LIFESTYLE

പ്രധാനമന്ത്രിക്ക് മുന്നിൽ കേരളത്തിന്റെ സ്വന്തം ചിപ്പ്; സെമികണ്ടക്ടർ രംഗത്ത് ദേശീയ ശ്രദ്ധ നേടി കേരളം

ന്യൂഡൽഹി: സെമികണ്ടക്ടർ സാങ്കേതികവിദ്യയുടെ ദേശീയ ഭൂപടത്തിൽ കേരളത്തിന്റെ സാന്നിദ്ധ്യം ശക്തമാക്കി ഡൽഹിയിൽ നടന്ന SEMICON India 2026 സമാപിച്ചു. സെമി കോൺ കേരള പവലിയൻ ഒരുക്കിയ പ്രദർശനത്തിൽ കേരളത്തിന്റെ ചിപ്പ് ഡിസൈൻ, AI ഹാർഡ്‌വെയർ, ഇലക്ട്രോണിക്സ്, ഗവേഷണം, സ്റ്റാർട്ടപ്പ് മേഖലകളിലെ പുതിയ മുന്നേറ്റങ്ങൾ അവതരിപ്പിച്ചു.

കേരളത്തിൽനിന്ന് Digital University Keralaയും (DUK) കോഴിക്കോട് NITയും ഉൾപ്പെടെ വിവിധ സ്ഥാപനങ്ങൾ വികസിപ്പിച്ച ചിപ്പുകൾ ചേർത്ത് തയ്യാറാക്കിയ പ്രത്യേക ഉപഹാരം സെമികോൺ സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. രാജ്യത്തെ 20 സ്ഥാപനങ്ങളുടെ ചിപ്പുകൾ ഉൾപ്പെട്ട ഉപഹാരത്തിൽ കേരളത്തിന്റെ അക്കാദമിക് ഗവേഷണത്തിന്റെ സാന്നിദ്ധ്യം ദേശീയ വേദിയിൽ ശ്രദ്ധേയമായി.


AI chip ഡിസൈനിംഗ് രംഗത്ത് ഗവേഷകയായ ദർശിത ദിനേശിന്റെ നേതൃത്വത്തിലാണ് DUKയ്ക്കായി ചിപ്പ് വികസിപ്പിച്ചത്. DUKയിലെ School of Electronics Systems and Automationൽ ഗവേഷണം നടത്തുന്ന PhD Scholar ആണ് ദർശിത. SEMICON India 2026ൽ DUKയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ദർശിതയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നേരിട്ട് സംവദിക്കാനും അവസരം ലഭിച്ചു.കേരളത്തിലെ ചിപ്പ് ഡിസൈൻ, ഫാബ്‌ലെസ് കമ്പനികൾ, IP കോറുകൾ, എംബഡഡ് സിസ്റ്റങ്ങൾ, സെമികണ്ടക്ടർ ടെസ്റ്റിംഗ് തുടങ്ങിയ മേഖലകളിലെ സംരംഭങ്ങൾക്ക് ആഗോള വ്യവസായ പ്രമുഖരുമായി ബന്ധപ്പെടാനും സാങ്കേതികവിദ്യ അവതരിപ്പിക്കാനുമുള്ള അവസരമായിരുന്നു ഈ ദേശീയ പരിപാടിയിലൂടെ കൈവന്നത്. Semicon Keralam ഡയറക്ടറും DUKയിലെ School of Electronics Systems and Automation-ൽ പ്രൊഫസറുമായ ഡോ. അലക്സ് ജെയിംസ് ആണ് കേരള പവലിയന് നേതൃത്വം നൽകിയത്.

കേരളത്തിലെ Semiconductor Industry Competence Centre (SICC)ന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിലെ സയന്റിസ്റ്റ് സുനിത വർമ്മയാണ് SICC ഉദ്ഘാടനം ചെയ്തത്. ഗവേഷണശാലകളിലെ ആശയങ്ങളെ ചിപ്പ് ഡിസൈൻ, പ്രോട്ടോടൈപ്പിംഗ്, IP വികസനം, ടെസ്റ്റിംഗ്, വ്യവസായ സഹകരണം, വാണിജ്യവൽക്കരണം എന്നിവയിലേക്ക് എത്തിക്കുന്ന നിർവഹണ കേന്ദ്രമായാണ് SICC വിഭാവനം ചെയ്തിരിക്കുന്നത്.


DUK, IIITM-K, ISRO , C-DAC, BEL, Kerala Startup Mission, സംസ്ഥാനത്തെ മറ്റ് വ്യവസായ സ്ഥാപനങ്ങൾ തുടങ്ങിയവയെ കൂട്ടിയിണക്കി “ഗവേഷണശാലയിൽ നിന്ന് വിപണിയിലേക്ക്” എന്ന ലക്ഷ്യത്തോടെ കേരളത്തിന്റെ സെമികണ്ടക്ടർ ആവാസവ്യവസ്ഥ വികസിപ്പിക്കുകയാണ് സെമികോൺ കേരളം. കേരളത്തിന്റെ സെമികണ്ടക്ടർ ദൗത്യത്തിന് നേതൃത്വം നൽകുന്നതിൽ IIITM-Kയും നിർണായക പങ്കാളിയാണ്.
RELATED TOPICS: KERALA SEMICONDUCTOR, SEMICON INDIA 2026, DIGITAL UNIVERSITY KERALA, AI CHIP DESIGN, SEMICONDUCTOR INDUSTRY


News ⏭️

Back to top button