BUSINESS
1.1 ലക്ഷം കോടിയുടെ കരാർ, 180 ഫൈറ്റർ ജെറ്റുകൾ: പാക്- ചൈന ഭീഷണിക്കിടെ തേജസ് Mk-1A ഡെലിവറി പ്രഖ്യാപിച്ച് HAL

India Fighter Jet: തദ്ദേശീയ സാങ്കേതികവിദ്യയിൽ ഇന്ത്യ പടുത്തുയർത്തിയ ഫൈറ്റർ ജെറ്റ് ഉടൻ പറന്നുയരും. പ്രതിരോധ പ്രതിസന്ധികളെ മറികടന്ന് എച്ച്.എ.എൽ വികസിപ്പിച്ച എൽ.സി.എ എം.കെ-1എ തേജസ് ഉടൻ വ്യോമസേനയുടെ ഭാഗമാകുമെന്ന് റിപ്പോർട്ട്. അതിർത്തിയിലെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ആത്മനിർഭർ ഭാരതത്തിന്റെ വലിയൊരു മുന്നേറ്റത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്.ഡെലിവറി അപ്ഡേറ്റ് എച്ച്എഎൽപൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് നിർമ്മിക്കുന്ന തദ്ദേശീയ യുദ്ധവിമാനമായ തേജസ് LCA Mk-1A-യുടെ ഡെലിവറി ഈ വർഷം (2026) ഡിസംബറോടെ ആരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി. റഡാറുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ, ആയുധങ്ങൾ ഘടിപ്പിച്ചുള്ള പരീക്ഷണങ്ങൾ, അമേരിക്കൻ കമ്പനിയായ GE-ൽ നിന്നുള്ള എൻജിനുകളുടെ ലഭ്യതക്കുറവ് എന്നിവയാണ് വിമാനത്തിന്റെ കൈമാറ്റം വൈകാനുള്ള കാരണം. ഈ പ്രശ്നങ്ങൾ ഒരു മാസത്തിനുള്ളിൽ പരിഹരിക്കുമെന്നാണ് പുതിയ അപ്ഡേറ്റ്.സേനകളുമായി വൻ കരാർവ്യോമസേനയ്ക്കായി ആകെ 180 LCA Mk-1A വിമാനങ്ങളാണ് എച്ച്എഎൽ നിർമ്മിക്കുന്നത്. ഇതിനായി ഏകദേശം 1.1 ലക്ഷം കോടി രൂപയുടെ രണ്ട് കരാറുകൾ ഒപ്പുവെച്ചിട്ടുണ്ട്. 2021-ൽ 83 വിമാനങ്ങൾക്കും, 2025 സെപ്റ്റംബറിൽ 97 വിമാനങ്ങൾക്കുമുള്ള കരാറാന് കമ്പനി നേടിയത്. നിലവിൽ 27 എയർഫ്രെയിമുകൾ (വിമാനത്തിന്റെ ബോഡി) റെഡിയായി. എൻജിനുകൾ ലഭിക്കുന്ന മുറയ്ക്ക് 2026- 27 സാമ്പത്തിക വർഷത്തിൽ 10 വിമാനങ്ങൾ കൈമാറാനാണ് ലക്ഷ്യമിടുന്നത്. വർഷത്തിൽ 24 വിമാനങ്ങൾ നിർമ്മിക്കാനുള്ള ശേഷി HAL-ന് ഉണ്ട്.ഇന്ത്യയ്ക്ക് പ്രധാനമാകുന്നത് എന്തുകൊണ്ട്ഇന്ത്യൻ വ്യോമസേനയ്ക്ക് അംഗീകരിക്കപ്പെട്ട 42 ഫൈറ്റർ സ്ക്വാഡ്രണുകൾ വേണ്ട സ്ഥാനത്ത് നിലവിൽ ഏകദേശം 29 സ്ക്വാഡ്രണുകൾ മാത്രമാണുള്ളത്. ഈ പ്രതിസന്ധി മറികടക്കാൻ പുതിയ ഫൈറ്റർ ജെറ്റുകൾ ആവശ്യമാണ്. പുറത്തുനിന്ന് ഫൈറ്റർ ജെറ്റുകൾ വാങ്ങുന്നത് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കും.