ഇപിഎസ്-95 (EPS-95) അംഗങ്ങള്‍ക്ക് ഈ വിധി ബാധകമാകും. നിശ്ചിത പരിധിക്ക് മുകളിലുള്ള ഉയര്‍ന്ന ശമ്പളത്തിന് ആനുപാതികമായി പിഎഫ് വിഹിതം അടയ്ക്കുകയും, മറ്റ് യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുകയും ചെയ്യുന്നവര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സ്വന്തമായി പിഎഫ് ട്രസ്റ്റ് ഉള്ള കമ്പനികളിലെ (Exempted PF Trusts) ജീവനക്കാര്‍ക്കും, ട്രസ്റ്റ് നിയമങ്ങളുടെ പേരില്‍ ഉയര്‍ന്ന പെന്‍ഷന്‍ നിഷേധിക്കപ്പെട്ടവര്‍ക്കും ഈ വിധി ഏറെ ആശ്വാസകരമാണ്.നേട്ടം എങ്ങനെഉയര്‍ന്ന ശമ്പളം വാങ്ങുന്നവര്‍ക്ക് അവരുടെ യഥാര്‍ത്ഥ ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന പെന്‍ഷന്‍ നേടാന്‍ ഇത് അവസരമൊരുക്കുന്നു. തൊഴിലുടമയുടെ പിഎഫ് ട്രസ്റ്റ് നിയമങ്ങളിലെ സാങ്കേതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഇനിമുതല്‍ അര്‍ഹരായ ജീവനക്കാരുടെ ഉയര്‍ന്ന പെന്‍ഷന്‍ അപേക്ഷകള്‍ ഇപിഎഫ്ഒയ്ക്ക് എളുപ്പത്തില്‍ തള്ളിക്കളയാനാകില്ല എന്നതാണ് ഇതിലെ പ്രധാന നേട്ടം. 2014-ലെ ഇപിഎസ് ഭേദഗതികള്‍ ശരിവെച്ച സുപ്രീം കോടതി (EPFO vs. Sunil Kumar B കേസ്) വിധിയുടെ ചുവടുപിടിച്ചാണ് ബോംബെ ഹൈക്കോടതി പുതിയ ഉത്തരവിറക്കിയത്.കൈയ്യില്‍ കിട്ടുന്ന സാലറി കുറയുമോഉയര്‍ന്ന പെന്‍ഷന്‍ തിരഞ്ഞെടുക്കുന്നത് നിങ്ങളുടെ കൈയ്യില്‍ കിട്ടുന്ന പ്രതിമാസ ശമ്പളത്തെ (In-hand salary) നേരിട്ട് ബാധിക്കുകയോ, കുറയ്ക്കുകയോ ചെയ്യില്ല. നിലവിലെ നിയമപ്രകാരം തൊഴിലാളിയും, തൊഴിലുടമയും ഇപിഎഫിലേക്ക് വിഹിതം നല്‍കുന്നുണ്ട്. ഇതില്‍ തൊഴിലുടമ നല്‍കുന്ന വിഹിതത്തില്‍ (12%) നിന്നുള്ള ഒരു ഭാഗമാണ് പെന്‍ഷന്‍ ഫണ്ടിലേക്ക് (EPS) മാറ്റുന്നത്.ഉയര്‍ന്ന പെന്‍ഷന്‍ തിരഞ്ഞെടുക്കുമ്പോള്‍, പിഎഫ് അക്കൗണ്ടിലേക്ക് (EPF Corpus) പോകുന്ന തുകയില്‍ നിന്ന് കൂടുതല്‍ തുക പെന്‍ഷന്‍ ഫണ്ടിലേക്ക് വകമാറ്റപ്പെടുകയാണ് ചെയ്യുന്നത്. അതിനാല്‍ ശമ്പളം കുറയില്ല, മറിച്ച് വിരമിക്കുമ്പോള്‍ ഒരുമിച്ച് ലഭിക്കുന്ന പിഎഫ് തുകയില്‍ കുറവുണ്ടാകാം.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെകോടതി വിധി ഉണ്ടെന്ന് കരുതി എല്ലാ ഇപിഎഫ്ഒ അംഗങ്ങള്‍ക്കും സ്വയമേവ ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കില്ല. ഇപിഎസ്-95 പ്രകാരമുള്ള കൃത്യമായ യോഗ്യതകളും, വിഹിത വ്യവസ്ഥകളും പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമേ ഇതിന് അര്‍ഹതയുണ്ടാകൂ. പരിശോധനയ്ക്കായി പഴയ രേഖകള്‍ ലഭ്യമല്ലാത്ത സാഹചര്യങ്ങളില്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാമെന്നും, ജീവനക്കാര്‍ക്ക് അവരുടെ ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.2014-ല്‍ ഇപിഎസ് അടിസ്ഥാന ശമ്പള പരിധി പ്രതിമാസം 15,000 രൂപയായി ഉയര്‍ത്തിയിരുന്നു. 2026 സെപ്റ്റംബര്‍ 17 മുതല്‍ ഇത് 25,000 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. നിശ്ചിത പരിധിക്ക് മുകളിലുള്ള ശമ്പളത്തില്‍ പിഎഫിലേക്ക് സംഭാവന നല്‍കിയ ജീവനക്കാര്‍ക്ക് യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെങ്കില്‍ ഉയര്‍ന്ന പെന്‍ഷനുള്ള സംയുക്ത ഓപ്ഷന് അപേക്ഷിക്കാം.


Read News

Back to top button