BUSINESS

ഇന്റർനെറ്റ് വേണ്ടെങ്കിൽ ഇനി കുറഞ്ഞ നിരക്കിൽ ‘കോൾ, എസ്എംഎസ് ഒൺലി’ റീചാർജ് പ്ലാനുകൾ, ഒക്ടോബർ 22 മുതൽ പുതിയ ചട്ടം


ന്യൂ‍ഡൽഹി∙ ഇന്റർനെറ്റ് വേണ്ടാത്തവർക്ക് ഇനി കൂടുതൽ മൊബൈൽ റീചാർജ് ഓപ്ഷനുകൾ വരുന്നു. ഇതുസംബന്ധിച്ച് ടെലികോം റഗുലേറ്ററി അതോറിറ്റി (ട്രായ്) ചട്ടം ഭേദഗതി ചെയ്തു. ഒക്ടോബർ 22ന് പ്രാബല്യത്തിലാകും.ഇന്റർനെറ്റ് ഡേറ്റയും കോളും എസ്എംഎസും ചേർത്ത് 30 ദിവസത്തേക്കോ അതിൽ താഴെയോ ഉള്ള കാലാവധികളിലേക്ക് റീചാർജ് പ്ലാൻ നൽകുമ്പോൾ അതേ കാലാവധിയുള്ള ‘കോൾ, എസ്എംഎസ് ഒൺലി’ റീചാർജ് പ്ലാനുകളും ലഭ്യമാക്കിയിരിക്കണം. പ്ലാനിൽനിന്ന് ഇന്റർനെറ്റ് ഒഴിവാക്കുന്നതിന്റെ ആനുപാതികമായ കുറവ് നിരക്കിലും പ്രതിഫലിച്ചിരിക്കണം.ഉദാഹരണത്തിന് പ്രതിദിനം 2 ജിബി ഡേറ്റ, അൺലിമിറ്റഡ് കോൾ, 100 എസ്എംഎസ് എന്നിവയടങ്ങിയ 28 ദിവസം വാലിഡിറ്റിയുള്ള പ്ലാനുണ്ടെങ്കിൽ, ഇനി മുതൽ അതേ കാലാവധിയിൽ അൺലിമിറ്റഡ് കോളും 100 എസ്എംഎസും അടങ്ങിയ നിരക്കു കുറഞ്ഞ മറ്റൊരു പ്ലാൻ കൂടിയുണ്ടായിരിക്കണം.നിലവിൽ 84 ദിവസം അല്ലെങ്കിൽ ഒരു വർഷംവരെ വാലിഡിറ്റിയുള്ള പരിമിതമായ ‘കോൾ, എസ്എംഎസ് ഒൺലി’ പ്ലാനുകൾ മാത്രമാണ് കമ്പനികൾ നൽകുന്നത്. ഈ പ്ലാനുകൾക്ക് ദൈർഘ്യം കൂടുതലായതിനാൽ സാധാരണക്കാർ റീചാർജ് ചെയ്യുമ്പോൾ വലിയ തുക ഒറ്റയടിക്ക് കണ്ടെത്തേണ്ടി വരും. വാലിഡിറ്റിയും നിരക്കും കൂടുതലായതിനാൽ, ഇന്റർനെറ്റ് വേണ്ടാത്തവർ പോലും ഇന്റർനെറ്റ് അടങ്ങിയ വാലിഡിറ്റി കുറഞ്ഞ പ്ലാനുകൾ വാങ്ങാൻ നിർബന്ധിതരായിരുന്നു. ഇതുസംബന്ധിച്ച് പരാതികളെത്തിയതോടെയാണ് വാലിഡിറ്റിയും നിരക്കും കുറഞ്ഞ പുതിയ പ്ലാനുകൾ കൊണ്ടുവരാൻ ട്രായ് നിർദേശിച്ചത്. എന്തുകൊണ്ട് ? നിലവിൽ കമ്പനികൾ നൽകുന്ന റീചാർജ് പ്ലാനുകൾ മിക്കതും വോയ്സ് കോൾ, എസ്എംഎസ്, ഇന്റർനെറ്റ്, ഒടിടി സബ്സ്ക്രിപ്ഷൻ എന്നിവ കൂട്ടിച്ചേർത്താണ്. ഡ്യുവൽ സിം ഉപയോഗിക്കുന്ന ഒരു വ്യക്തിക്ക് രണ്ട് നമ്പറിലും ഇന്റർനെറ്റ് സേവനം ആവശ്യമുണ്ടായേക്കില്ല. ഫീച്ചർ ഫോൺ ഉപയോഗിക്കുന്ന വ്യക്തിക്കും ഡേറ്റ ആവശ്യമില്ല. ഒരാൾക്ക് ഇന്റർനെറ്റ് അടങ്ങിയ പ്ലാൻ ആവശ്യമില്ലെങ്കിൽ വോയ്സ് കോളും എസ്എംഎസും മാത്രമുള്ള കുറഞ്ഞ പ്ലാൻ മതിയെന്നതായിരുന്നു 2024ലെ ട്രായിയുടെ ഉത്തരവിനു പിന്നിലെ ലക്ഷ്യം. വോയ്സും എസ്എംഎസും മാത്രം നൽകുന്ന പ്ലാൻ എങ്കിലും ഉറപ്പാക്കണമെന്നായിരുന്നു അന്നത്തെ ഉത്തരവ് (പരമാവധി കാലാവധി 365 ദിവസം). എന്നാൽ ഇത് ഉദ്ദേശിച്ച ഫലം കണ്ടില്ല.


Travel ⏭️

Back to top button