അതിർത്തിയിൽ പാകിസ്ഥാൻ, ചൈന എന്നീ രാജ്യങ്ങളിൽ നിന്ന് ഒരേസമയം യുദ്ധഭീഷണി ഉണ്ടായാൽ വ്യോമസേനയുടെ കരുത്ത് വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ മക്കൾക്ക് നിക്ഷേപമുള്ള അമേരിക്കൻ കമ്പനി പാകിസ്താൻ സൈന്യവുമായി ഡ്രോൺ നിർമ്മാണ കരാറിലെത്തിയത് മണിക്കൂറുകൾക്ക് മുമ്പാണ്. ഇത് ഇന്ത്യയ്ക്ക് വലിയ ഭീഷണിയാണെന്ന് വിദഗ്ധർ വിലയിരുത്തുന്ന സമയത്താണ് ഇന്ത്യയുടെ സ്വന്തം ഫൈറ്റർ ജെറ്റുകൾ എത്തുന്നത്.വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് പരമാവധി കുറച്ചുകൊണ്ട് പ്രതിരോധ മേഖലയിൽ ഇന്ത്യയെ സ്വയംപര്യാപ്തമാക്കാൻ ഇത്തരം തദ്ദേശീയ വിമാനങ്ങൾക്ക് സാധിക്കും.മറ്റു ഫൈറ്റർ ജെറ്റുകളിൽ നിന്നുള്ള വ്യത്യാസങ്ങൾവിദേശത്ത് നിന്ന് വാങ്ങുന്ന യുദ്ധവിമാനങ്ങളിൽ നിന്നും വ്യത്യസ്തമായി, പുതിയതായി നിർമ്മിക്കുന്ന 97 തേജസ് വിമാനങ്ങളിൽ തദ്ദേശീയമായി വികസിപ്പിച്ച ‘ഉത്തം’ (Uttam) AESA റഡാർ, ‘സ്വയം രക്ഷാ കവച്’ എന്ന ഇലക്ട്രോണിക് വാർഫെയർ സിസ്റ്റം എന്നിവയുണ്ട്.ആദ്യ ബാച്ചിലുണ്ടായിരുന്ന ഏകദേശം 40 ഓളം ഇറക്കുമതി ചെയ്ത ഘടകങ്ങൾക്ക് പകരമായി പുതിയ ബാച്ചിൽ പൂർണ്ണമായും ഇന്ത്യൻ നിർമ്മിത ഘടകങ്ങളാണ് ഉപയോഗിക്കുന്നത്. ഇത് ഇന്ത്യയുടെ സാങ്കേതികപരമായ മുന്നേറ്റത്തെ എടുത്തു കാണിക്കുന്നു.പുതിയ വിമാനം തുറക്കുന്ന സാധ്യതകൾഅടുത്ത തലമുറ വിമാനങ്ങളുടെ വികസനത്തിലേയ്ക്കുള്ള ചുവടുവയ്പ്പാണ് ഈ വിമാനങ്ങൾ. LCA Mk-1A-യുടെ വിജയകരമായ നിർമ്മാണം, അടുത്ത തലമുറ വിമാനങ്ങളായ LCA Mk-2, അഞ്ചാം തലമുറ വിമാനമായ AMCA എന്നിവയുടെ വികസനത്തിന് മികച്ച അടിത്തറ പാകും. തദ്ദേശീയ ഘടകങ്ങൾ കൂടുതലുള്ള വിമാനങ്ങൾ നിർമ്മിക്കുന്നത് ഭാവിയിൽ മറ്റ് രാജ്യങ്ങളിലേക്ക് കുറഞ്ഞ ചിലവിൽ യുദ്ധവിമാനങ്ങൾ കയറ്റുമതി ചെയ്യാനുള്ള വാണിജ്യ സാധ്യതകൾ ഇന്ത്യയ്ക്ക് മുന്നിൽ തുറക്കുന്നു.
Read News




