AUTO
കുറഞ്ഞ വില, കൂടുതൽ റേഞ്ച്; ഒന്നല്ല മാരുതി എത്തുന്നത് രണ്ട് ഇലക്ട്രിക് കാറുകളുമായി

മാരുതി സുസുക്കി ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് വാഹന നിര വിപുലീകരിക്കുന്നതിന്റെ ഭാഗമായി പുതിയ ഇലക്ട്രിക് വാഹനങ്ങളുമായി മാരുതി സുസുക്കി എത്തുന്നു. വൈഎംസി എന്ന കോഡ്നാമത്തിൽ പുത്തൻ 3-വരി ഇലക്ട്രിക് എംപിവിയും ചെറു ഇലക്ട്രിക് കാറുമായിരിക്കും മാരുതി ഉടൻ വിപണിയിലെത്തിക്കുക. ഇലക്ട്രിക് എംപിവിഇ–വിറ്റാര നിർമിച്ചിരിക്കുന്ന ഹെർടെക്–ഇ പ്ലാറ്റ്ഫോമിൽ തന്നെയായിരിക്കും പുതിയ വാഹനവുമെത്തുക. സുസുക്കിയും ടൊയോട്ടയും സംയുക്തമായി വികസിപ്പിച്ച പ്ലാറ്റ്ഫോമാണ് ‘Heartect-e’. ഫ്ലാറ്റ് ഫ്ലോർ ലേഔട്ടോടെ എത്തുന്നതിനാൽ മൂന്നു നിരകളിലും കൂടുതൽ കാബിൻ സ്പേസും മികച്ച ലെഗ്‌റൂമും യാത്രാസുഖവും വാഗ്ദാനം ചെയ്യാൻ ഇതിന് സാധിക്കും. ഗുജറാത്തിലെ ഹൻസാൽപൂർ പ്ലാന്റിലായിരിക്കും മാരുതി ഈ വാഹനത്തിന്റെ ഉത്പാദനം നടത്തുക.പുതിയ ഇലക്ട്രിക് എംപിവി 49 kWh, 61.1 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിൽ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വലിയ ബാറ്ററി പാക്കിൽ ഒറ്റ ചാർജിൽ ഏകദേശം 500 കിലോമീറ്ററോളം റേഞ്ചും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിയർ-വീൽ ഡ്രൈവ് ലേഔട്ടിൽ എത്തുന്ന ഈ വാഹനത്തിൽ വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വെന്റിലേറ്റഡ് സീറ്റുകൾ, 360-ഡിഗ്രി ക്യാമറ, കൂടാതെ ലെവൽ-2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) തുടങ്ങിയ അത്യാധുനിക സുരക്ഷാ-കംഫർട്ട് ഫീച്ചറുകളും ഉൾപ്പെടുത്തും. വിപണിയിൽ എത്തുമ്പോൾ പ്രധാനമായും കിയ കാരൻസ് ഇവി, ബിവൈഡി ഇ-മാക്സ് 7 എന്നിവയോടായിരിക്കും ഈ വാഹനം മത്സരിക്കുക. കൂടാതെ, ഇതേ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കി ടൊയോട്ടയുടെ സ്വന്തം പതിപ്പും പിന്നാലെ വിപണിയിലെത്തും.ഇ–സ്കൈജാപ്പനീസ് വിപണിയിൽ പ്രദർശിപ്പിച്ച ചെറു ഇലക്ട്രിക് കാർ ഇ–സ്കൈയെ ഇന്ത്യൻ വിപണിയിൽ മാരുതി എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒറ്റ ചാർജിൽ 310 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ശേഷിയുള്ള ഈ ചെറുവാഹനം, പത്തു ലക്ഷം രൂപയിൽ താഴെയുള്ള വിലയിൽ മാരുതിയായി ഇന്ത്യയിലെത്തും. ജപ്പാനിലെ പ്രശസ്തമായ ‘കെയ് കാർ’പ്ലാറ്റ്‌ഫോമിലാണ് ഇ-സ്കൈ ഒരുങ്ങിയിരിക്കുന്നത്. കേവലം 3,395 മില്ലിമീറ്റർ മാത്രം നീളമുള്ള ഈ വാഹനത്തിന് എംജി കോമറ്റിനേക്കാൾ 421 എംഎം നീളവും മാരുതി ആൾട്ടോയേക്കാൾ ഒതുക്കമുള്ളതുമാണ്.വീതി 1,475 എംഎമ്മാണ് (കോമറ്റിനെക്കാൾ 30 എംഎം കൂടുതൽ), ഉയരംഏകദേശം 1,650 എംഎമ്മും. രണ്ട് ഡോറുകൾ മാത്രമുള്ള കോമറ്റിൽ നിന്ന് വ്യത്യസ്തമായി, നാലു ഡോറുകളും പ്രായോഗികമായ പിൻസീറ്റ് സൗകര്യവും നൽകിയിരിക്കുന്നു എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. റെട്രോ ഭംഗിയും ആധുനികതയും ഒത്തുചേരുന്ന കാഴ്ചയാണ് ഇ-സ്കൈയുടേത്. മുൻഭാഗത്തെ സി-ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളും പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും ഗ്ലോസി ബ്ലാക്ക് ഫിനിഷും വണ്ടിയുടെ ഭംഗി വർധിപ്പിക്കുന്നു. 26 കിലോവാട്ട് അവർ ശേഷിയുള്ള ബാറ്ററി പാക്കാണ് വാഹനത്തിന് കരുത്തുപകരുന്നത്. ഒറ്റത്തവണ പൂർണമായി ചാർജ് ചെയ്താൽ പരമാവധി 310 കിലോമീറ്റർ വരെ ദൂരം പിന്നിടാൻ ഇതിനാകും. ചെറിയ കാറാണെങ്കിലും നൂതന സാങ്കേതിക സൗകര്യങ്ങളുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും വരുത്തിയിട്ടില്ല. വയർലെസ് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും പിന്തുണയ്ക്കുന്ന 10.1 ഇഞ്ച് വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡിജിറ്റൽ ക്ലൈമറ്റ് കൺട്രോൾ, ക്രൂസ് കൺട്രോൾ എന്നിവ അകത്തളത്തെ സമ്പന്നമാക്കുന്നു. കൂടാതെ, ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, ഹിൽ-ഹോൾഡ് അസിസ്റ്റ്, എബിഎസ്, പാർക്കിങ് സെൻസറുകൾ, റിയർ ക്യാമറ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും യാത്രക്കാർക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നു.
Sports ⏭️


