SPORTS
യുവി ഇല്ല, ഭാജിയുടെ കീഴിലിറങ്ങിയ ഇന്ത്യയ്ക്ക് ഇംഗ്ലണ്ടിനോട് തോൽവി; ഒരോവറിൽ 26 റൺസടിച്ച് ഉത്തപ്പ, ചൗളയുടെ പോരാട്ടം വിഫലം

ഷാർജ ∙ ലോക ലെജൻഡ്സ് ചാപ്യൻഷിപ്പിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ചാംപ്യൻസിനു തോൽവി. ഇംഗ്ലണ്ട് ചാംപ്യൻസിനെതിരെ 21 റൺസിനാണ് ഇന്ത്യൻ ഇതിഹാസങ്ങൾ തോൽവി ഏറ്റുവാങ്ങിയത്. ഇംഗ്ലണ്ട് ഉയർത്തിയ 193 റൺസ് വിജയലക്ഷ്യം പിന്തടുർന്ന ഇന്ത്യയുടെ ഇന്നിങ്സ് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 171 റൺസിൽ അവസാനിക്കുകയായിരുന്നു. യുവരാജ് സിങ്ങിന്റെ അസാന്നിധ്യത്തിൽ ഹർഭജൻ സിങ്ങിന്റെ നേതൃത്വത്തിലാണ് ഇന്ത്യ ചാംപ്യൻസ് ടീം ഇറങ്ങിയത്. മറുപടി ബാറ്റിങ്ങിൽ, റോബിൻ ഉത്തപ്പ, നമാന ഓജ എന്നിവരാണ് ഓപ്പണർമാരായി ഇറങ്ങിയത്. ഉത്തപ്പ 3 സിക്സും 3 ഫോറും സഹിതം 12 പന്തിൽ 31 റൺസെടുത്തപ്പോൾ നമാൻ ഓജ രണ്ടു റൺസെടുത്ത് പുറത്തായി. രണ്ടാം ഓവറിൽ മാത്രം 26 റൺസാണ് ഉത്തപ്പ അടിച്ചുകൂട്ടിയത്. 31 പന്തിൽ 47 റൺസെടുത്ത അമ്പാട്ടി റായിഡുവാണ് ഇന്ത്യൻ ഇന്നിങ്സിലെ ടോപ് സ്കോറർ. സ്റ്റുവർട്ട് ബിന്നി ‘സംപൂജ്യനായി’ പുറത്തായപ്പോൾ യൂസഫ് പഠാൻ 4 റൺസും ഇർഫാൻ പഠാൻ 10 റൺസുമെടുത്ത് പുറത്തായി. ആദ്യ മത്സരത്തിൽ ഓസ്ട്രേലിയ ചാംപ്യൻസിനെതിരെ 46 റൺസിന് ഇന്ത്യ ചാംപ്യൻസ് വിജയിച്ചിരുന്നു. ക്യാപ്റ്റൻ യുവരാജ് സിങ്ങിന്റെ (44 പന്തിൽ 71) ബാറ്റിങ്ങാണ് ഇന്ത്യയ്ക്കു വിജയം സമ്മാനിച്ചത്. നാളെ ദക്ഷിണാഫ്രിക്ക ചാംപ്യൻസിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഈ മാസം 18 വരെ ലോക ലെജൻഡ്സ് ചാംപ്യൻഷിപ്.
Auto ⏭️




