LIFESTYLE

വൈദ്യുതി ബില്ലിൽ വൻലാഭം! കെട്ടിടം തണുപ്പിക്കാൻ ഭാവിയിൽ എസി വേണ്ടിവരില്ലേ?…വമ്പൻ കണ്ടുപിടിത്തവുമായി ഈ രാജ്യം


വേനൽച്ചൂടിൽ ഉരുകി ഒലിക്കുന്ന കെട്ടിടങ്ങളും വ്യാവസായിക പ്ലാന്റുകളും തണുപ്പിക്കാൻ ഇനി വൻതോതിൽ വൈദ്യുതി ചെലവാക്കി എസി പ്രവർത്തിപ്പിക്കേണ്ടി വരില്ല. ഇനി, മുറികൾ തണുപ്പിക്കാൻ ഒരു പെയിന്റ് മതി. നിർമാണ രംഗത്തും ഊർജ സംരക്ഷണത്തിലും വലിയ മാറ്റങ്ങൾക്ക് വഴിവച്ചേക്കാവുന്ന ഒരു കൂളിങ് ടെക്നോളജിയുമായി രംഗത്തെത്തിയിരിക്കുകയാണ് ചൈന. കെട്ടിടങ്ങളുടെയും സംഭരണ ടാങ്കുകളുടെയും പുറംഭിത്തികളിൽ പൂശിയാൽ ഉപരിതല താപനില 25 ഡിഗ്രി സെൽഷ്യസ് വരെ കുറയ്ക്കാൻ ശേഷിയുള്ള ഒരു ‘സൂപ്പർ-കോട്ടിങ്ങി’ന്റെ ഉൽപാദനവുമായി ആണ് ചൈന എത്തിയിരിക്കുന്നത്.ചൈനീസ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ‘സയൻസ് ആൻഡ് ടെക്നോളജി ഡെയ്‌ലി’ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ഒട്ടും വൈദ്യുതിയോ മറ്റ് രാസ ശീതീകരണ വസ്തുക്കളോ ഇല്ലാതെ സ്വയം തണുക്കാൻ ശേഷിയുള്ള ഈ വസ്തു, നിലവിൽ ആഗോളതലത്തിൽ ലഭ്യമായ സമാന ഉൽപന്നങ്ങളേക്കാൾ പ്രവർത്തനക്ഷമതയിൽ ഏറെ മുന്നിലാണ്.റേഡിയേറ്റീവ് കൂളിങ്: വൈദ്യുതിയില്ലാതെ തണുപ്പിക്കുന്ന ശാസ്ത്രം ‘റേഡിയേറ്റീവ് കൂളിങ്’ എന്ന തത്വമാണ് ഈ കോട്ടിങ്ങിന്റെ ശാസ്ത്രീയ അടിത്തറ. സാധാരണ പെയിന്റുകൾ സൂര്യപ്രകാശത്തെ ഒരു പരിധി വരെ പ്രതിഫലിപ്പിക്കുമെങ്കിലും, സമയം കഴിയുന്തോറും താപം ഉള്ളിലേക്ക് ആഗിരണം ചെയ്യും. എന്നാൽ ഈ സൂപ്പർ-കോട്ടിങ്ങിന് രണ്ട് ഗുണങ്ങളാണുള്ളത്1. സൗരോർജ പ്രതിഫലനം (Solar Reflectance): ഉപരിതലത്തിൽ പതിക്കുന്ന സൂര്യപ്രകാശത്തെ പ്രതിഫലിപ്പിച്ച് തിരിച്ചയക്കുന്നു. 2. ഇൻഫ്രാറെഡ് വികിരണം (Thermal Emittance): കെട്ടിടത്തിനുള്ളിലോ ഉപരിതലത്തിലോ സംഭരിക്കപ്പെടുന്ന താപത്തെ അന്തരീക്ഷ ഇൻഫ്രാറെഡ് വിൻഡോ വഴി ബഹിരാകാശത്തിന്റെ ശൂന്യതയിലേക്ക് നേരിട്ട് റേഡിയേറ്റ് ചെയ്തു കളയുന്നു. അന്തരീക്ഷത്തിൽ ചൂട് കെട്ടിക്കിടക്കാൻ അനുവദിക്കാതെ താപ ഊർജത്തെ നേരിട്ട് അന്തരീക്ഷത്തിന് പുറത്തേക്ക് തള്ളിവിട്ട് കെട്ടിടങ്ങളെ ഇത് തണുപ്പിച്ചു നിർത്തുന്നു.മനുഷ്യചർമത്തിൽ നിന്ന് പ്രചോദനം പരമ്പരാഗത റേഡിയേറ്റീവ് കൂളിങ് വസ്തുക്കൾക്ക് ഉയർന്ന പ്രതിഫലനശേഷിയും താപം പുറന്തള്ളാനുള്ള ശേഷിയും ഒരേസമയം ലഭിക്കണമെങ്കിൽ അവ വളരെ കട്ടിയുള്ള പാളികളായി പൂശേണ്ടിയിരുന്നു. എന്നാൽ, ഇത്തരം കട്ടി കൂടിയ പാളികൾക്ക് നിർമാണച്ചെലവ് കൂടുതലാണെന്ന് മാത്രമല്ല, അത്രത്തോളം ഈടുനിൽക്കുകയുമില്ല. ഈ വെല്ലുവിളി മറികടക്കാൻ ഗവേഷകർ മാതൃകയാക്കിയത് മനുഷ്യചർമത്തിലെ സൂക്ഷ്മമായ ചുളിവുകളെയാണ്. ചർമത്തിന്റെ ഈ ഘടനയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, പ്രത്യേക അജൈവ പദാർഥങ്ങളും പോളിമർ റെസിനുകളും കൂട്ടിയിണക്കിയാണ് ഗവേഷകർ ഈ മിശ്രിതം തയാറാക്കിയത്.മുൻപ് 500 മൈക്രോമീറ്റർ കട്ടി വേണമെന്നുണ്ടായിരുന്ന കോട്ടിങ്, വെറും 100 മൈക്രോമീറ്ററായി (ഒരു സാധാരണ എ4 പേപ്പറിനേക്കാൾ നേർത്തത്) കുറയ്ക്കാൻ ഇതിലൂടെ സാധിച്ചു. കട്ടി അഞ്ചിലൊന്നായി കുറഞ്ഞെങ്കിലും സൗരോർജ പ്രതിഫലനശേഷിയും ഇൻഫ്രാറെഡ് എമിസിവിറ്റിയും 97 ശതമാനം വരെ വർധിക്കുകയും ചെയ്തു.


Cinema ⏭️

Back to top button