NEWS

ക്യാഷ്വാലിറ്റിയിലെത്തിയ  രോഗിയോട്  മോശം പെരുമാറ്റം; വനിതാ ഡോക്‌ടർക്ക് കാരണം കാണിക്കൽ നോട്ടീസ്

ഡോ.രേഖാ കൃഷ്ണൻ

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർക്ക് കാരണം കാണിക്കൽ നോട്ടീസ്. ഡോക്‌ടർക്കെതിരെ വകുപ്പുതല അന്വേഷണം തുടരുകയാണ്. ഇതിനിടെയാണ് ആശുപത്രി സൂപ്രണ്ട് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

ആശുപത്രിയിലെ ക്യാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ ഡോ.രേഖാ കൃഷ്ണനെതിരെയാണ് നടപടി. പനിയും ശരീരവേദനയുമായി കഴിഞ്ഞ ദിവസം വൈകിട്ട് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ക്യാഷ്വാലിറ്റിയിൽ എത്തിയ രോഗിയോട് ‘ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല’ എന്ന ഡോക്ടറുടെ പ്രതികരണമാണ് വിവാദമായിരിക്കുന്നത്. പനിയും ശരീരവേദനയും എന്ത് എമർജൻസിയാണെന്ന് ഡോക്ടർ ചോദിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ആശുപത്രി സൂപ്രണ്ട് ഡോ. നിബിൻ കൃഷ്ണ വനിതാ ഡോക്ടർക്കെതിരെ ഡി.എം.ഒയ്ക്ക് അച്ചടക്ക നടപടിക്ക് ശുപാർശ നൽകിയിരുന്നു.

എമർജൻസി അസുഖക്കാർ മാത്രം എത്തിയാൽ മതിയെന്നും, പനി എമർജൻസി അല്ലെന്നും നോക്കാൻ സൗകര്യമില്ലെന്നും ഡോക്ടർ പറയുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്. ഹൃദയസംബന്ധമായ അസുഖമുള്ളയാളാണെന്നും ശരീരവേദനയുണ്ടെന്നും രോഗിയുടെ ഭാര്യ ഡോക്ടറോട് പറഞ്ഞപ്പോൾ കളിയാക്കുന്ന രീതിയിലായിരുന്നു പ്രതികരണം.

എന്നാൽ ഇതുസംബന്ധിച്ച് രോഗി ഇതുവരെ പരാതി നൽകിയിട്ടില്ലെന്നാണ് വിവരം. ഡോ.രേഖാ കൃഷ്ണനെ സർവീസിൽ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നെടുവത്തൂർ ശിവകുമാർ ആരോഗ്യ മന്ത്രിക്കും ഡയറക്ടർക്കും പരാതി നൽകിയിട്ടുണ്ട്. ഡോക്ടറുടെ മോശം പെരുമാറ്റം സംബന്ധിച്ച് പരാതികൾ ഉണ്ടായതിനെത്തുടർന്ന് 15 ദിവസം മുൻപ് ആരോഗ്യ വകുപ്പിന്റെ വിജിലൻസ് സംഘം ആശുപത്രിയിൽ പരിശോധന നടത്തിയിരുന്നു.

മറ്റൊരു പരാതിയിൽ ഡോ. രേഖാ കൃഷ്ണനെതിരെ ഡി.എം.ഒ അന്വേഷണം നടത്തുന്നുണ്ട്. പ്രഥമദൃഷ്ട്യാ ഡോക്‌ടറുടെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്നാണ് നിരീക്ഷണം. കാരണം കാണിക്കൽ നോട്ടീസിൽ ഡോക്‌ടറുടെ മറുപടി ലഭിച്ചതിനുശേഷമായിരിക്കും തുടർനടപടി സ്വീകരിക്കുക.

Read News ⏭️

Back to top button