AUTO
ചരിത്രം കുറിച്ച് മാരുതി സുസുക്കി; പ്രതിമാസ വില്‍പന ആദ്യമായി 2 ലക്ഷം കടന്നു, വമ്പൻ കുതിപ്പ്!

ജൂലൈ മാസത്തെ വാഹനവില്‍പനയില്‍ റെക്കോഡ് നേട്ടവുമായി മാരുതി സുസുക്കി ഇന്ത്യ. കഴിഞ്ഞ വര്‍ഷത്ത അപേക്ഷിച്ച് കമ്പനിയുടെ ആകെ പ്രതിമാസ വില്‍പന 33.7 ശതമാനം വര്‍ധിച്ചാണ് 2,41,421 യൂണിറ്റിലേക്കെത്തിയിരിക്കുന്നത്. കമ്പനിയുടെ ചരിത്രത്തിലാദ്യമായി ഇന്ത്യയിലെ പ്രതിമാസ വില്‍പന രണ്ടു ലക്ഷം യൂണിറ്റ് കടന്ന്(2,00,12) സര്‍വകാല റെക്കോഡിലെത്തുന്നതും ജൂലൈ മാസത്തില്‍ സംഭവിച്ചു. അതേസമയം ജൂലൈ മാസത്തിലെ പാസഞ്ചര്‍ വാഹന വിഭാഗത്തിലെ ആഭ്യന്തര വില്‍പന 1,37,776 യൂണിറ്റില്‍ നിന്നും 1,96,203 യൂണിറ്റായി ഉയര്‍ന്നുവെന്നതാണ് ശ്രദ്ധേയം. മാരുതിയുടെ ജനപ്രിയ മോഡലുകളായ ബലേനോ, സ്വിഫ്റ്റ്, ഡിസയര്‍, വാഗണ്‍ആര്‍ എന്നിവ ഉള്‍പ്പെടുന്ന കോംപാക്ട്, മിഡ് സൈസ് വിഭാഗമാണ് വില്‍പനയില്‍ പ്രധാന നേട്ടം കൊയ്തത്. ഈ വിഭാഗങ്ങളില്‍ മാത്രം 90,822 യൂണിറ്റുകള്‍ വില്‍ക്കാന്‍ മാരുതി സുസുക്കിക്ക് സാധിച്ചു. യൂട്ടിലിറ്റി വാഹനങ്ങളുടെ(യുവി) വില്‍പനയിലും മികച്ച പ്രകടനമാണ് മാരുതി ജൂലൈയില്‍ നടത്തിയത്. ബ്രെസ, എര്‍ട്ടിഗ, ഫ്രോങ്ക്‌സ്, ഗ്രാന്‍ഡ് വിറ്റാര, ജിംനി, എക്‌സ്എല്‍6 എന്നിങ്ങനെയുള്ള ജനപ്രിയ മോഡലുകള്‍ ഉള്‍പ്പെടുന്ന എസ്‌യുവി-യൂട്ടിലിറ്റി വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷം 52,773 യൂണിറ്റുകളായിരുന്ന വില്‍പന 78,851 യൂണിറ്റിലേക്കാണ് ഉയര്‍ന്നത്. എന്‍ട്രി ലെവല്‍ വിഭാഗത്തിലും ഇരട്ടി നേട്ടം മാരുതി സ്വന്തമാക്കി. ആള്‍ട്ടോ, എസ് പ്രസോ എന്നിവ ഉള്‍പ്പെടുന്ന മിനി കാറുകളുടെ വില്‍പന 6,822 യൂണിറ്റില്‍ നിന്നും 12,632 യൂണിറ്റായാണ് വര്‍ധിച്ചത്. ഈക്കോ വാനിന്റെ വില്‍പന 13,896 യൂണിറ്റായും ചെറു വാണിജ്യ വാഹനങ്ങളുടെ വില്‍പന 3,920 യൂണിറ്റായും ഉയര്‍ന്നു.
Sports ⏭️


